29 February Saturday

ജില്ലാ ആശുപത്രിയിൽ സോളാർ വൈദ്യുതിയും

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020
പാലക്കാട് 
ആരോഗ്യരംഗത്ത് മികവിന്റെ പാതയിൽ മുന്നേറുന്ന ജില്ലാ ആശുപത്രിക്ക് ഇനി സോളാർ വൈദ്യുതിയും. 
ആശുപത്രിക്ക്‌ ആവശ്യമുള്ള വൈദ്യുതിയുടെ അഞ്ചുമുതൽ പത്തുവരെ ശതമാനം വൈദ്യുതി ഇനി സോളാറിൽനിന്ന് ലഭിക്കും. 450 ചതുരശ്ര അടിയിൽ 80 പാനലുകളാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്. 20 കിലോവാട്ടാണ് സോളാർ പാനലിന്റെ ശേഷി. 
സോളാർ വൈദ്യുതി പദ്ധതി വ്യാഴാഴ്‌ച മുതൽ പ്രവർത്തിച്ചു തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് പാനലുകൾ സ്ഥാപിച്ചത്. പുതിയ ഡിപ്പാർട്ടുമെന്റുകളും കൂടുതൽ ബ്ലോക്കുകളും പ്രവർത്തനമാരംഭിച്ചതോടെ വൈദ്യുതി ഉപഭോഗം വർധിച്ചു. ശരാശരി പ്രതിമാസം ഒരുലക്ഷം യൂണിറ്റാണ് ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന്‌ വേണ്ടത്‌. 
സോളാർ പാനൽ വഴി ദിനംപ്രതി 100 മുതൽ 120 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും. ഈ വൈദ്യുതി നേരിട്ട് ഉപയോഗിക്കും. ശേഖരിച്ചു വയ്‌ക്കേണ്ട സാഹചര്യമില്ല. വൈദ്യുതോൽപ്പാദനം വർധിപ്പിക്കാൻ കൂടുതൽ സോളാർ പാനലുകൾ സ്ഥാപിക്കാനും ജില്ലാ പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. ആശുപത്രിയിലെ തകര്‍ന്നുവീഴാറായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയവ നിര്‍മിക്കാനുള്ള വിശദ പദ്ധതി രേഖയും കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 
മൂന്നുമാസത്തിനകം നിര്‍മാണം ആരംഭിക്കുമെന്നും എംആര്‍ഐ, സ്‌കാന്‍ സൗകര്യം ഉള്‍പ്പെടെ നടപ്പിലാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top