15 December Sunday

കൂട്ടത്തോടെ കാട്ടാന

സ്വന്തം ലേഖികUpdated: Monday Jul 15, 2019
പാലക്കാട‌്
വേനൽ തുടങ്ങിയതുമുതൽ മലയോര മേഖലകളിലെ ജനങ്ങൾ ഭീതിയിലാണ‌്. എപ്പോൾ വേണമെങ്കിലും കാട്ടാനക്കൂട്ടം നാട്ടിലെത്താം. എന്നാൽ മഴക്കാലമായിട്ടും ആനയിറങ്ങുന്നത്‌  ജനങ്ങളെ കൂടുതൽ ഭയപ്പെടുത്തുകയാണ്‌.
മലമ്പുഴ, പുതുശേരി, മുണ്ടൂർ, പുതുപ്പരിയാരം പഞ്ചായത്തുകളിലാണ‌് പ്രധാനമായും ആനയിറങ്ങുന്നത‌്. അഗളിയിലും സമാന സ്ഥിതിയാണ‌്. വടക്കഞ്ചേരി, നെല്ലിയാമ്പതി പ്രദേശങ്ങളിലും ആന ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ വന്യജീവികളുടെ ആക്രമണത്തിൽ 15 മനുഷ്യജീവനാണ‌് ജില്ലയിൽ പൊലിഞ്ഞത‌്. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതലാണിത‌്.
ധോണി ആനകളുടെ പ്രധാന കേന്ദ്രമാണ‌്. ഞായറാഴ്ചയും ധോണിയിൽ ആനയിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കി. അഗളിയിൽ കാട്ടാന വീടു തകർത്തു. പുതുശേരി പഞ്ചായത്തിലെ വേനോലി, പടലിക്കാട്‌, കഞ്ചിക്കോട്‌, വാളയാർ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും കൃഷിക്കും കാട്ടാനകൾ ഭീഷണിയാണ‌്. കഞ്ചിക്കോട്‌ കോച്ച്‌ ഫാക്ടറിക്ക്‌ സ്ഥലം കണ്ടെത്തിയ കഞ്ചിക്കോട്‌- –- മലമ്പുഴ റോഡിൽ ആന ഭീഷണിയുണ്ട്‌. ജൂണിൽ രണ്ടുതവണ ഇൻസ്ട്രുമെന്റേഷൻ ടൗൺഷിപ്പിൽ കാട്ടാന കേറി മതിൽ തകർത്തു. വ്യാപക കൃഷി നാശവും വരുത്തി. കഞ്ചിക്കോട്‌- വാളയാർ ഫോറസ്റ്റ്‌ റേഞ്ചിൽ വേലഞ്ചേരി, ചുള്ളിമട, ആറ്റുപതി, വാധ്യർചള്ള, നടുപ്പതി പ്രദേശങ്ങളിൽ ആനകൾ സ്ഥിരമായെത്തുന്നു‌.  വേലഞ്ചേരിയിൽ വനംവകുപ്പ്‌ വാച്ചർ കാട്ടാനയുടെ ചവിട്ടേറ്റ്‌ മരിച്ചത്‌ 2 മാസം മുമ്പാണ‌്. 
കാട്ടാനശല്യം രൂക്ഷമായ മേഖലയിലൂടെ രണ്ട‌് റെയിൽവേ ലൈനുകൾ കടന്നു പോകുന്നുണ്ട്‌. ട്രാക്ക്മാന്മാരായി ജോലി ചെയ്യുന്നവർ ജീവൻ പണയം വച്ചാണ‌് പട്രോളിങ്ങിനിറങ്ങുന്നത്‌.
മലമ്പുഴയിലെ ആറങ്ങോട്ടുകുളമ്പ‌്, പന്നിമട, ആരക്കോട‌്, ചെറാട‌്, കുനുപ്പുള്ളി, അകത്തേത്തറ പഞ്ചായത്തിലെ ധോണി, പയറ്റാംകുന്ന‌്, മേലെ ചെറാട‌്, പുതുപ്പരിയാരം പഞ്ചായത്തിലെ കോർമ, അരിമണി, നൊച്ചുപ്പുള്ളി, മയിലംപുള്ളി, മുണ്ടൂർ പഞ്ചായത്തിലെ ഒടുവൻകാട‌്, മോഴുകുന്നം, കൂത്രംകാപ്പ‌്, പൂതനൂർ, കുട്ടൻകാട‌്, മരുതറോഡ‌് പഞ്ചായത്തിലെ പടലിക്കാട‌്, വേനോലി എന്നീ പ്രദേശങ്ങളും  കാട്ടാന ഭീഷണിയിലാണ‌്.  
കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയിലാണ് കാട്ടാനക്കൂട്ടമിറങ്ങുന്നത്. പാലക്കുഴി, കണച്ചിപ്പരുത, പനംകുറ്റി തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ ശല്യം. 
ഈ മേഖലയിൽ വ്യാപകമായ കൃഷി നാശമുണ്ടാക്കിയിട്ടുണ്ട‌്. കാട്ടാനയെ തുരത്താൻ സംസ്ഥാനത്ത് തന്നെ ആദ്യമായി എലിഫന്റ് റിപലന്റ‌് സ്ഥാപിച്ചത് കണച്ചിപ്പരുതയിലാണ്. റിപലന്റിൽ നിന്ന‌് വരുന്ന ശബ്ദംകേട്ട് ആനകൾ പുറംതിരിഞ്ഞോടിയിരുന്നു.
 കടുവയുടെയും കാട്ടു കടന്നലിന്റെയും ശബ്ദമാണ് റിപലന്റിൽ സെറ്റ് ചെയ്ത് വച്ചിരിക്കുന്നത്. 
സൗരോർജ വേലിയും ഈ മേഖലയിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം മറികടന്ന് ആനക്കൂട്ടം ഇപ്പോഴും വിലസുന്നുണ്ട്. കണച്ചിപ്പരുത –- -പാലക്കുഴി റോഡിൽ യാത്രക്കാർക്ക്  വലിയ ഭീഷണിയാണ് കാട്ടാനക്കൂട്ടം ഉണ്ടാക്കുന്നത്.
നെല്ലിയാമ്പതിയിലെ ജനവാസ മേഖലയായ പുലയൻപാറയിലും തമ്പുരാൻ കാടിന‌് സമീപവും റോഡിൽ ശനിയാഴ‌്ചയും ആനകളെത്തി.
 
