20 February Wednesday
പാലക്കാട്‌ നഗരസഭയുടെ അനാസ്ഥ

പ്രളയ പുനർനിർമാണവും പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019
പാലക്കാട‌്
അഴിമതിയിൽ കുടുങ്ങി കൗൺസിൽയോഗങ്ങൾ തുടർച്ചയായി അലങ്കോലപ്പെടുന്ന പാലക്കാട‌് നഗരസഭയിൽ വികസനപ്രവർത്തനങ്ങൾ അവതാളത്തിൽ. വൈസ‌് ചെയർമാൻ ഉൾപ്പെടെയുള്ള കൗൺസിലർമാർ ഹർത്താലിന്റെ മറവിൽ നടത്തിയ അക്രമത്തിൽ പ്രതികളായി ഒളിവിൽപ്പോയതും ഭരണപ്രതിസന്ധിയുടെ ആഴം കൂട്ടി. 
പ്രളയാനന്തര പുനർനിർമാണപ്രവർത്തനവും ഇതോടെ ‌സ‌്തംഭിച്ചു. ഡിസംബറിൽ പൂർത്തിയാക്കേണ്ട നഗരസഭയുടെ കോടികളുടെ പൊതുമരാമത്ത‌് പ്രവൃത്തിയും സ‌്തംഭനത്തിലാണ‌്. പദ്ധതികൾ അംഗീകരിച്ച‌് മൂന്നു മാസത്തിനകം നടപ്പാക്കിയില്ലെങ്കിൽ തുക നഷ‌്ടപ്പെടും. ബുധനാഴ‌്ച ചേരുന്ന കൗൺസിലിലും ഇതുസംബന്ധിച്ച‌് ചർച്ച നടക്കുമെന്ന‌് ഉറപ്പില്ല. 
ഇതിനിടെ ശബരിമലവിഷയത്തോടനുബന്ധിച്ച‌് നടന്ന ഹർത്താലിലെ അക്രമസംഭവങ്ങളിൽ പ്രതിയായ നഗരസഭാ വൈസ‌് ചെയർമാൻ സി കൃഷ‌്ണകുമാർ  കൗൺസിൽ യോഗത്തിൽ പങ്കെടുക്കുമോ എന്നതും വ്യക്തമല്ല. ധനകാര്യ സ‌്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻകൂടിയായ വൈസ‌് ചെയർമാൻ പങ്കെടുക്കാതിരിക്കുന്നത‌് നഗരസഭയുടെ പദ്ധതിനടത്തിപ്പിനെ പ്രതിസന്ധിയിലാക്കും. 
പ്രളയത്തിൽ നഗരസഭയിലെ റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട‌്. പുനർനിർമാണപദ്ധതികളുടെ എസ‌്റ്റിമേറ്റ‌്പോലും തയ്യാറായിട്ടില്ല. ഡിസംബറിൽ പൂർത്തിയാക്കേണ്ട പദ്ധതികളുടെ നടത്തിപ്പുകളെക്കുറിച്ചെല്ലാം ബുധനാഴ‌്ച ചേരുന്ന കൗൺസിൽ യോഗം പരിഗണിച്ചില്ലെങ്കിൽ പൂർത്തീകരണം അനിശ‌്ചിതത്വത്തിലാകും. 
മൂന്ന‌് ശുചീകരണതൊഴിലാളികളെ കൗൺസിൽ അറിയാതെ നിയമിച്ചതും വിവാദമായിരുന്നു. കൗൺസിലിൽ വിശദമായി ചർച്ച ചെയ‌്ത‌് ആളുകളെ നിയമിക്കണമെന്ന‌് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും അറിയാതെ നിയമിച്ചെന്ന‌് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ചും കൗൺസിൽയോഗത്തിൽ ബഹളമുയരും. 
അടുത്ത വർഷത്തെ പദ്ധതികളെക്കുറിച്ചും ചർച്ച നടക്കാനുണ്ട‌്. കരടുരേഖയും തയ്യാറാക്കാനുണ്ട‌്. ഇക്കാര്യത്തിലും തീരുമാനമാകാതെ നീളുകയാണ‌്. 
മുനിസിപ്പൽ ബസ‌് സ‌്റ്റാൻഡ‌് കെട്ടിടത്തിന്റെ നിർമാണവും അനിശ‌്ചിതത്വത്തിലാണ‌്. കെട്ടിടം അപകടത്തിലാണെന്നും ഉടൻ പൊളിച്ചുനീക്കണമെന്നും വിദഗ‌്ധസമിതി റിപ്പോർട്ട‌് നൽകിയിട്ടുണ്ട‌്. ഇക്കാര്യത്തിലും നടപടിയുണ്ടായിട്ടില്ല. വ്യാപാരികളുടെ പുനരധിവാസവും വഴിമുട്ടി. നഗരസഭാ ഭരണസമിതി കൊട്ടിഗ‌്ഘോഷിച്ച അമൃത‌് പദ്ധതിയും അവതാളത്തിലാണ‌്.
പ്രധാന വാർത്തകൾ
 Top