പാലക്കാട്
മലേഷ്യയിൽ നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാനുള്ള കുഞ്ചുവിന്റെ സ്വപ്നത്തിന് ചിറകുകൾ മുളച്ചു. വെറ്ററൻതാരത്തിന്റെ യാത്രാച്ചെലവ് ഏറ്റെടുക്കാൻ സിപിഐ എം സന്നദ്ധതയറിച്ചതോടെ മലേഷ്യയിലേക്ക് പറക്കുന്നതിലെ തടസ്സങ്ങൾ നീങ്ങി. തേനൂർ അയ്യർമല മുട്ടിയിൽത്തൊടി വീട്ടിൽ കുഞ്ചുവാണ് മലേഷ്യയിലേക്ക് പോകാൻ പണമില്ലാതെ അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിഞ്ഞത്. ഇക്കാര്യം ദിവസം ‘ദേശാഭിമാനി’ വാർത്തയാക്കുകയും ചെയ്തു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് സിപിഐ എം പറളി ലോക്കൽ കമ്മിറ്റി സഹായവാഗ്ദാനവുമായി എത്തിയത്. കുഞ്ചുവിന് മലേഷ്യയിലേക്ക് പോകാനുള്ള മുഴുവൻ ചെലവും വഹിക്കുമെന്ന് ലോക്കൽ കമ്മിറ്റി അറിയിച്ചു. ഡിസംബർ രണ്ടുമുതൽ ഏഴുവരെയാണ് 21–-ാമത് ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ്. ആന്ധ്രയിലെ ഗുണ്ടൂരിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ അഞ്ച് കിലോമീറ്റർ നടത്തത്തിലും 3000 മീറ്റർ സ്റ്റീപ്പിൾ ചെസ് മത്സരത്തിലും മെഡൽ നേടിയാണ് ഇന്ത്യക്കുവേണ്ടി യോഗ്യത നേടിയത്.
സാധാരണക്കാരനായ കുഞ്ചുവിന്റെ വരുമാനത്തെ ആശ്രയിച്ചാണ് കുടുംബം ജീവിക്കുന്നത്. വിദേശമീറ്റിൽ പങ്കെടുക്കാൻ സഹായവുമായി സിപിഐ എം എത്തിയതോടെ വലിയ ആഹ്ലാദത്തിലാണ് കുഞ്ചുവും കുടുംബവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..