01 March Monday

ബെമൽ വിൽപ്പന ചെറുക്കും: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021

ബെമൽ സ്വകാര്യവൽക്കരണത്തിനെതിരെ കമ്പനിപ്പടിക്കൽ 11–ാം ദിവസത്തെ സമരം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌

രാജ്യത്തിന്റെ അഭിമാന പൊതുമേഖലാ സ്ഥാപനം ബെമലിനെ വിൽക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തൊഴിലാളികളെ അണിനിരത്തി ചെറുക്കുമെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. ബെമൽ സ്വകാര്യവൽക്കരണത്തിനെതിരെ തൊഴിലാളികൾ കമ്പനിപടിക്കൽ നടത്തുന്ന സമരത്തിന്റെ 11–-ാം ദിനത്തിലെ സമരം  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ സ്വീകരിക്കുന്നത്‌. ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റും ഇൻസ്‌ട്രുമെന്റേഷനും വിൽക്കാൻ കേന്ദ്രം ശ്രമിച്ചപ്പോൾ അത്‌ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചാണ്‌ കേരള സർക്കാർ ചെറുത്തത്‌. രാജ്യത്ത്‌ മറ്റൊരു സർക്കാരും ഇത്തരം ഇടപെടൽ നടത്തിയില്ല. ബെമലിന്റെ കാര്യത്തിലും ഇതാണ്‌ സർക്കാർ നിലപാട്‌.  സിഐടിയു ജില്ലാ പ്രസിഡന്റ്‌ കൂടിയായ പി കെ ശശി എംഎൽഎ നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചു. ബെമലിനെ വിൽക്കാൻ അനുവദിക്കില്ലെന്നാണ്‌ വ്യവസായ മന്ത്രി‌ ഇതിന്‌ മറുപടി നൽകിയത്‌. പൊതുമേഖലാ സ്ഥാപനം തുടങ്ങുന്നതിനാണ്‌ 2009ൽ കേരള സർക്കാർ ബെമലിന്‌ സ്ഥലം ഏറ്റെടുത്ത്‌ നൽകിയത്‌. നിലവിൽ 54 ശതമാനം സർക്കാർ ഓഹരിയുള്ള ബെമലിന്റെ 26 ശതമാനം ഓഹരികൂടി വിൽക്കുമ്പോൾ അത്‌ സ്വകാര്യസ്ഥാപനമായി മാറും. സ്വകാര്യസ്ഥാപനത്തിന്‌ സംസ്ഥാന സർക്കാരിന്റെ ഭൂമി ഉപയോഗിക്കാൻ സാധിക്കില്ല. തൊഴിലാളികൾ ഐക്യത്തോടെ ചെറുത്താൽ സ്ഥാപനത്തെ വിൽക്കാനുള്ള തീരുമാനത്തിൽനിന്ന്‌ കേന്ദ്രത്തിനു പിൻവാങ്ങേണ്ടി വരും. മോഹനവാഗ്ദാനം നൽകി തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ശ്രമമുണ്ടാകും. അതിൽ വീഴാതെ അഖിലേന്ത്യാ തലത്തിൽ ശക്തമായ തൊഴിലാളി ഐക്യനിര കെട്ടിപ്പടുക്കാനാകണം. വിൽപ്പനയ്‌ക്ക്‌ വച്ച സ്ഥാപനം വാങ്ങുന്നതിനുമുമ്പ്‌ വൻകിടക്കാരുടെ ഏജന്റുമാർ പരിശോധനയ്‌ക്ക്‌ എത്തും. അത്തരം ഏജന്റുമാരെ സ്ഥാപനത്തിന്റെ പടികടക്കാൻ അനുവദിക്കരുതെന്നും എളമരം കരീം പറഞ്ഞു. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ അധ്യക്ഷനായി. അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ കെ കെ ദിവാകരൻ, കേരളത്തിന്‌ പുറത്തുള്ള ബെമൽ യൂണിറ്റുകളിലെ തൊഴിലാളി സംഘടനാ പ്രതിനിധികളായ ദംബ്ലൂർ ശ്രീനിവാസ റെഡ്ഡി, ആഞ്ജനേയ റെഡ്ഡി, ജെ മുന്നാകാപ്പ, മുനിറെഡ്ഡി, എസ്‌ സവിൻ, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ പ്രഭാകരൻ, ടി കെ അച്യുതൻ, ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ എം പത്മിനി, ധന്യ എന്നിവർ സംസാരിച്ചു.  സിഐടിയു സംസ്ഥാനകമ്മിറ്റിയംഗം എസ്‌ ബി രാജു സ്വാഗതവും ബെമൽ എംപ്ലോയീസ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്‌ ഗിരീഷ്‌ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top