24 October Thursday

ഭീതിയൊഴിയാതെ

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

വേനോലി ‐ പുതുശേരി റോഡ്‌ മുറിച്ചുകടക്കുന്ന കാട്ടാന

 

പുതുശേരി
കാടിറങ്ങുന്ന ആനകളുണ്ടാക്കുന്ന ദുരിതത്തിൽനിന്ന്‌ കരകയറാനാകാതെ കർഷകർ. വേനോലി,- നെറുകമ്പള്ളി പ്രദേശങ്ങളിൽ കാട്ടാനകൾ സ്ഥിരമായി എത്തുന്നതും കൃഷി നശിപ്പിക്കുന്നതുമാണ്‌ ഇവരുടെ ജീവിതം പ്രതിസന്ധിയിലാക്കിയത്‌. ആറുമാസത്തിലേറെയായി മൂന്ന്‌ കാട്ടാന പതിവായി ജനവാസമേഖലയിലെത്തുന്നു. എന്നാൽ, ഇവരെ തുരത്താനുള്ള ഫലപ്രദമായ നടപടി വനപാലകർ സ്വീകരിക്കുന്നില്ലെന്നാണ്‌ നാട്ടുകാരുടെ പരാതി. 
പന്നിമട, ആറങ്ങോട്ടുകുളമ്പ്‌, വേനോലി, പടലിക്കാട്‌ പ്രദേശങ്ങളിൽ നാട്ടുകാർക്കും കർഷകർക്കും ഭീഷണിയുയർത്തിയ കാട്ടാനകളാണ്‌ ഇപ്പോൾ കൂട്ടംതെറ്റി സഞ്ചരിക്കുന്നത്‌. രണ്ട്‌ ആനകളാണ്‌ ഒരാഴ്ചയായി വേനോലി-, കൊട്ടേക്കാട്‌ പ്രദേശത്തുള്ളവരുടെ ഉറക്കം കെടുത്തുന്നത്‌. 
ഞായറാഴ്‌ച പുലർച്ചെ വേനോലിയിലെത്തിയ കാട്ടാന ഭാസ്കരൻ, സുന്ദരൻ, ഗോകുലൻ എന്നിവരുടെ വിളവെടുപ്പിന്‌ തയ്യാറായ ഏക്കർ കണക്കിന്‌ നെൽകൃഷി നശിപ്പിച്ചു. പുതുശേരിയിൽനിന്ന്‌ വേനോലിയിലേക്കുള്ള പ്രധാന റോഡരികിൽ നിൽപ്പുറപ്പിച്ച ആനയെ വനപാലകരെത്തി കോരയാർപ്പുഴ കടത്തി കാടുകയറ്റുകയായിരുന്നു.
വേനോലി, കൊട്ടേക്കാട്‌ പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തിയ  കാട്ടാനകളിലൊന്ന്‌ ഞായറാഴ്‌ച പുലർച്ചെ ഒന്നോടെ ദേശീയപാത മുറിച്ചുകടന്ന്‌ മരുതറോഡിലെ ജനവാസമേഖലയിലെത്തി. വേനോലി ഭാഗത്തുനിന്ന്‌ എത്തിയ കാട്ടാന മരുതറോഡിൽ ദേശീയപാതയും കടന്ന് നിരവധി വീടുകളുള്ള ഭാഗത്തേക്ക്‌ എത്തുകയായിരുന്നു. 
മരുതറോഡ്‌ പഞ്ചായത്ത്‌ ഓഫീസിനു പിറകിലെ മേട്ടിൽപ്പുര, കാഞ്ഞിക്കുളം വഴികളിലൂടെ സഞ്ചരിച്ച് പ്രദേശത്തെ വാഴകളും ചെറുമരങ്ങളും നശിപ്പിച്ചശേഷം ഒരു കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പോളിടെക്നിക്‌ കോളേജുവരെയെത്തി. ജോലി കഴിഞ്ഞ് വരികയായിരുന്ന മരുതറോഡ്‌ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ കാട്ടാനയുടെ മുന്നിൽപ്പെട്ടെങ്കിലും ഓടിരക്ഷപ്പെട്ടു. പരിഭ്രാന്തരായ നാട്ടുകാർ രാത്രിതന്നെ പൊലീസിൽ വിവരം അറിയിച്ചു. 
കസബ പൊലീസും കൊട്ടേക്കാട്ടുനിന്ന്‌ എത്തിയ വനപാലകരും ചേർന്ന് ആനയെ കാടുകയറ്റാനുള്ള ശ്രമം നടത്തി. പാറ-–-പൊള്ളാച്ചി റോഡുവരെ എത്തിയ കാട്ടാനയെ രാവിലെ ആറോടെയാണ്‌ പുത്തൻപുര, ചള്ളേക്കാട് വഴി കാടുകയറ്റിയത്‌.
വേനോലിയിലെ വിവിധ പാടങ്ങളിലെ കൃഷി നശിപ്പിച്ച്‌ ദിശ തെറ്റിയാണ്‌ കാട്ടാന ദേശീയപാതയിൽ എത്തിയത്‌. പാടങ്ങളിൽ നെൽകൃഷി വിളവെടുപ്പിനു പാകമായി നിൽക്കുന്നതിനാൽ ആനകൾ ഇനിയും നാട്ടിലിറങ്ങുമെന്ന ഭീതിയിലാണ്‌ പ്രദേശവാസികൾ. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ വനപാലകർ നടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top