29 July Thursday
പെരുമാട്ടിയിൽ രണ്ടാംതല ചികിത്സാകേന്ദ്രം തുറന്നു

കോവിഡ് പ്രതിരോധത്തിന് ഉണർവേകും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

പ്ലാച്ചിമട കൊക്കകോള പ്ലാന്റിൽ ആരംഭിച്ച രണ്ടാംതല കോവിഡ് ചികിത്സാ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസ് വഴി ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി കെ കൃഷ്ണൻ കുട്ടി, കെ ബാബു എംഎൽഎ, കലക്ടർ മൃൺമയി ജോഷിഎന്നിവർ വേദിയിൽ

പാലക്കാട്
പെരുമാട്ടിയിലെ പ്ലാച്ചിമട കൊക്കക്കോള കമ്പനിയിൽ ആരംഭിച്ച രണ്ടാംതല കോവിഡ് ചികിത്സാകേന്ദ്രം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ ഉണർവാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊക്കകോള കമ്പനിയിൽ ഒരുക്കിയ കോവിഡ് ചികിത്സാ കേന്ദ്രം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
20 വർഷമായി അടച്ചിട്ട കൊക്ക കോള പ്ലാന്റിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി നൽകിയത്‌ ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് ലിമിറ്റഡ് ആണ്‌. സിഎസ്ആർ ഉദ്യമത്തിന്റെ ഭാഗമായി മെച്ചപ്പെടുത്തിയ ശേഷമാണ് കെട്ടിടം ജില്ലാ ഭരണകേന്ദ്രത്തിന്‌ വിട്ടു നൽകിയത്. മാതൃകാപ്രവർത്തനത്തിന് മുൻകൈയെടുത്ത കമ്പനിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. 
മെയ് മാസം പകുതിയിൽ സംസ്ഥാനത്തെ രോഗസ്ഥിരീകരണ നിരക്കിൽ ഒന്നാമത് പാലക്കാട് ജില്ലയായിരുന്നു. ഈ പ്രതിസന്ധിഘട്ടത്തെ നേരിടാൻ ജില്ലയിൽ കാര്യക്ഷമമായ ഇടപെടലുണ്ടായെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. 
53 ഗൃഹവാസ പരിചരണ കേന്ദ്രങ്ങൾ, ഒമ്പത് ഒന്നാംതല കോവിഡ്‌ ചികിത്സാകേന്ദ്രങ്ങൾ, നാല് രണ്ടാംതല കോവിഡ്‌ ചികിത്സാകേന്ദ്രങ്ങൾ, ഒമ്പത് കോവിഡ് ആശുപത്രികൾ എന്നിവ സജ്ജമാക്കി. ഇതിനുപുറമേ 18 സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികളെ ചികിത്സിക്കാൻ സൗകര്യം ഒരുക്കിയ  സാഹചര്യം നിലനിൽക്കുമ്പോഴാണ് ഹിന്ദുസ്ഥാൻ കൊക്ക കോള ബിവറേജസ് ലിമിറ്റഡ് പ്ലാച്ചിമടയിലെ ക്യാമ്പസ് കോവിഡ് ചികിത്സ സൗകര്യം ഒരുക്കുന്നതിന് വിട്ടു നൽകാൻ തയ്യാറായത്. വൈദ്യുതി   മന്ത്രി കെ കൃഷ്ണൻകുട്ടി ഇതിനുവേണ്ടി കാര്യക്ഷമമായി ഇടപെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി.
34 ഏക്കറിൽ 35,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണുള്ളത്. ഇവിടെ 550 കിടക്കകൾ ഒരുക്കിയിട്ടുണ്ട്‌. ഇതിൽ ഓക്‌സിജൻ സൗകര്യമുള്ള 100 കിടക്കകൾ, വെന്റിലേറ്റർ സൗകര്യമുള്ള 20 കിടക്കകൾ, 50 ഐസിയു കിടക്കകൾ എന്നിവ സജ്ജമാക്കി. 
എയർ കണ്ടീഷണറോടു കൂടിയ റെഡിമെയ്ഡ് ക്യാബിനുകൾ, എല്ലാ ബെഡുകളിലും ആവശ്യാനുസൃതമായ ഓക്‌സിജൻ സിലിണ്ടർ സഹായം, രണ്ട് കെഎൽവരെ ശേഷി ഉയർത്താവുന്ന ഒരു കെഎൽ ഓക്‌സിജൻ ടാങ്ക്, പോർട്ടബിൾ എക്‌സ്‌റേ കൺസോൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് ഒ പി, ഫാർമസി എന്നിവയും സജ്ജമായിട്ടുണ്ട്‌.  
ഉദ്ഘാടനത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് മുഖ്യാതിഥിയായി.
കെ ബാബു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി മുരുകദാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ റിഷ പ്രേംകുമാർ, എം സതീഷ്, ജോഷി ബ്രിട്ടോ, എസ് പ്രിയദർശിനി, എസ് അനീഷ,  ബാലഗംഗാധരൻ, പി എസ് ശിവദാസ്, കലക്ടർ മൃൺമയി ജോഷി, ഡിഎംഒ കെ പി റീത്ത എന്നിവർ പങ്കെടുത്തു.
​കൂട്ടായ ശ്രമഫലം
ജനവാസ, -വ്യാപാരമേഖലകളിൽനിന്ന്‌ അകന്നാണ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. അതിനാൽത്തന്നെ കോവിഡ് ചികിത്സയ്ക്ക്  അനുയോജ്യമായ കേന്ദ്രമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
നാലാഴ്ചകൊണ്ടാണ് രണ്ടാംതല കോവിഡ്‌ചികിത്സാകേന്ദ്രങ്ങൾ യാഥാർഥ്യമാക്കിയത്. ആകെ 1.10 കോടി രൂപ ചെലവിലാണ് നിർമിച്ചത്‌. ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുഖേന ജില്ലാ ഭരണകേന്ദ്രം 30 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷംരൂപയും എട്ട് പഞ്ചായത്തുകൾ 10ലക്ഷംരൂപവീതം ആകെ 80 ലക്ഷംരൂപയും പദ്ധതിക്ക്‌ നൽകി. 
ഇതുകൂടാതെ കേരള ആൽക്കഹോളിക് പ്രൈവറ്റ് ലിമിറ്റഡ്, പ്രിൻസ് മൈദ, പെരുമാട്ടി സർവീസ് കോ–- ഓപ്പറേറ്റീവ് ബാങ്ക്, ചിറ്റൂർ സർവീസ് കോ-–-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയും സ്‌പോൺസർ ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത് പാലക്കാട് നിർമിതി കേന്ദ്രയും മെഡിക്കൽ ഓക്‌സിജൻ ടാങ്ക് സജ്ജമാക്കിയത് ശ്രീ വെങ്കിടേശ്വര ഗ്യാസ് ഏജൻസിയുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top