22 May Wednesday
ഉരുൾപൊട്ടൽ

3 മൃതദേഹങ്ങൾ കിട്ടി; രണ്ടുപേർക്കായി തെരച്ചിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018
പാലക്കാട‌് 
ജില്ലയിൽ രണ്ടിടത്തുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ അഞ്ചുപേർക്കായി നടത്തിയ തെരച്ചിലിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ വെള്ളിയാഴ‌്ച കിട്ടി. നെന്മാറ അളുവശേരിയിൽനിന്ന‌് രണ്ടുപേരുടെയും മണ്ണാർക്കാട‌് കോട്ടോപ്പാടം കരടിയോട‌് ഒരാളുടെ  മൃതദേഹവുമാണ‌് കിട്ടിയത‌്. അളുവശേരിയിൽ ചേരിങ്കാട് ആതനാട്കുന്നിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ സുന്ദരന്റെ മകൻ സുധിൻ(20), അനിത –അനിൽ ദമ്പതിമാരുടെ മകൾ ആത്മിക( മൂന്നര) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഏഴ‌്പേരുടെ മൃതദേഹങ്ങളാണ‌് കിട്ടിയത‌്.  ഇനി ഒരാൾക്കായി തെരച്ചിൽ തുടരുന്നു. ആത്മികയുടെ മൃതദേഹം തല വേർപെട്ട നിലയിൽ രാവിലെ ഒമ്പതിനാണ‌് കണ്ടെത്തിയത‌്. തെരച്ചിലിനെത്തുടർന്ന് ഒരുമണിക്കൂറിനു ശേഷം തലയും കണ്ടെത്തി. സുധിന്റെ മൃതദേഹം പകൽ 11ന് വീട് തകർന്ന സ്ലാബിനടിയിൽ നിന്നാണ് കണ്ടെത്തിയത്. മണ്ണാർക്കാട‌് കോട്ടോപ്പാടത്ത‌് കരടിയോട‌് ആദിവാസി കോളനിയിൽ തമ്പിയുടെ ഭാര്യ ചാത്തിയുടെ മൃതദേഹമാണ‌് കിട്ടിയത‌്. തമ്പിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കിട്ടിയിരുന്നു. ഇവരുടെ പേരക്കുട്ടി
വാണി(8)ക്കായി തെരച്ചിൽ തുടരുകയാണ‌്.  ഇതോടെ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. മഴക്കെടുതി വെള്ളിയാഴ‌്ചയും തുടരുകയാണ‌്. പട്ടാമ്പിയിൽ ഒഴുക്കിൽപ്പെട്ട‌് കാണാതായയാളുടെ മൃതദേഹം വെള്ളിയാഴ‌്ച കിട്ടി. 
പട്ടാമ്പിയിലെ സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരനായ പട്ടാമ്പി വടക്കുമുറി ശിവദാസൻ(48)ആണ് മരിച്ചത്. ജോലി കഴിഞ്ഞ് രാത്രി പത്തോടെ വീട്ടിൽ എത്താറുള്ള ശിവദാസനെ കാണാതായപ്പൊൾ, വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വെള്ളിയാഴ്ച പ്രദേശത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വ്യാഴാഴ‌്ച രാവിലെ ജോലിക്കു പോകുമ്പോൾ പ്രദേശത്ത് വെള്ളക്കെട്ടുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട‌്. അവിവാഹിതനാണ്. അമ്മ: മാധവിക്കുട്ടിയമ്മ. സഹോദരങ്ങൾ: രാമദാസ്, പ്രസന്ന, ലത, സുരേഷ്, ഗിരീഷ്(പട്ടാമ്പി നഗരസഭാ കൗൺസിലർ, സിപിഐ എം ശങ്കരമംഗലം ലോക്കൽ കമ്മിറ്റിയംഗം).
