23 May Thursday

നെൽവിത്ത‌്: അധിക സംഭരണം കർഷകർക്ക‌് ഗുണമാകും

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019
പാലക്കാട‌്
നെൽവിത്ത‌് ഹെക്ടറിന‌് 4,000 കിലോ വീതം സംഭരിക്കാനുള്ള സീഡ‌് അതോറിറ്റി തീരുമാനം കർഷകർക്ക‌് ആശ്വാസമാകും. ഉൽപ്പാദിപ്പിച്ച വിത്ത‌് പതിര‌് വേർതിരിച്ച‌്,  ഉണക്കി ചാക്കിൽ കെട്ടിവച്ചിട്ടുണ്ട‌്. ഇത‌് എത്രയുംവേഗം ഏറ്റെടുക്കണമെന്നതാണ‌് കർഷകരുടെ ആവശ്യം. ഉമ വിത്ത‌് ഹെക്ടറിന‌് 3,000 കിലോയും ജ്യോതി വിത്ത‌് 2,500 കിലോയും മാത്രമേ സംഭരിക്കാനാവു എന്ന സീഡ‌് അതോറിറ്റിയുടെ നിലപാട‌് കർഷകരുടെ പ്രതിഷേധത്തെ തുടർന്നാണ‌് അയഞ്ഞത‌്.
മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന‌് കൃഷിമന്ത്രി വി എസ‌് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത‌് ചേർന്ന യോഗത്തിലാണ‌് നെൽവിത്ത‌് സംഭരണത്തിന്റെ തോത‌് ഉയർത്താൻ തീരുമാനിച്ചത‌്. 
ഫെബ്രുവരി, മാർച്ച‌് മാസങ്ങളിൽ കൊയ‌്ത നെല്ലാണ‌് കെട്ടിവച്ചിരിക്കുന്നത‌്. സീഡ‌് അതോറിറ്റിയുടെ നിലപാടിനെത്തുടർന്ന‌് നിരവധി കർഷകർ സിവിൽ സപ്ലൈസ‌് കോർപറേഷന‌് നെല്ല‌് നൽകി. കുറെപ്പേർ വിത്ത‌് സൂക്ഷിച്ചുവയ‌്ക്കാൻ സൗകര്യമില്ലാത്തതിനാൽ വിറ്റു. അതിനാൽ ഇത്തവണ കഴിഞ്ഞ വിളയുടെ അത്ര സംഭരണം ആവശ്യമാവില്ല. കൃഷി ഭവനുകൾവഴി ഒന്നാംവിളയ‌്ക്കുള്ള നെൽവിത്ത‌് വിതരണം ആരംഭിച്ചിട്ടുണ്ട‌്. 
ജില്ലയിൽമാത്രം 791 ഹെക്ടറിലാണ‌് വിത്തുകൃഷി ചെയ്യുന്നത‌്. വീടുകളിൽ സംസ‌്കരിക്കുന്ന വിത്തിന‌് 31.34 രൂപയും ആലപ്പുഴ, എരുത്തേമ്പതി പ്ലാന്റുകളിൽ പ്രോസസിങ്‌ നടത്തിയ വിത്തുകൾക്ക‌് 34 രൂപയുമാണ‌് സംഭരണവില. 
സംസ്ഥാനത്ത‌് ആവശ്യമായ നെൽവിത്തിന്റെ 80 ശതമാനവും പാലക്കാട‌് ജില്ലയിൽനിന്നാണ‌് ഉൽപ്പാദിപ്പിക്കുന്നത‌്. കിണാശേരി, കൊല്ലങ്കോട‌്, കുഴൽമന്ദം, ആലത്തൂർ എന്നിവിടങ്ങളിലാണ‌് ഭൂരിഭാഗവും ഉൽപ്പാദിപ്പിക്കുന്നത‌്.

 

പ്രധാന വാർത്തകൾ
 Top