04 August Wednesday

കെഎസ്‌ആർടിസി ഓടിത്തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് കോട്ടയത്തേക്ക് കുറഞ്ഞ യാത്രക്കാരുമായി യാത്ര ആരംഭിക്കുന്ന ബസ്

പാലക്കാട്‌
ലോക്ഡൗണിൽ ഇളവ്‌ വന്നതോടെ കെഎസ്‌ആർടിസി ജില്ലയിൽ കൂടുതൽ സർവീസ്‌ നടത്തി. ചില ദീർഘദൂര സർവീസുകളിലൊഴികെ മറ്റ്‌ സർവീസുകളിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. കോവിഡ്‌ ഭീതിയും, മഴയുമാണ്‌ യാത്രക്കാരുടെ എണ്ണം കുറയാൻ കാരണം. വരുംദിവസങ്ങളിൽ കൂടുതൽ സ്വകാര്യ സ്ഥാപനങ്ങൾ തുറക്കുന്നതോടെ യാത്രക്കാർ കൂടുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതർ. വ്യാഴാഴ്ച പാലക്കാട്‌ ഡിപ്പോയിൽനിന്ന്‌ 30 സർവീസാണ്‌ നടത്തിയത്‌. അഞ്ച്‌ ബസ്‌ ഓൺ ഡിമാൻഡ്‌ സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. 
രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെ പാലക്കാട്‌ –-തൃശൂർ, പാലക്കാട്‌– കോഴിക്കോട്‌ റൂട്ടുകളിൽ അര മണിക്കൂർ ഇടവിട്ട്‌ സർവീസ്‌ നടത്തി. തിരുവനന്തപുരം, എറണാകുളം, കോട്ടയം സർവീസുകളും നടത്തി.- രാവിലെയും വൈകിട്ടും ഗുരുവായൂർ റൂട്ടിൽ അര മണിക്കൂർ ഇടവിട്ട്‌ കെഎസ്‌ആർടിസി ഓടി. പട്ടാമ്പിയിൽനിന്നും ഒറ്റപ്പാലത്തുനിന്നും പാലക്കാട്‌ സിവിൽ സ്റ്റേഷനിലേക്ക്‌ രണ്ടുവീതം സർവീസുകളും നടത്തി. വാളയാറിലേക്കും രണ്ട്‌ ഓർഡിനറി സർവീസ്‌ ഉണ്ടായി. 
ശനിയും ഞായറും ലോക്ഡൗണായതിനാൽ ആരോഗ്യ പ്രവർത്തകർക്കായി നടത്തുന്ന സർവീസ്‌ മാത്രമാണുണ്ടാകുക. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്‌ തിങ്കളാഴ്ചമുതൽ കുടുതൽ സർവീസ്‌ നടത്താൻ ആലോചിക്കുന്നതായി ജില്ലാ ട്രാൻസ്‌പോർട്ട്‌ ഓഫീസർ ടി എ ഉബൈദ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top