18 September Wednesday
മഴക്കെടുതി

ട്രൈബൽ ഡയറക്ടർ അട്ടപ്പാടി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019
 
അഗളി 
മഴക്കെടുതിയിൽ അട്ടപ്പാടി ആദിവാസിമേഖലയിലുണ്ടായ നാശനഷ്ടം സംബന്ധിച്ച്‌ വിലയിരുത്താൻ ട്രൈബൽ ഡയറക്ടർ പുകഴേന്തി എത്തി. മന്ത്രി എ കെ ബാലന്റെ നിർദേശപ്രകാരമാണ് സന്ദർശനം. 
നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കെടുപ്പ് നടത്തി. 11 വീടുകൾ പൂർണമായും 108 വീടുകൾ ഭാഗികമായും തകർന്നതായി കണ്ടെത്തി. 110 കുടുംബങ്ങളുടെ കൃഷി നശിച്ചു. കൃഷി ആവശ്യത്തിന്‌ രണ്ടുമോട്ടറുകൾ നശിച്ചു. മൂന്ന്‌ തൊഴുത്ത്‌ തകർന്നു. ഒറ്റപ്പെട്ടു കിടക്കുന്ന കുറുംബ ആദിവാസി ഊരുകളിൽ ആവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. ശിരുവാണി ഡാമിലേക്കുള്ള റോഡ് ഉരുൾപൊട്ടലിൽ തകർന്നിരുന്നു. 
ഇവിടെ ഒറ്റപ്പെട്ട ശിങ്കൻപാറ ഊരിലെ 35 ആദിവാസികുടുംബങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കളും എത്തിച്ചു. ഫോറസ്റ്റ് റെയ്ഞ്ചർ ആഷിക്കിന്റെ നേതൃത്വത്തിൽ വനംവകുപ്പ്‌ ഉദ്യോഗസ്ഥരും മങ്കര നേച്ച്വർ ക്ലബ് അംഗങ്ങളും തലച്ചുമടായാണ് അവശ്യവസ്തുക്കൾ ഊരിലെത്തിച്ചത്.പട്ടികവർഗ, ആരോഗ്യവകുപ്പ് ജീവനക്കാർ ആദ്യമെത്തി അടിയന്തരസഹായം ചെയ്തിട്ടുണ്ട്. 
അട്ടപ്പാടിയിൽ ഏറ്റവുമധികം മലയിടിച്ചിലുണ്ടായത് കുറവൻപാടി, പുലിയറ, മിനർവ, മാറനട്ടി പ്രദേശങ്ങളിലാണ്. ഏക്കർ കണക്കിന് കൃഷിതോട്ടങ്ങളാണ് ഇവിടെ ഒലിച്ചുപോയത്. കൃഷി നാശത്തിന്റെ നഷ്ടം കണക്കാക്കിവരുന്നതേയുള്ളു.
പ്രധാന വാർത്തകൾ
 Top