22 October Tuesday
90ശതമാനം സർവേ പൂർത്തിയാക്കി

മഴക്കെടുതി സഹായം: 11,333 അപേക്ഷകർ

സ്വന്തം ലേഖകൻUpdated: Wednesday Sep 18, 2019
പാലക്കാട്‌
പ്രളയക്കെടുതി നേരിട്ടവർക്കുള്ള അടിയന്തര ധനസഹായ വിതരണത്തിന്‌ നടപടി പൂർത്തിയാകുന്നു. വീടുകൾ ഭാഗികമായോ പൂർണമായോ നശിച്ചവർക്കാണ്‌ സഹായം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവരും വീടുകളിൽ വെള്ളം കയറി നഷ്ടം സംഭവിച്ചവരുമായ 11,333 അപേക്ഷകരാണ്‌   പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്‌. ഇവരുടെ വീടുകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു.
 മഴക്കെടുതിയിൽ നാശനഷ്‌ടം സംഭവിച്ച 90 വീടുകളുടെയും കണക്കെടുപ്പ്‌ പൂർത്തിയായി. ശേഷിക്കുന്നവ ഒരാഴ്‌ചയ്‌ക്കകം പൂർത്തിയാക്കി വിവരങ്ങൾ ലാൻഡ്‌ റവന്യു കമീഷണറേറ്റിൽ നൽകും. കൂടുതൽ അപേക്ഷകരുള്ളത്‌ തൃത്താലയിലാണ്‌ 775 പേർ, രണ്ടാമത്‌ പാലക്കാട്‌ നഗരപരിധിയിലാണ്‌ 770 പേർ, മുതുതല പഞ്ചായത്തിൽ 570 പേരാണ്‌ നാശം സംബന്ധിച്ച അപേക്ഷ നൽകിയിട്ടുളളത്‌. 
സർവേ നടപടി പൂർത്തിയാകുന്ന മുറയ്‌ക്ക്‌ അർഹരായവർക്ക്‌ ധനസഹായം ലഭ്യമായിത്തുടങ്ങും. നാശം സംബന്ധിച്ച പഠനം നടത്താൻ വില്ലേജ്‌ ഓഫീസർ, പഞ്ചായത്ത്‌ സെക്രട്ടറി, ഡ്രാഫ്‌റ്റ്‌സ്‌മാൻ, ഫോട്ടോഗ്രാഫർ എന്നിവരടങ്ങുന്ന നാലംഗ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പുകളിലുണ്ടായിരുന്നവർ ഉൾപ്പെടെയാണ്‌ 11,333 അപേക്ഷകർ. 
വീട്‌ തകർന്നവർക്ക്‌ തകർച്ചയുടെ തോത്‌ അനുസരിച്ചാണ്‌ സഹായം. വീടുകൾക്ക്‌ 15 ശതമാനം കേടുപാട്‌ സംഭവിച്ചവർക്ക്‌ 10,000 രൂപയും 25 ശതമാനം തകർന്നവർക്ക്‌ 50,000 രൂപ എന്നിങ്ങനെയാണ്‌ സഹായം. മഴക്കെടുതിയെത്തുർന്ന്‌ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞത്‌ 3,594 കുടുംബങ്ങളാണ്‌. പാലക്കാട് –-734, ചിറ്റൂർ–- 34, ആലത്തൂർ –-688, ഒറ്റപ്പാലം–- 630, മണ്ണാർക്കാട് –-725, പട്ടാമ്പി–- 783 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ ക്യാമ്പുകളിൽ കഴിഞ്ഞ കുടുംബങ്ങളുടെ എണ്ണം. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർ, 15 ശതമാനം മുതൽ 100 ശതമാനംവരെ തകർച്ച നേരിട്ട വീടുകളിലുള്ളവർ, അപകടം മുന്നിൽക്കണ്ട് മാറി താമസിച്ചവർ ഉൾപ്പെട്ട കുടുംബങ്ങളാണ് ധനസഹായത്തിന് അർഹർ. ഒറ്റയ്ക്കും കുടുംബമായും ക്യാമ്പിൽ രജിസ്റ്റർ ചെയ്ത അതിഥി തൊഴിലാളികൾക്കും ധനസഹായത്തിന് അർഹതയുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top