16 November Saturday

അൻപ‌് തമിഴകത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019
മലയാണ്മയെ ഇരുകരം നീട്ടി സ്വന്തമാക്കിയ കോവൈ നഗരത്തിന്റെ ഹൃദയത്തിൽ കൂടൊരുക്കി ദേശാഭിമാനിയും. തമിഴ‌് ഭാഷയിലും സംസ്കാരത്തിലും പെരുമ കൊള്ളുന്ന കൊങ്കുമണ്ണിൽ സ്വന്തമായ ഇടം രൂപപ്പെടുത്തിയവരാണ‌് മലയാളികൾ. കോയമ്പത്തൂരിലും തിരുപ്പൂരിലും ഈറോഡിലുമൊക്കെയുള്ള മില്ലുകളിൽ രൂപംകൊള്ളുന്ന നൂലിഴകൾ പോലെ തങ്ങളുടെ രക്തവും വിയർപ്പും നൽകി നഗരത്തിന്റെ ഊടും പാവും നെയ‌്തെടുത്തു മലയാള മക്കൾ. 
കേരളത്തിൽനിന്ന‌് പറിച്ചു നടപ്പെട്ടവർക്ക‌് സമ്പന്നമായ തമിഴ‌് സംസ്കാരം പകുത്തുനൽകി തണലൊരുക്കിയ മണ്ണിലാണ‌് ദേശാഭിമാനി പ്രവർത്തനം ആരംഭിക്കുന്നത‌്. മതനിരപേക്ഷതയും സ്ഥിതിസമത്വവും സ്വാതന്ത്ര്യബോധവും രാജ്യത്തെ പഠിപ്പിച്ച തന്തൈ പെരിയാറിന്റെയും ഭാരതിയാരുടെയും ആശയങ്ങൾ ആക്രമിക്കപ്പെടുമ്പോൾ, പശുവിന്റെ പേരിലുള്ള ആക്രമണങ്ങൾ ദ്രാവിഡ മണ്ണിലേക്കും നുഴഞ്ഞുകയറുമ്പോൾ, ജാതീയ ആക്രമണം തുടർക്കഥയാകുമ്പോൾ, തൊഴിലാളി, കർഷക ജീവിതം ദുസ്സഹമാകുമ്പോൾ, നഗരത്തിന്റെ നട്ടെല്ലായ ചെറുകിട സംരംഭങ്ങൾ തച്ചുടയ്ക്കപ്പെടുമ്പോൾ, അതിജീവന സമരത്തിന‌് കരുത്താകുക എന്ന വലിയ ഉത്തരവാദിത്തമാണ‌് ദേശാഭിമാനിയെ കാത്തിരിക്കുന്നത‌്.  
ദേശാഭിമാനി കോയമ്പത്തൂർ ന്യൂസ് ബ്യൂറോ ഉദ്ഘാടനത്തിൽ മലയാള സമാജം ഹാൾ തിങ്ങിനിറഞ്ഞ സദസ്സ‌് സ്നേഹത്തിന്റെ പ്രതീകമായി. വിവിധ മലയാളി സംഘടനാ പ്രതിനിധികൾ, ദേശാഭിമാനി റീഡേഴ്സ് ഫോറം ഭാരവാഹികൾ, വിവിധ ട്രേഡ് യൂണിയൻ പ്രവർത്തകർ തുടങ്ങിയവർ ഉദ്ഘാടനത്തിന് സാക്ഷിയായി. ദേശാഭിമാനിയുടെ ചരിത്രവും വർത്തമാനവും വിശദമാക്കുന്ന ഡിസ‌്പ്ലേ വേദിയിൽ ഒരുക്കിയിരുന്നു. കേരള കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി കെ രാമകൃഷ്ണനായിരുന്നു ചടങ്ങിലെ അവതാരകൻ. ദേശാഭിമാനി റീഡേഴ്സ് ഫോറം ഭാരവാഹികൾ കുടുംബസമേതമാണ് ചടങ്ങിനെത്തിയത്. വേദിയിലെ മുഴുവൻ വിശിഷ്ഠ വ്യക്തികളെയും ദേശാഭിമാനി കോയമ്പത്തൂർ റീഡേഴ്സ് ഫോറം പ്രവർത്തകർ പൊന്നാടയണിയിച്ച് ആദരിച്ചു. 
ദേശാഭിമാനി റീഡേഴ്സ് ഫോറം ചേർത്തിയ ദേശാഭിമാനി വാർഷിക വരിക്കാരുടെ ലിസ്റ്റും സംഖ്യയും ഭാരവാഹികളായ സി പ്രഭാകരൻ, കെ.സന്തോഷ്, എൻ ഋതുപർണൻ, കെ.എസ് പ്രഭാത്, പ്രൊഫ. രമണി, സി ചന്ദ്രൻ എന്നിവർ ജനറൽ മാനേജർ കെ ജെ തോമസിന് കൈമാറി. ദേശാഭിമാനി വാർഷിക വരിക്കാരാകുവാൻ നിരവധി പേർ സന്നദ്ധത അറിയിക്കുകയും ചെയ്തു.
