28 September Tuesday
കിൻഫ്ര ടെക്‌സ്‌റ്റൈൽ പാർക്ക്‌

100 തികച്ച്‌ മുന്നോട്ട്‌

വേണു കെ ആലത്തൂർUpdated: Sunday Jul 18, 2021
പാലക്കാട്‌
കഞ്ചിക്കോട്‌ കിൻഫ്ര ടെക്‌സ്‌റ്റൈൽ പാർക്കിൽ വ്യവസായ യൂണിറ്റുകൾ നൂറ്‌ കടക്കുന്നു. തികഞ്ഞ സൗഹൃദ അന്തരീക്ഷത്തോടാെപ്പം അടിസ്ഥാന സൗകര്യങ്ങളുടെ മികവും ഇവിടേക്ക്‌ വ്യവസായ യൂണിറ്റുകളെ ആകർഷിക്കുന്നു‌. വ്യവസായ മേഖലയിൽ വൈസ്‌ പാർക്കിൽ 216 ഏക്കറിൽ സ്ഥാപിച്ച ടെക്‌സ്‌റ്റൈൽ പാർക്കിൽ ആറ്‌ വർഷത്തിനകമാണ്‌ നൂറ്‌ വ്യവസായ യൂണിറ്റുകൾ എത്തിയത്‌. ഇതിൽ 73 എണ്ണം പ്രവർത്തനക്ഷമമായി. 27 എണ്ണം നിർമാണത്തിലാണ്‌. 
സർക്കാരിന്റെയോ തൊഴിലാളികളുടേയോ ഇടപെടൽകൊണ്ട്‌ ഒരു വ്യവസായ യൂണിറ്റും നിർത്തേണ്ടിവന്നിട്ടില്ല. കേരളത്തിലെ വ്യവസായ അന്തരീക്ഷം എത്രത്തോളം മികച്ചതാണെന്ന്‌ തെളിയിക്കുകയാണ് ഈ‌ ടെക്‌സ്‌റ്റൈൽ പാർക്ക്‌. റോഡ്‌, വൈദ്യുതി, വെള്ളം എല്ലാം സുലഭം. ഒരു കാരണവശാലും വൈദ്യുതി മുടങ്ങില്ല എന്നതും പ്രത്യേകതയാണ്‌. കാറ്റിൽ നിന്നുള്ള വൈദ്യുതിയും കെഎസ്‌ഇബിയും നൽകുന്നു. ഹൈടെൻഷൻ വൈദ്യുതി ഉപഭോക്താക്കൾക്ക്‌  കിനെസ്‌കോയും ലോ ടെൻഷൻ ഉപഭോക്താക്കൾക്ക്‌ കെഎസ്‌ഇബിയുമാണ്‌ വൈദ്യുതി നൽകുന്നത്‌. 24 മണിക്കൂറും സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യവുമുണ്ട്‌.
വ്യവസായ യൂണിറ്റുകൾക്ക്‌ 30 വർഷത്തേക്ക്‌ പാട്ടത്തിനാണ്‌‌ സ്ഥലം അനുവദിക്കുക. ഇത്‌ 90 വർഷം വരെ പുതുക്കാം. സ്ഥലം അനുവദിച്ച്‌ രണ്ട്‌ വർഷത്തിനകം യൂണിറ്റ്‌ തുടങ്ങണം. അല്ലെങ്കിൽ സർക്കാർ തിരിച്ചെടുക്കും. റോഡ്‌, മറ്റ്‌ അടിസ്ഥാന സൗകര്യങ്ങൾ, കാറ്റാടി യന്ത്രങ്ങൾ, അഡ്‌മിനിസ്‌ട്രേറ്റീവ്‌ കെട്ടിടങ്ങൾ എന്നിവയ്‌ക്കുള്ള സ്ഥലം കഴിച്ച്‌ 116 ഏക്കർ വ്യവസായ യൂണിറ്റുകൾക്ക്‌ അനുവദിച്ചിട്ടുണ്ട്‌. 120 യൂണിറ്റുകൾ വരെ ഇവിടെ തുടങ്ങാം. ഒരുവർഷത്തിനകം ബാക്കിയുള്ള സ്ഥലത്തും വ്യവസായ യൂണിറ്റ്‌ എത്തുമെന്നാണ്‌ കിൻഫ്ര മാനേജ്‌മെന്റ്‌ പ്രതീക്ഷിക്കുന്നത്‌. വ്യവസായ വകുപ്പിന്‌ കീഴിലാണ്‌ പാർക്ക്. എല്ലാത്തരം വ്യവസായ യൂണിറ്റുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. 
ഭക്ഷ്യം, ഗൃഹോപകരണങ്ങൾ, എൻജിനിയറിങ് തുടങ്ങിയവയുടെ നിർമാണ യൂണിറ്റുകളാണ്‌ ഏറെയും. 
 
100 ‌പേർക്ക്‌ തൊഴിൽ ലക്ഷ്യവുമായി 
നൂറാം യൂണിറ്റ്‌ സിംപ്ലക്‌സ് 
കിൻഫ്ര ടെക്‌സ്‌റ്റൈൽ പാർക്കിൽ നൂറാമത്തെ വ്യവസായ യൂണിറ്റായി വാതിലുകൾ, ജനലുകൾ എന്നിവ നിർമിക്കുന്ന സിംപ്ലക്‌സ്‌ യൂണിറ്റ്‌ ഒരുങ്ങുന്നു. നൂറ്‌പേർക്ക്‌ തൊഴിൽ നൽകാനാകുമെന്ന്‌ യൂണിറ്റ്‌ ഉടമ കെ ഹബീഷ്‌ പറഞ്ഞു. 55 സെന്റ്‌ സ്ഥലമാണ്‌ ഇതിനായി എടുത്തത്‌. 
നിലവിൽ പത്തിരിപ്പാലയിൽ രണ്ട്‌ കമ്പനികളായി പ്രവർത്തിക്കുന്ന യൂണിറ്റാണ്‌ ഇവിടേക്ക്‌ മാറ്റുക. വ്യവസായം വിപുലീകരിക്കാൻ ലക്ഷ്യമിട്ടാണ്‌ കിൻഫ്രയിലേക്ക്‌ മാറുന്നത്‌. രണ്ട്‌ മാസത്തിനകം നിർമാണം തുടങ്ങാൻ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നും ഹബീഷ്‌ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top