21 November Thursday

ബസുകാർ നിയമം ലംഘിച്ചാൽ ‘ചട്ടം’ പഠിക്കും

സ്വന്തം ലേഖകൻUpdated: Wednesday Oct 16, 2019
പാലക്കാട്
ബസ്‌ പാർക്ക്‌ ചെയ്യാനുള്ള ധൃതി കൊണ്ടാണോ എന്നറിയില്ല, പല ബസ് സ്റ്റാൻഡുകളിലേക്കും ബസുകൾ അമിതവേ​ഗത്തിലാണ് വരുന്നത്. സ്റ്റാൻഡിനകത്തും മത്സരയോട്ടമാണ്. കോങ്ങാ‌ട് സ്റ്റാൻഡിൽ റിട്ടയേർഡ് അധ്യാപകന്റെ ജീവൻ പൊലിഞ്ഞതിന് പിന്നാലെ ബസുകളെ സ്റ്റാൻഡിൽ അച്ചടക്കം പഠിപ്പിക്കാനൊരുങ്ങുകയാണ് മോട്ടോർ വാഹനവകുപ്പ്. സ്റ്റാൻഡിലേക്ക് അമിതവേ​ഗത്തിൽ വരുന്ന ബസുകൾക്കെതിരെയും ഡ്രൈവർമാർക്കെതിരെയും നടപടിയുണ്ടാകും. ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്‍മെന്റ് ആർടിഒ പി ശിവകുമാർ പറഞ്ഞു. ‌
കോങ്ങാട‌് സ്റ്റാൻഡിൽ ബസുകൾ കയറുന്ന സ്ഥലത്തെ ഹമ്പ്‌  ഉയരം കൂട്ടും. കുറച്ചുദിവസത്തേക്ക് ട്രാഫിക് പൊലീസിന്റെ ഒരു സംഘം സ്റ്റാൻഡിൽ പട്രോളിങ് നടത്തും. ആളുകളെ അതിവേ​ഗം കയറ്റിപ്പോകുന്നതും വാതിലുകൾ അ‌ടയ്‍ക്കാതെ പോകുന്നവർക്കെതിരെയും നടപടിയുണ്ടാകും. വാതിലുകളില്ലാത്ത ബസുകളെ സർവീസ് നട‌ത്താൻ അനുവദിക്കില്ല. ക്ലീനർമാരില്ലാത്തതിനാൽ ആളുകൾ വീഴുന്നത് പലയിടത്തും പതിവാണ്. എല്ലാ സ്റ്റാൻഡുകൾക്കുമുന്നിലും ഹമ്പ്‌ സ്ഥാപിക്കാൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകും. ബസുകാർക്ക് ഇതിന് മുന്നോടിയായി ബോധവൽക്കരണം നടത്തും. തുടർന്നും വേ​ഗം കുറയ്‍ക്കാത്തവർക്കെതിരെ കർശന ന‌ടപടിയുണ്ടാകും. 
● പാലക്കാട് ന​ഗരത്തിലും അപകടം
പാലക്കാ‌ട് സ്‍റ്റേഡിയം, ടൗൺ സ്റ്റാൻഡ് എന്നിവി‌ടങ്ങളിലും കോങ്ങാടിന് സമാനമായ സാഹചര്യമുണ്ട്. ‌ടൗൺ സ്റ്റാൻഡിൽനിന്ന് ബസുകൾ ഇറങ്ങുന്ന സ്ഥലത്ത് ഹമ്പ്‌ വേണമെന്ന ആവശ്യം കാലങ്ങളായി‌ട്ടുണ്ടെങ്കിലും ന​ഗരസഭ തിരിഞ്ഞുനോക്കിയിട്ടില്ല. ബസുകൾ വേ​ഗത്തിൽ വന്നാൽ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിടാൻ സാധ്യതയേറെയാണ്. ബസുകൾ നിയന്ത്രണംവിട്ട് ഇവിടെ മരണങ്ങളുമുണ്ടായി. സ്റ്റേഡിയത്തുനിന്ന്‌ തൃശൂർ ഭാ​ഗത്തേക്ക് പോകുന്ന ബസുകൾ ആളുകൾ കയറ്റാൻ തിടുക്കം കൂട്ടുന്നതും വാതിലുകൾ അടയ്‍ക്കുംമുമ്പ്‌ പുറപ്പെടുന്നതും പതിവാണ്. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും നിലയിൽ മാറ്റമുണ്ടായിട്ടില്ല.‌
● മാന്യത വേണം വിദ്യാർഥികളോട് 
ബസുകളുടെ മത്സരയോട്ടത്തിന്റെ പ്രധാന ഇരകൾ വിദ്യാർഥികളാണ്‌. സ്റ്റാൻഡിൽ നിർത്തിയിട്ട ബസുകളിൽ കയറാൻ വിദ്യാർഥികൾക്ക് അനുവാദമില്ല. ബസ് പുറപ്പെടുമ്പോൾ മാത്രമാണ് പല ബസുകളും വിദ്യാർഥികളെ കയറ്റുന്നത്. ഇത് അപകടങ്ങൾക്കും വഴിവയ്‍ക്കുന്നു. ബസിൽ കയറുന്ന വിദ്യാർഥികളോട് മാന്യമായി പെരുമാറാത്തവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.
പ്രധാന വാർത്തകൾ
 Top