 
 
അഭിമാനകരമായ വളർച്ച:
കെ ജെ തോമസ് 
കോയമ്പത്തൂർ 
ദേശാഭിമാനിയുടെ വളർച്ച അഭിമാനകരമാണെന്ന് ജനറൽ മാനേജർ കെ ജെ തോമസ് പറഞ്ഞു. ദേശാഭിമാനി കോയമ്പത്തൂർ ന്യൂസ്‌ ബ്യുറോ ഉദ‌്ഘാടനച്ചടങ്ങിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. 1942ൽ പ്രസിദ്ധീകരണം ആരംഭിച്ച ദേശാഭിമാനി ഇന്ന് കേരളത്തിലെ പത്ത‌് ജില്ലകളിൽനിന്ന് പ്രസിദ്ധീകരിക്കുന്നു. വായനക്കാരുടെ എണ്ണത്തിലും വലിയ വർധനയാണ്‌ ഉണ്ടായത്. 
ഈ വർഷത്തെ ഇന്ത്യൻ റീഡർഷിപ് സർവ്വേയുടെ  കണക്കനുസരിച്ച് കേരളത്തിൽനിന്ന് പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിൽ വായനക്കാരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വർധന കൈവരിച്ചത് ദേശാഭിമാനിയാണ്. കേരളത്തിൽ അമ്പതോളം പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. അതിൽ ആദ്യ മൂന്ന‌് പത്രങ്ങളിൽ ഒന്നാണ് ദേശാഭിമാനി എന്നത് ഏറെ അഭിമാനകരമാണ്. 
രണ്ട‌് ലക്ഷത്തോളം മലയാളികൾ കോയമ്പത്തൂരിൽ താമസമുണ്ടെന്നാണ് കണക്കുകൾ. തമിഴരെന്നോ മലയാളിയെന്നോ വ്യത്യാസമില്ലാതെ  എല്ലാവരും ഐക്യത്തോടെ കഴിയുന്ന മതനിരപേക്ഷതയുടെ കേന്ദ്രമാണ് കോയമ്പത്തൂർ. 
ദേശാഭിമാനി ഇതിന്റെ ഭാഗമാകുന്നു എന്നത് സന്തോഷകരമാണെന്നും ദേശാഭിമാനിയെ ഹൃദ്യമായി വരവേറ്റതിന‌് കോയമ്പത്തൂർ നിവാസികളോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
മതനിരപേക്ഷത ശക്തിപ്പെടുത്തുന്നതിൽ ദേശാഭിമാനിയുടെ പങ്ക് നിർണായകം: 
പി ആർ നടരാജൻ
കോയമ്പത്തൂർ 
മതനിരപേക്ഷത ശക്തിപ്പെടുത്തുന്നതിൽ ദേശാഭിമാനിയുടെ പങ്ക് നിർണായകമാണെന്ന‌് കോയമ്പത്തൂർ എംപി  പി ആർ നടരാജൻ. ദേശാഭിമാനി കോയമ്പത്തൂർ ന്യൂസ് ബ്യൂറോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശാഭിമാനി ഉയർത്തിപിടിക്കുന്ന രാഷ‌്ട്രീയത്തിന‌് രാജ്യവ്യാപക പ്രസക്തി ഏറി വരികയാണ‌്.
ദേശാഭിമാനിയുടെ പ്രചാരം കേരളത്തിന‌് പുറത്തേക്കും വ്യാപിപ്പിക്കേണ്ട കാലമാണിത‌്. ഇടതുപക്ഷ രാഷ‌്ട്രീയത്തിൽ ഊന്നി, സംവാദാത്മക ഇടപെടലിലൂടെ നാടിനെ മുന്നോട്ട‌് നയിക്കുന്നതിൽ  ഈ പത്രം വഹിക്കുന്ന പങ്ക‌് വലുതാണ‌്. കോയമ്പത്തൂരിന്റെ വളർച്ചയിൽ മലയാളികളുടെ സംഭാവന എടുത്തു പറയേണ്ടതാണ‌്. 
ദേശാഭിമാനി ന്യൂസ‌് ബ്യൂറോയ‌്ക്ക‌് എല്ലാവിധ ആശംസകളും–-നടരാജൻ പറഞ്ഞു. 
കമ്പനികളും ട്രേഡ് യൂണിയനുകളും ധാരാളമുള്ള കോയമ്പത്തൂരിൽ ദേശാഭിമാനിയുടെ തുടക്കം തൊഴിലാളി മുന്നേറ്റത്തിന് ഗുണകരമാകുമെന്ന് കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മാനേജിങ് ഡയറക്ടർ ഡോ. പി ആർ കൃഷ്ണകുമാർ പറഞ്ഞു.
