16 July Tuesday
അടിക്കാട‌് വെട്ടി വനംവകുപ്പ‌്

നടപടി തുടങ്ങി

സ്വന്തം ലേഖകൻUpdated: Thursday May 16, 2019

കാട്ടാന ശല്യമുള്ള ആറങ്ങോട്ടുകുളമ്പിലെ അടിക്കാടുകൾ വെട്ടിമാറ്റുന്നു

പാലക്കാട് 
നിരന്തരം ജനവാസ മേഖലയിലിറങ്ങി ഭീതിപരത്തുന്ന കാട്ടാനകളെ തടയാൻ ഊർജിത നടപടിയുമായി വനംവകുപ്പ‌്. ആനകളെത്തുന്നത് തടയാൻ അടിക്കാട‌് വെട്ടൽ ബുധനാഴ‌്ച ആരംഭിച്ചു. ആറങ്ങോട്ടുകുളമ്പ‌് ഭാഗത്തെ പന്ത്രണ്ടേക്കറോളം   കുറ്റിക്കാടാണ് വാച്ചർമാരടങ്ങുന്ന സംഘം വെട്ടുന്നത്. 
കാട്ടാനകൾ ഇപ്പോഴും സ്ഥലത്ത‌് തുടരുന്നതിനാൽ ആറങ്ങോട്ടുകുളമ്പിലെയും പരിസര പ്രദേശത്തെയും ജനങ്ങൾ ഭയത്തിലാണ‌്. മൂന്ന‌് കൊമ്പന്മാർ ഇപ്പോഴും പ്രദേശം വിട്ട‌ുപോയിട്ടില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. മദപ്പാട‌് കണ്ടെത്തിയ കൊമ്പനും മറ്റൊരു കൊമ്പനും ഒന്നിച്ചാണ് യാത്ര. ഒറ്റയാൻ മറ്റൊരു ഭാഗത്താണ് നിൽക്കുന്നത്. മുപ്പത‌് ഏക്കറോളമുള്ള എളമ്പ്ര കാട്ടിൽ ആനകൾ തമ്പടിച്ചിട്ടുണ്ട്. യഥേഷ്ടം ഭക്ഷണം ലഭിക്കുന്നതിനാലും, അടിക്കാടുകൾ വളർന്നുനിൽക്കുന്നതിനാലും ആനകൾ ഇവിടം താവളമാക്കിയിരിക്കുകയാണ്. രാത്രിയിൽ ജനവാസ മേഖലയിലേക്കിറങ്ങുന്ന കൊമ്പന്മാർ കൊട്ടേക്കാട്, പടലിക്കാട്, വേനോലി ഭാഗത്തേക്കിറങ്ങി കൃഷിയും വീടുകളുടെ മതിലുകളും നശിപ്പിക്കുന്നു. വൈകിട്ട് ആറര കഴിഞ്ഞാൽ ആളുകൾ പുറത്തിറങ്ങാറില്ല. 
ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ടാനകളെ പന്നിമട ഭാഗത്ത‌് കണ്ടിരുന്നു. മദയാന അക്രമകാരിയായതിനാൽ ഓടിക്കാനുമാകുന്നില്ല. ഈ പ്രദേശത്ത് ഇരുപതോളം ആനത്താരകളുണ്ട്. തെങ്ങിൻതോപ്പുകളും കൃഷിയിടങ്ങളും കൊമ്പന്മാരുടെ ഇഷ്ടകേന്ദ്രങ്ങളായി. പടക്കം പൊട്ടിച്ചാൽ എതിരെ കുതിച്ചുവരും. കുറച്ചുദിവസം മുമ്പാണ് വാളയാറിൽ ഒരു വാച്ചർ മരിക്കുകയും, ആനയെ തുരത്തുന്നതിനിടെ പരിക്കേറ്റതും. 
വനംവകുപ്പിന്റെ കൊട്ടേക്കാട് സെക്ഷൻ റാപിഡ് റെസ്പോൺസ് ടീം പ്രദേശത്തുണ്ട്. എന്നാൽ ആനയെ തൽക്കാലം ഓടിക്കുന്നില്ല. ഒലവക്കോട് ഫോറസ്റ്റ് റേഞ്ചിലെ ജീവനക്കാരെയും വാളയാർ റേഞ്ചിലേക്ക് പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. മൂന്ന‌് പോയിന്റുകൾ തെരഞ്ഞെടുത്ത് ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്ന‌് ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി പറഞ്ഞു. മദപ്പാടുള്ളതിനാൽ നേരിട്ട് ഓടിക്കാനാവില്ലെന്നതാണ് പ്രതിസന്ധി. സ്കൂൾ തുറക്കാറായതോടെ ജനങ്ങൾ ഭയത്തിലാണ്. 
പ്രധാന വാർത്തകൾ
 Top