18 November Monday
9000 ടൺ നെല്ല‌്‌ സംഭരിച്ചു

16 മില്ലുകൂടി കരാർ ഒപ്പിട്ടു

സ്വന്തം ലേഖികUpdated: Thursday Oct 17, 2019
പാലക്കാട്‌
പ്രതിസന്ധിക്കിടയിലും അഞ്ച്‌ മില്ലുകളെ ഉപയോഗപ്പെടുത്തി സപ്ലൈകോ ജില്ലയിൽ 9000 ടൺ നെല്ല്‌ സംഭരിച്ചു. പാഡികോയും ഓയിൽപാം ഇന്ത്യയും മറ്റ്‌ മൂന്നുസ്വകാര്യ മില്ലും ചേർന്നാണ്‌ നെല്ല‌്‌ സംഭരിച്ചത്‌. കൃഷിക്കാരുടെ ആവശ്യം പരിഗണിച്ച്‌ കൊയ്‌ത്ത്‌ കഴിഞ്ഞ കേന്ദ്രങ്ങൾ തെരഞ്ഞെടുത്താണ്‌ സംഭരണം. 
പതിനാറ്‌ മില്ലുകൾ ബുധനാഴ്‌ച സപ്ലൈകോയുമായി കരാർ ഒപ്പിട്ടു. പാലക്കാട്ടുനിന്നുള്ള മില്ലുകളാണ്‌ കരാർ ഒപ്പിട്ടത്‌. ഈ മില്ലുകൾ വ്യാഴാഴ്ച മുതൽ സംഭരണം ആരംഭിക്കുന്നതോടെ എല്ലാ മേഖലയിലും എത്തിപ്പെടാനാകും. ഒരു ലക്ഷം ടൺ നെല്ല്‌ ഇത്തവണ ജില്ലയിൽനിന്ന്‌ സംഭരിക്കാൻ സാധിക്കുമെന്നാണ്‌ പ്രതീക്ഷ. 26.95 രൂപയ്‌ക്കാണ്‌ സപ്ലൈകോ കർഷകരിൽനിന്ന്‌ നെല്ലെടുക്കുന്നത്‌. അരിമില്ലുടമകൾ കരാർ ഒപ്പുവയ്‌ക്കാൻ വൈകിയ സാഹചര്യത്തിൽ സ്വകാര്യ മില്ലുകാർ കുറഞ്ഞ വിലയ്‌ക്ക്‌ കർഷകരിൽനിന്ന്‌ നെല്ലെടുത്തു. 
17 മുതൽ 25 രൂപവരെയാണ്‌ നെല്ലിന്റെ ഇനം അനുസരിച്ച്‌ കർഷകർക്ക്‌ ലഭിച്ചത്‌. മഴ ഭീഷണിയും നെല്ല്‌ സൂക്ഷിച്ചുവയ്‌ക്കാനുള്ള സ്ഥലക്കുറവുമാണ്‌ കർഷകർ നെല്ല്‌ വേഗത്തിൽ വിറ്റഴിക്കാൻ കാരണം. ജില്ലയിൽ 60 ശതമാനത്തോളം കൊയ്‌ത്തു കഴിഞ്ഞു. ബാക്കിയുള്ളവ ഈ മാസംതന്നെ പൂർത്തിയാകും. എന്നാൽ, ഏതാനും ദിവസങ്ങളായി പെയ്യുന്ന മഴയിൽ നെൽച്ചെടികൾ വീണ്‌ കർഷകർക്ക്‌ വൻ നഷ്ടം വന്നിട്ടുണ്ട്‌. കൊയ്യാൻ ആളെ കിട്ടാത്തതിനാൽ വീണ  നെൽച്ചെടികളും യന്ത്രമുപയോഗിച്ചുതന്നെ കൊയ്യണം.
കനത്ത മഴ പെയ്‌തിട്ടും ദിവസങ്ങളോളം വെള്ളം കെട്ടിനിന്നിട്ടും ജില്ലയിൽ നെൽകൃഷിക്ക്‌ കാര്യമായ ദോഷമുണ്ടായില്ല. 
സംഭരണം വൈകിയതാണ്‌ പ്രതിസന്ധിയുണ്ടാക്കിയത്‌. കഴിഞ്ഞ ഒന്ന്‌, രണ്ട്‌ വിളകളിലായി ജില്ലയിൽ 2.48 ലക്ഷം ടൺ നെല്ല്‌ സംഭരിച്ചിരുന്നു. 45 മില്ലുകളാണ്‌ നെല്ലെടുത്തത്‌. സപ്ലൈകോയുടെ മികച്ച വില കണക്കിലെടുത്ത്‌ ഇത്തവണ നെല്ലെടുക്കാൻ 48,000–-ലേറെ കർഷകരാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. നെല്ല്‌ സംഭരണത്തിലുണ്ടാകുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ സഹകരണ സ്ഥാപനങ്ങൾ വഴി നെല്ലെടുക്കുന്നതിന്‌ സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌. വരും വർഷങ്ങളിൽ നടപ്പാകുമെന്നാണ്‌ പ്രതീക്ഷ.
പാഡികോ 700 ലോഡ്‌ 
നെല്ല‌്‌ സംഭരിക്കും
എലപ്പുള്ളി- 
എലപ്പുള്ളിയിലെ സഹകരണ സ്ഥാപനം പാഡികോ നെല്ല് സംഭരണം ഊർജിതമാക്കി. 700 ലോഡ്‌ നെല്ല്‌ സംഭരിക്കാൻ പാഡികോയ്ക്ക്‌ അനുമതി ലഭിച്ചിട്ടുണ്ട്‌. നേരത്തേ 250 ലോഡ്‌ സംഭരിക്കാനാണ്‌ അനുമതി ലഭിച്ചിരുന്നത്‌. തുടർന്ന്‌ കെ വി വിജയദാസ്‌ എംഎൽഎ ഇടപെട്ട്‌ സിവിൽ സപ്ലൈസ്‌ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ്‌ കൂടുതൽ നെല്ലെടുക്കാൻ അനുമതി ലഭിച്ചത്‌. 
ആലത്തൂർ, വടക്കഞ്ചേരി, മണ്ണൂർ,  എലപ്പുള്ളി, പൊൽപ്പുള്ളി, പെരുമാട്ടി  മേഖലകളിലെ 47 പാട ശേഖരസമിതികളിൽനിന്നാണ്‌ നെല്ല്‌  സംഭരിക്കുന്നത്‌.
 
പ്രധാന വാർത്തകൾ
 Top