 
ദേശാഭിമാനിയുടെ രാഷ്ട്രീയം സാധാരണക്കാരന്റേത്‌: പി രാജീവ്‌  
കോയമ്പത്തൂർ
മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ രാഷ്ട്രീയമാണ്‌ ദേശാഭിമാനി ഉയർത്തിപ്പിടിക്കുന്നതെന്ന‌് ചീഫ് എഡിറ്റർ പി രാജീവ്‌ പറഞ്ഞു. ദേശാഭിമാനി കോയമ്പത്തൂർ ന്യൂസ്‌ ബ്യുറോ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദേശാഭിമാനിക്ക് ഒരു പക്ഷമുണ്ട്. മതനിരപേക്ഷതയുടെയും  ജനാധിപത്യത്തിന്റെയം പുരോഗമന രാഷ്ട്രീയത്തിന്റെയും പക്ഷമാണത്. മലയാളത്തിൽ ലഭ്യമായ എല്ലാ പത്രത്തിനും പക്ഷമുണ്ട്. എന്നാൽ അവരത‌് ഒളിപ്പിച്ചുവയ‌്ക്കുകയാണ‌്. വാക്കിലൂടെ, വാചകത്തിലൂടെ, കാർട്ടൂണിലൂടെ മറ്റ‌് പത്രങ്ങൾ തങ്ങളുടെ പക്ഷം സമർഥമായി ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുമ്പോൾ പക്ഷം വ്യക്തമായി പറഞ്ഞാണ‌് ദേശാഭിമാനി വായനക്കാരിലേക്കെത്തുന്നത‌്. 
ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണ് മാധ്യമങ്ങൾക്ക‌് സമൂഹത്തോടുള്ളത്. മറ്റു പത്രങ്ങളിൽനിന്ന് വ്യത്യസ്തമായി എല്ലാ വിഭാഗത്തിന്റെയും താൽപ്പര്യം ദേശാഭിമാനി സംരക്ഷിക്കുന്നു. എല്ലാ വിശ്വാസികളുടെയും വിശ്വാസങ്ങൾക്ക് ഒപ്പം നിൽക്കുന്ന പത്രമാണിത‌്. ഒരു പാർടി പത്രം എന്നതിലുപരി ഒരു പൊതു പത്രം കൂടിയാണ്‌ ദേശാഭിമാനി. ഏഴു ലക്ഷത്തിലധികം വരിക്കാരുള്ള പത്രം വ്യത്യസ്ത അഭിരുചിയുള്ള എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്തുന്നു. ദേശാഭിമാനി നടത്തുന്ന അക്ഷരമുറ്റം ക്വിസ് മത്സരം ഇന്ന് ലോകത്തിൽ ഏറ്റവും അധികം കുട്ടികൾ പങ്കെടുക്കുന്ന ക്വിസ് മത്സരമായി അംഗീകരിക്കപ്പെട്ടതാണ്. 
കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി പ്രത്യേക പതിപ്പും ബിസിനസ്, മാർക്കറ്റിങ‌്, തൊഴിൽ, ശാസ്ത്രം തുടങ്ങി എല്ലാ മേഖലയിലും പ്രത്യേക പതിപ്പുകളും ദേശാഭിമാനിയുടെ ഭാഗമായി വായനക്കാരിലെത്തുന്നു. കോയമ്പത്തൂരിൽനിന്ന‌ുള്ള കൂടുതൽ വാർത്തകൾ ഉൾക്കൊള്ളിക്കാൻ ബ്യൂറോ തുടങ്ങുന്നതോടെ സാധ്യമാകുമെന്നും പി രാജീവ്‌ പറഞ്ഞു.
 
പ്രത്യേക പതിപ്പ‌് പ്രകാശനം 
ചെയ‌്തു
കോയമ്പത്തൂർ 
ദേശാഭിമാനി കോയമ്പത്തൂർ ന്യൂസ്‌  ബ്യുറോ ഉദ്ഘാടനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക പതിപ്പ‌് സിപിഐ എം കോയമ്പത്തൂർ ജില്ലാ സെക്രട്ടറി വി രാമമൂർത്തി ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസിന് നൽകി പ്രകാശനം ചെയ്തു. 
മലയാളികളെ മാറോടുചേർത്ത വ്യവസായ നഗരത്തിന്റെ പൈതൃകവും സംസ്കാരവും ചരിത്രവും ഉൾക്കൊള്ളിച്ച‌് നാലുപേജിൽ പുറത്തിറക്കിയ പതിപ്പ് ചടങ്ങിനെത്തിയവർ ആവേശത്തോടെയാണ് സ്വീകരിച്ചത്. മൂന്നുപേജ് മലയാളത്തിലും ഒരുപേജ് തമിഴിലുമാണ‌്.
പ്രധാന വാർത്തകൾ
 Top