18 July Thursday

നവകേരള നിർമിതിക്ക‌് വെല്ലുവിളികളേറെ: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
ഒറ്റപ്പാലം
നവകേരള സൃഷ്ടിക്ക‌് പ്രതിസന്ധികളും വെല്ലുവിളികളും ഏറെയുണ്ടെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. സ്വാതന്ത്ര്യ സമരസേനാനി ഐ സി പി നമ്പൂതിരിയുടെ ആത്മകഥ  ‘വിപ്ലവത്തിന്റെ ഉൾത്തുടിപ്പുകൾ’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. 
അന്ധവിശ്വാസവും അനാചാരവും പ്രോത്സാഹിപ്പിച്ച‌് പുരോഗമന ആശയങ്ങളെ പിറകോട്ട‌് നയിക്കാനും ജാതിബോധം വളർത്താനും ശ്രമം നടക്കുന്നു. ഇത‌് വലിയ വെല്ലുവിളിയാണ‌്. വിശ്വാസത്തിന്റെ പേരിൽ വിഭ്രാന്തി സൃഷ്ടിക്കുകയാണ‌് ചിലർ. പുരോഗമന ആശയങ്ങളെ തള്ളിപ്പറയാൻ മുന്നോട്ട‌ുവരുന്നതും വലിയ ആപത്താണ‌്. 
ഒരു വിശ്വാസത്തിനും കമ്യൂണിസ‌്റ്റുകാർ എതിരല്ല. മതത്തിനെതിരെ യുദ്ധം ചെയ്യുന്നവരല്ല കമ്യൂണിസ‌്റ്റുകാർ. ഏതെങ്കിലും ഒരു മതവിശ്വാസത്തിൽപ്പെട്ടവരെ ഇല്ലാതാക്കാൻ പ്രവർത്തിക്കുന്നവരുമല്ല. വിശ്വാസികളെ ഇടതുപക്ഷത്തിനെതിരെ തിരിച്ചുവിടാൻ സംഘടിത ശ്രമം നടക്കുന്നു. ഇത‌് അപകടമാണ‌്. തെറ്റിദ്ധരിപ്പിക്കപ്പെട്ട വിശ്വാസികളെ ബോധ്യപ്പെടുത്തേണ്ട കാലഘട്ടമാണ‌ിത‌്. നവോത്ഥാന ആശയങ്ങൾ പ്രചരിപ്പിക്കണം. 
ശരിയായ നിലപാടെടുത്തതിന്റെ പേരിലുണ്ടായ തിരിച്ചടി താൽക്കാലികമാണ‌്. പോരാട്ടം തുടരുകതന്നെ ചെയ്യും.  
നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ പൊരുതിയാണ‌് ഐ സി പി ശ്രദ്ധനേടുന്നത‌്. വിധവാ വിവാഹം പ്രോത്സാഹിപ്പിക്കാൻ സ്വന്തം വീട്ടിൽനിന്നുതന്നെ പേരാട്ടം തുടങ്ങി വി ടി ഭട്ടതിരിപ്പാടിനൊപ്പം നിലയുറപ്പിച്ചു. 
പ്രസംഗം സ്വന്തം ജീവിതത്തിൽ നടപ്പാക്കിക്കാണിച്ച തലമുറയിലെ വക്താവായിരുന്നു ഐ സി പിയെന്നും കോടിയേരി പറഞ്ഞു. 
  കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകം വി ടി ഭട്ടതിരിപ്പാടിന്റെ മകൻ വി ടി വാസുദേവൻ ഏറ്റുവാങ്ങി. പി ഉണ്ണി എംഎൽഎ അധ്യക്ഷനായി.
പ്രധാന വാർത്തകൾ
 Top