18 July Thursday
ജാഗ്രത്തായ പ്രവർത്തനം നടത്താൻ വിജിലൻസിന‌് സർക്കാർ പിന്തുണ

അഴിമതിക്കെതിരെ കർക്കശ നടപടി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

വിജിലൻസ് ആൻഡ‌് ആന്റി കറപ്ഷൻ ബ്യൂറോയുടെ പാലക്കാട് യൂണിറ്റിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട‌്
അഴിമതിക്കെതിരെ ജാഗ്രതയോടെയുള്ള കർക്കശമായ പ്രവർത്തനമാണ് വിജിലൻസ് വിഭാഗം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിജിലൻസ് ആൻഡ‌് ആന്റി കറപ്ഷൻ ബ്യൂറോയുടെ പാലക്കാട് യൂണിറ്റ‌് പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അഴിമതിക്കെതിരായ നിലപാടിന്റെ ഭാഗമായാണ‌് വിജിലൻസ‌് മിന്നൽ പരിശോധന ഉൾപ്പെടെ നടത്തുന്നത‌്. 
പൊതു സംവിധാനങ്ങളുടെ  ഭാഗമായ കേന്ദ്രങ്ങളിലെ പരിശോധന അഴിമതി തടയാനും പിന്തിരിപ്പിക്കാനും സഹായകരമാവും. വിജിലൻസ‌് ആൻഡ‌് ആന്റ‌ി കറപ‌്ഷൻ ബ്യൂറോയെ സമീപിക്കാൻ കൂടുതൽ ആളുകൾ തയ്യാറാവുന്നുണ്ട‌്. വിജിലൻസ‌് ആൻഡ‌് ആന്റി കറപ‌്ഷൻ ബ്യൂറോ എന്ന പേര‌് അന്വർഥമാക്കുന്ന വിധം വിജിലൻസ‌് വിഭാഗം പ്രവർത്തിക്കണം. അഴിമതി കണ്ടെത്തിയാൽ, സംശയം തോന്നിയാൽ നടപടിയിൽ നിന്നോ ജോലിയിൽ നിന്നോ അവരെ പിന്തിരിപ്പിക്കാൻ ആരും തയ്യാറാവില്ലെന്നതാണ‌് പ്രത്യേകത‌. വിജിലൻസിന‌് പ്രവർത്തനങ്ങളുമായി ദൃഢമായി മുന്നോട്ടു പോകാം. പൊതുവായ ശേഷി ഇനിയും വർധിക്കണം. അതിന്റെ ഭാഗമായാണ‌് കെട്ടിടങ്ങൾ സ്വന്തമായി നിർമിക്കുന്നത‌്. 
വിജിലൻസിനെ ചടുലതയാർന്ന സേനയാക്കി മാറ്റുന്നതിന‌് ആൾബലമുണ്ടാവണം. അതിനാവശ്യമായ ആളുകളെ നിയമിക്കുന്ന നടപടിയാണ‌് സർക്കാർ സ്വീകരിക്കുന്നത‌്. 
വിജിലൻസ‌് കേസുകൾ ഗൗരവമായി എടുക്കുകയും കുറവുകൾ ഇല്ലാതാക്കാൻ ആവശ്യമായ നിയമോപദേശവും നൽകും.  അഴിമതിക്കെതിരെയുള്ള പൊതുവികാരത്തിനൊപ്പം ചേർന്നുനിന്ന‌് ജാഗ്രത്തായ പ്രവർത്തനം നടത്താൻ വിജിലൻസിന‌് സർക്കാർ പിന്തുണ നൽകും–- മുഖ്യമന്ത്രി പറഞ്ഞു. 
മന്ത്രി എ കെ ബാലൻ അധ്യക്ഷനായി. കെട്ടിട നിർമാണത്തിൽ പ്രവർത്തിച്ച അസിസ‌്റ്റന്റ‌് എൻജിനിയർ സി ജി ഷാജി, കരാറുകാരൻ പി അബ‌്ദുള്ള എന്നിവർക്ക‌് മന്ത്രി കെ കൃഷ്ണൻകുട്ടി ഉപഹാരം നൽകി. 
ഷാഫി പറമ്പിൽ എംഎൽഎ, വി കെ ശ്രീകണ്ഠൻ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് കെ ശാന്തകുമാരി,  കലക്ടർ ഡി ബാലമുരളി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പൊലീസ് സൂപ്രണ്ട് ജെ ഹിമേന്ദ്രനാഥ്, എഡിപി കെ ഡി ബാബു, ജില്ലാ പൊലീസ‌് സൂപ്രണ്ട‌് ജി ശിവവിക്രം, വാർഡ് കൗൺസിലർ വി രഞ്ജിത് എന്നിവർ സംസാരിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എഡിജിപി അനിൽകാന്ത‌് സ്വാഗതവും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ‌് എച്ച് വെങ്കിടേഷ് നന്ദിയും പറഞ്ഞു. പിഡബ്ല്യുഡി സൂപ്രണ്ടിങ‌് എൻജിനിയർ സൈജ മോൾ റിപ്പോർട്ട‌് അവതരിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top