05 December Thursday
നെല്ല് സംഭരണത്തുക നൽകിത്തുടങ്ങി

ആദ്യദിനം 13. 18 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019
 
പാലക്കാട്‌
കർഷകർക്ക്‌ നെല്ല് സംഭരണത്തുക വിതരണം തുടങ്ങി. വെള്ളിയാഴ്‌ച മാത്രം 13. 18 കോടി രൂപ നൽകി. ജില്ലാ സഹകരണ ബാങ്ക്‌ മുഖേനയാണ്‌ വിതരണം ചെയ്യുന്നത്‌. ജനപ്രതിനിധികളും കർഷകസംഘം നേതാക്കളും ഇടപെട്ടതോടെയാണ്‌ തുക വിതരണം വേഗത്തിലായത്‌. 
1,283 കർഷകർക്കാണ്‌ ബാങ്ക്‌ അക്കൗണ്ട്‌മുഖേന തുക നൽകിയത്‌. കർഷകരിൽനിന്ന്‌ നെല്ല് സംഭരിച്ച സപ്ലൈകോ വെള്ളിയാഴ്‌ച പിആർഎസ്‌ ലിസ്‌റ്റ്‌ ജില്ലാ ബാങ്കിനെ ഏൽപ്പിച്ചു. അന്നുതന്നെ തുകയും കൈമാറി. പിആർഎസ്‌ ലഭിച്ചയുടൻ കർഷകരുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ തുക നൽകുമെന്ന്‌ ജില്ലാ ബാങ്ക്‌ അധികൃതർ അറിയിച്ചു. ജില്ലാ ബാങ്കിന്റെ വിവിധ ശാഖകൾമുഖേനയും പ്രാഥമിക സഹകരണ സംഘങ്ങൾവഴിയും തുക നൽകും. ഇത്‌ പൂർണമായും വായ്‌പാ ഇനത്തിലാണ്‌ ബാങ്ക്‌ നൽകുന്നത്‌. സപ്ലൈകോയിൽനിന്ന്‌ പണം വരുന്ന മുറയ്‌ക്ക്‌ വരവ്‌ വയ്ക്കും. കർഷകർക്ക്‌ ബാധ്യതയുണ്ടാകില്ല. 
ഒന്നാംവിള കൊയ്‌ത്ത്‌ അവസാനഘട്ടത്തിലേക്ക്‌ അടുക്കുമ്പോൾ 40,000 മെട്രിക്‌ ടൺ നെല്ലാണ്‌  സപ്ലൈേകോ സംഭരിച്ചത്‌. 100 കോടിയിലേറെ രൂപയുടെ നെല്ല് സപ്ലൈകോ സംഭരിച്ചു. ജില്ലാ സഹകരണ ബാങ്ക്‌, പ്രാഥമിക സഹകരണ ബാങ്കുകൾ എന്നിവയിൽ രജിസ്‌റ്റർ ചെയ്‌ത കർഷകർക്കാണ്‌ തുക ലഭിച്ചത്‌. നെല്ലെടുക്കാൻ 49,341 കർഷകരാണ് സപ്ലൈകോയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്‌. സെപ്തംബർ മുതൽ ഡിസംബർവരെയാണ് ഒന്നാംവിള കൊയ്യുന്നത്‌. സംസ്ഥാനത്താകെ നെല്ലുസംഭരണം പ്രതിസന്ധിയിലായിരുന്ന സമയത്തുപോലും പാഡികോയെ ഉപയോഗിച്ച്‌ ഒക്ടോബർ നാലുമുതൽ സംഭരണം നടത്തിയിരുന്നു. 
സപ്ലൈകോയുടെ വ്യാഴാഴ്‌ചവരെയുള്ള കണക്ക്‌ പരിശോധിച്ചാൽ ചിറ്റൂർ താലൂക്കിൽനിന്നാണ്‌ കൂടുതൽ നെല്ല് സംഭരിച്ചത്‌, 16,876 മെട്രിക് ടൺ. ആലത്തൂർ താലൂക്കിൽനിന്ന്‌ 13,937 മെട്രിക് ടൺ, മണ്ണാർക്കാട് രണ്ട്‌ മെട്രിക്‌ ടൺ, ഒറ്റപ്പാലം 177, പാലക്കാട് 8648, പട്ടാമ്പി 451 മെട്രിക് ടൺ എന്നിങ്ങനെയാണ്‌ സംഭരിച്ചത്. 
വരുംദിവസങ്ങളിൽ കൂടുതൽ നെല്ല് സംഭരിക്കും. കഴിഞ്ഞ രണ്ടാംവിളയ്‌ക്ക്‌ 45,893 കർഷകരിൽനിന്നായി 1.64 ലക്ഷം ടൺ നെല്ലാണ് സംഭരിച്ചിരുന്നത്. ഇതിൽ 398 കർഷകർക്ക് മാത്രമെ തുക നൽകാനുള്ളൂവെന്ന് പാഡി മാർക്കറ്റിങ്‌ ഓഫീസർ അറിയിച്ചു. 45,893 കർഷകരിൽ 45,093 കർഷകർക്ക് ബാങ്ക് വായ്പയായും 800പേർക്ക് സപ്ലൈകോ നേരിട്ടുമാണ് തുക കൈമാറുന്നത്.
പ്രധാന വാർത്തകൾ
 Top