മഴയുടെ ശക്തി കുറഞ്ഞെങ്കിലും പലയിടത്തും വെള്ളം ഇറങ്ങിയിട്ടില്ല. തൃത്താല കൂടല്ലൂരിൽ ഭാരതപ്പുഴ ഗതിമാറി ഒഴുകിയപ്പോൾ ആനക്കര, പട്ടിത്തറ മേഖലകൾ ഒറ്റപ്പെട്ടു. ഇവിടെ നിരവധിപേർ ദുരിതാശ്വാസ ക്യാമ്പിലാണ‌്.  ഭാരതപ്പുഴയിലെ ഒഴുക്കിനെത്തുടർന്ന‌് പട്ടാമ്പി പാലത്തിന‌് ബലക്ഷയമുണ്ടായി. ഇതുവഴി തൃശൂർ– ഗുരുവായൂർ ഭാഗത്തേക്കുള്ള ബസ‌് സർവീസ‌് രണ്ട്‌ ദിവസമായി തടസപ്പെട്ടിരിക്കുകയാണ്‌. കുതിരാനിൽ മലയിടിഞ്ഞതിനെത്തുടർന്ന‌് രക്ഷാപ്രവർത്തനം തുടരുകയാണ‌്. എന്നാൽ വീണ്ടും മണ്ണിടിയുന്നതിനാൽ ഗതാഗതം പുനഃസ്ഥാപിക്കുന്നത‌് വൈകും. ഇതോടെ തൃശൂർ ഭാഗത്തേക്കുള്ള യാത്ര മുടങ്ങി. കുതിരാനിൽ കുടുങ്ങിയ നൂറ‌ുകണക്കിന‌് ലോറികളിലെ ജീവനക്കാർക്ക‌് സമീപത്തുള്ള വീട്ടുകാർ പൊതിച്ചോറ‌് നൽകിയാണ‌് സഹായിച്ചത‌്. വഴിയരികിൽ കടകളെല്ലാം അടഞ്ഞ‌ുകിടക്കുകയാണ‌്. 
 വെള്ളിയാഴ‌്ചമാത്രം 14 ഓളം ട്രെയിനുകൾ റദ്ദാക്കിയതോടെ തൃശൂർ മുതലുള്ള ജില്ലകളിലേക്ക‌് പാലക്കാട്ടുനിന്ന‌് യാത്ര മുടങ്ങി. തമിഴ‌്നാട്ടിൽനിന്ന‌് ഓണാവധിക്ക‌് നാട്ടിലേക്ക‌് വന്ന നിരവധി മലയാളികൾ യാത്ര തുടരാനാകാതെ തിരിച്ചുപോയി. 
അട്ടപ്പാടി ചുരത്തിൽ വീണ്ടും മണ്ണിടിഞ്ഞ‌് ആറിടത്ത‌് റോഡിൽ മൺകൂനകളായി. കേയമ്പത്തൂരിൽനിന്നുള്ള ഫയർഫോഴ‌്സ‌ും ഇവിടെ രക്ഷാപ്രവർത്തനത്തിന‌് കേരള പൊലീസിനെയും ഫയർ ഫോഴ‌്സിനേയും സഹായിക്കുന്നുണ്ട‌്.  ആളിയാറിൽനിന്ന‌് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ‌് കുറച്ചതോടെ ചിറ്റൂരിലും പരിസരപ്രദേശങ്ങളിലും ദുരിതത്തിന‌് അൽപ്പം ശമനമായി.  
കേരളത്തിലേക്കുള്ള ചരക്ക‌ുലോറികൾ വ്യാഴാഴ‌്ച രാവിലെ മുതൽ വാളയാറിൽ തടഞ്ഞിട്ടു. കുതിരാനിലെ മണ്ണിടിച്ചിലും കോഴിക്കോട‌് ഭാഗത്തേക്കുള്ള തടസ്സവും കാരണം ചരക്കുലോറികൾക്ക‌് സഞ്ചരിക്കാനായില്ല. തമിഴ‌്നാട‌് പൊലീസും കസബ, വാളയാർ പൊലീസും അതിർത്തിയിൽ ലോറി തടഞ്ഞ‌് കോയമ്പത്തൂർ അതിർത്തിയായ ചാവടി മുതൽ വഴിയരികിൽ നിർത്തി. 
റോഡുകൾ പലതും തകരുകയും ഗാതാഗതം മുടങ്ങുകയും ചെയ‌്തതോടെ ചരക്ക‌് നീക്കം നിലച്ചു. ഇതിനാൽ ഇന്ധനക്ഷാമവും തുടങ്ങി. പെട്രോൾപമ്പുകൾ പതിനായിരം ലിറ്റർ ഡീസലെങ്കിലും കരുതിവയ‌്ക്കണമെന്ന‌് കലക്ടർ നിർദേശിച്ചിട്ടുണ്ട‌്. പാലക്കാട‌് ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക‌് സഹായിക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎൽ രണ്ട‌് ടെട്രാ ട്രക്ക‌് വാഹനങ്ങൾ ശനിയാഴ‌്ച രാവിലെ കലക്ടർക്ക‌് കൈമാറും. 
റോഡില്ലാത്തിടത്തും സഞ്ചരിക്കാൻ കഴിയുന്ന, സൈന്യം ഉപയോഗിക്കുന്ന വാഹനങ്ങളാണിത‌്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക‌് വൈദ്യസഹായവും മരുന്നും ലഭ്യമാക്കാൻ ഇതര സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളേജുകളും തയ്യാറായിവന്നിട്ടുണ്ട‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top