05 December Thursday

കല്‍പ്പാത്തിക്ക് ആഘോഷമായി രഥസംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച്‌ അഗ്രഹാരവീഥിയിലെ തിരക്ക്‌

കൽപ്പാത്തി 
അഗ്രഹാരവീഥികളെ ആനന്ദത്തിലാറാടിച്ച്‌ കൽപ്പാത്തിയിൽ  രഥങ്ങൾ സംഗമിച്ചു. മൂന്ന്‌ ക്ഷേത്രങ്ങളിൽനിന്ന്‌ പ്രയാണം ആരംഭിച്ച രഥങ്ങൾ ശനിയാഴ്‌ച വൈകിട്ടോടെ വിശാലാക്ഷിസമേത വിശ്വനാഥസ്വാമിക്ഷേത്രത്തിനുമുന്നിലെ തേരുമുട്ടിയിൽ സംഗമിച്ചു. മൂന്നാംദിനമായ ശനിയാഴ്‌ച ചാത്തപുരം പ്രസന്നഗണപതിക്ഷേത്രത്തിലെയും പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിലെയും പ്രത്യേക പൂജകൾക്ക്ശേഷം രഥാരോഹണം നടന്നു. തുടർന്ന്‌ രഥങ്ങളുടെ പ്രയാണം. 
ഉരുക്കുചക്രം വിശാലാക്ഷിസമേത വിശ്വനാഥസ്വാമിക്ഷേത്രത്തിലെ വലിയ രഥം ജെസിബി ഉപയോഗിച്ചാണ് തള്ളിനീക്കിയത്. മറ്റ്  രഥങ്ങൾ ആനയും. വൈകിട്ട് ആറോടെ രഥങ്ങൾ തേരുമുട്ടിയിൽ സംഗമിച്ചു. ശേഷം മന്തക്കരയിലെ തേര് പുതിയ കൽപ്പാത്തിയിലൂടെ തിരിച്ചെത്തി പ്രയാണം അവസാനിപ്പിച്ചു. 
ലക്ഷ്മീനാരായണ പെരുമാൾക്ഷേത്രത്തിലെയും ചാത്തപുരം പ്രസന്നഗണപതിക്ഷേത്രത്തിലെയും രഥങ്ങൾ അതത് ക്ഷേത്രങ്ങളിൽ പ്രയാണം അവസാനിപ്പിച്ചു. തുടർന്ന് എല്ലാ രഥങ്ങളിലും രഥാരോഹണം. ഞായറാഴ്‌ച രാവിലെ കൽപ്പാത്തി രഥോത്സവത്തിന് സമാപനംകുറിച്ച്‌ ക്ഷേത്രങ്ങളിൽ എഴുന്നള്ളത്ത് നടക്കും. തുടര്‍ന്ന്  കൊടിയിറക്കം.
വൻ ജനപങ്കാളിത്തമാണ്‌  രഥോത്സവത്തിനുണ്ടായത്‌. പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരുന്നു സജ്ജീകരണം. രഥോത്സവത്തിനു മുന്നോടിയായി നടന്ന സംഗീതോത്സവവും പാലക്കാടിന്റെ സംഗീതപാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതായി.
പ്രധാന വാർത്തകൾ
 Top