05 December Thursday
2020 മേയ് 31നകം പ്രവർത്തന സജ്ജമാക്കും

നദീജല ഹബ്ബ്; രണ്ടാംഘട്ടത്തിന്‌ 2.61 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019
പാലക്കാട്‌
പാലക്കാട് ആസ്ഥാനമായുള്ള അന്തർ സംസ്ഥാന നദീജല ഹബ്ബിന്റെ രണ്ടാം ഘട്ടനിർമാണത്തിന് സാമ്പത്തികാനുമതി ലഭിച്ചെന്ന്‌ ജലവിഭവ മന്ത്രി കെ കൃഷ്‌ണൻകുട്ടി അറിയിച്ചു.  ഡാം റിഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട്(ഡിആർഐപി) മുഖേന രണ്ടാംഘട്ടത്തിന്‌ 2.61 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ്‌ ലഭിച്ചത്.
അന്തർസംസ്ഥാന നദീജല ആർക്കൈവ്‌സ് ലൈബ്രറി, മ്യൂസിയം, ഡാറ്റാ ഇന്റർപ്രറ്റേഷൻ സെന്റർ, ഡാം സുരക്ഷാ പരിശീലനത്തിനും കർഷകരെ പരിശീലിപ്പിക്കാനുമുള്ള സംവിധാനം ഒരുക്കുന്നതാണ് രണ്ടാംഘട്ടം. അന്തർസംസ്ഥാന നദീജല വിഷയങ്ങളെ ഏകോപിപ്പിക്കാൻ പുറമെയുള്ള പ്രവൃത്തികളാണിവ. 2020 മേയ് 31നകം പ്രവർത്തന സജ്ജമാക്കുന്ന രീതിയിലാണ് അന്തർസംസ്ഥാന നദീജല ഹബ്ബ്‌ പാലക്കാട്ട്‌ പൂർത്തിയാകുന്നത്.
ഹബ് പ്രവർത്തനം ആരംഭിക്കുന്നതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലേതുപോലെ അന്തർസംസ്ഥാന നദീജല വിഷയങ്ങൾ പൂർണമായി ഏകോപിപ്പിക്കാൻ കേരളത്തിലും സംവിധാനം നിലവിൽ വരും. പറമ്പിക്കുളം,- ആളിയാർ, ശിരുവാണി, കാവേരി തുടങ്ങിയ നിരവധി അന്തർസംസ്ഥാന നദീജലപദ്ധതികൾ പാലക്കാട് കേന്ദ്രീകരിച്ചുള്ളതായതിനാൽ ഈ ഹബ്ബ്‌ ഇവിടെ യാഥാർഥ്യമാകുന്നത് സംസ്ഥാനത്തിന് ഗുണമാകും. വൻകിട ജലസേചന പദ്ധതികളിലെ ജലവിനിയോഗം കൂടുതൽ കർഷകപങ്കാളിത്തത്തോടെ നിർവഹിക്കാനും ഇത് സഹായകമാകും. ഒന്നരക്കോടി രൂപയാണ് ഹബ്ബിന്റെ നിർമാണച്ചെലവ്.
പ്രധാന വാർത്തകൾ
 Top