23 January Wednesday
ഇന്ന‌് ലോക മുളദിനം

മുളയുടെ തോഴി

പി കെ സുമേഷ്Updated: Tuesday Sep 18, 2018

നൈന ഫെബിൻ

പട്ടാമ്പി
മുളയുടെ തോഴി. അങ്ങനെ അറിയപ്പെടാനാണ് അവൾക്കിഷ്ട്ടം. പ്രകൃതിയെയും പരിസ്ഥിതിയെയും ഏറെ സ്നേഹിക്കുന്ന കലാകാരി, കൊട്ടിയും പാടിയും ലഭിക്കുന്ന വരുമാനം മുളവൽക്കരണത്തിന് ഉപയോഗിക്കുകയാണ‌്. സമൂഹം കളയായി കണ്ട് നശിപ്പിച്ച് കളയുന്ന മുളകളെ ആവേശത്തോടെ നെഞ്ചേറ്റുകയാണ് നൈന ഫെബിൻ എന്ന കൊച്ചു മിടുക്കി. 
തൃത്താല കൊപ്പം 'നിനവ് ' വീട്ടിൽ ഫാർമസിസ്റ്റ് ഹനീഫയുടെയും കുളമുക്ക് എഎംഎൽപി സ്കൂൾ അധ്യാപിക സബിതയുടെയും മകളാണ‌് നൈന ഫെബിൻ . കൊപ്പം ജിവിഎച്ച് എസ്എസ്സിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ നൈനക്ക് മുളകളോട് പ്രിയമുണ്ടായിരുന്നു. ഇതോടൊപ്പം നാടൻവാദ്യകലകളായ ചെണ്ട, തുടി, മരം എന്നിവയിൽ പ്രാവീണ്യം നേടുകയും ചെയ്തു. 
മുളയെ സംരക്ഷിക്കേണ്ട ആവശ്യകതയിലേക്ക‌് വിരൽചൂണ്ടുകയാണ് നൈന ഫെബിൻ. താൻ ആർജ്ജിച്ച മേളപ്പെരുമകളെ ചേർത്ത‌് കേരളക്കരയാകെ ചുറ്റി ആടിയും പാടിയും സമൂഹത്തോട് പറഞ്ഞു കൊണ്ടേയിരിക്കുന്നു. 'മുള പ്രകൃതിയും ജീവിത താളവുമാണെന്ന്’.
തന്റെ പിറന്നാൾ ദിനമായ 2017 ജൂലായ് 28 മുതൽ ഒരു വർഷം നീണ്ട ദൗത്യത്തിലായിരുന്ന‌ു നൈന. വിവിധ ജില്ലകളിലിൽ 1001 മുള തൈകൾ നട്ടുപിടിപ്പിക്കുകയായിരുന്നു ലക്ഷ്യം. പുഴയോരങ്ങൾ, വിവിധ ക്ലബുകൾ, പൊതു ഇടങ്ങൾ, വിദ്യാലയങ്ങൾ, സാംസ‌്കാരികകേന്ദ്രങ്ങൾ എന്നിവയാണ് തെരഞ്ഞെടുത്തത്. ഈ ആഗസ‌്തിൽ നൈന മറ്റൊരു പദ്ധതിക്ക് തുടക്കമിട്ടു. ഒരു വീട്ടിൽ ഒരു മുള എന്ന ലക്ഷ്യത്തോടെയുളള 'മുളപ്പച്ച’ എന്ന ശ്രമകരമായ പദ്ധതിയ‌്ക്കാണ‌് ഈ ഗായിക തുടക്കം കുറിച്ചിരിക്കുന്നത്. 
ബിലാത്തി മുള, ഓടൻ മുള, കല്ലൻമുള, ബുദ്ധമുള, നാട്ടുകാണി മുള തുടങ്ങിയ മുളകളാണ് വീടുകളിൽ നൽകുന്നത്. തൃശൂർ പീച്ചിയിലുള്ള മുള ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് പ്രധാനമായും മുളം തെെകൾ വാങ്ങുന്നത്. 
‘‘നമ്മൾ മുളകളെ നശിപ്പിച്ചു കളഞ്ഞിരുന്നില്ല എങ്കിൽ ഈ പ്രളയകാലത്ത് അവ നമുക്ക് സഹായകമാകുമായിരുന്നു. പരിസ്ഥിതിയെ തകർക്കുന്ന കോൺക്രീറ്റ് മാറ്റി ബാംബു ഉപയോഗിച്ച് വീടുകൾ പണിയാം. അവ പ്രകൃതിയ്ക്ക് ഏറെ ഗുണം ചെയ്യും. ചെലവു കുറക്കുകയും ചെയ്യാം’’ നൈന ഫെബിൻ പറയുന്നു.
ഭാരിച്ച ചെലവു വരുന്ന നൈനയുടെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത് തിരുവേഗപ്പുറ കേന്ദ്രമായി പ്രവർത്തിക്കുന്ന തന്റെ മുളവാദ്യ സംഘമായ 'ഒച്ച,' ദി ബാംബു സെയിന്റ്സിലൂടെ കലാപരിപാടികൾ അവതരിപ്പിച്ചാണ്. 
കൊണ്ടോട്ടിയിലെ നിലാവ് നാട്ടറിവ് പഠനകേന്ദ്രത്തിലും നൈന സജീവമാണ്. ബാലസംഘം ആമയൂർ വില്ലേജ് സെക്രട്ടറിയാണ് നൈന ഫെബിൻ. കലോത്സവ വേദികളിൽ നിരവധി പുരസ‌്കാരങ്ങളും ഈ കൊച്ചു മിടുക്കി നേടിയിട്ടുണ്ട്. എല്ലാത്തിനും പിന്തുണ നൽകി മതാപിതാക്കളും അനുജൻ ജിത്തുവും അവൾക്കൊപ്പം ഉണ്ട്. 
'എനിക്ക് മുളയുടെ തോഴി എന്ന് അറിയപ്പെടാനാണ് ആഗ്രഹം. അങ്ങിനെ പ്രകൃതിക്കൊരു കുഞ്ഞു കൈത്താങ്ങാവണം എന്നും കൊച്ചുമിടുക്കി പറയുന്നു.
പ്രധാന വാർത്തകൾ
 Top