വീട്‌ തകർത്തു; 
രക്ഷപ്പെട്ടത‌് തലനാരിഴയ്ക്ക‌്
ഷോളയൂർ
ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ആദിവാസി കുടുംബം  രക്ഷപ്പെട്ടത‌് തലനാരിഴയ‌്ക്ക‌്. ഷോളയൂരിലെ മരുതനും ഭാര്യ രാജമണിയും മൂന്നു കുട്ടികളുമാണ് കാട്ടാനയിൽ നിന്ന‌് ഓടി രക്ഷപ്പെട്ടത്. 
ശനിയാഴ്ച രാത്രി 11 ഓടെയാണ് രണ്ടു കാട്ടാനകൾ ഇവരുടെ വീട്ടിലെത്തിയത്. വീട് പൊളിക്കുന്ന ശബ്ദംകേട്ട മരുതൻ ഭാര്യയും കുട്ടികളുമായി ഇറങ്ങി ഓടുകയായിരുന്നു. വീട് ഭാഗികമായി ആന തകർത്തു. ഷോളയൂരിലും പരിസര പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്‌. നേരത്തേ ഇവിടെ ഉണ്ടായിരുന്ന ആർആർടിയെ പിൻവലിച്ചിരുന്നു. അട്ടപ്പാടിയിൽ എല്ലായിടത്തും കാട്ടാനകളുടെ വിളയാട്ടമാണ്. കൂട്ടമായി ഒരേസമയം പലയിടത്ത് ഇറങ്ങുന്ന കാട്ടാനകളെ നിയന്ത്രിക്കാനാകാതെ വനപാലകരും കുഴങ്ങുകയാണ്.
 
 
ഭയമൊഴിയാതെ ധോണി
സ്വന്തം ലേഖകൻ
പാലക്കാട്
ഒരിടവേളയ്ക്ക് ശേഷം ധോണിയെ ഭയത്തിലാഴ്ത്തി കൊമ്പൻമാർ കാടിറങ്ങി. ഞായറാഴ‌്ച രാവിലെ  കർഷകനെയും പശുവിനെയും ഒറ്റയാൻ ആക്രമിക്കാൻ ശ്രമിച്ചു. ചൂലിപ്പാടം കോലത്ത് വീട്ടിൽ തോമസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
തോട്ടത്തിൽ പശുവിന് വെള്ളം നൽകാൻ  ചെന്നതായിരുന്നു. പശുവുമായി നടന്നു നീങ്ങുന്നതിനിടെ പരിചിതമല്ലാത്ത ശബ്ദവും അനക്കവും കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് ആന പിന്തുടരുന്നത് കണ്ടത്. തോമസിനെയും പശുവിനെയും  ആന തോട്ടത്തിലൂടെ ഓടിച്ചു. ബഹളം കേട്ടെത്തിയ ബന്ധു  ഷെറി നിലവിളിച്ചതിനെ തുടർന്ന് ആന കാട്ടിലേക്ക് കയറി.  
കുറേ നാളായി ഈ പ്രദേശത്ത് ആനയെത്താറില്ലായിരുന്നു. അരിമണിക്കാട്, ചൂലിപ്പാടം, ചൊളോട്, മേലേ ധോണി, ചേറ്റിൽ വെട്ടിയ ക്ഷേത്ര പരിസരം, പള്ളക്കാട് എന്നിവിടങ്ങളാണ് സ്ഥിരം കേന്ദ്രങ്ങൾ. ഇവയെല്ലാം ജനവാസ മേഖലയാണ്. റോഡിനോട് ചേർന്നാണ് വനാതിർത്തി തുടങ്ങുന്നത്.  
രണ്ടാഴ്‌ച മുമ്പാണ് ഇതേ മേഖലയിൽ വീട്ടിലെത്തി കടുവ ആടിനെ കടിച്ചുകൊണ്ടുപോയത്. വൈദ്യുത വേലികൾ സമയാസമയങ്ങളിൽ ചാർജു ചെയ്യുന്നുണ്ടെന്ന് വനംവകുപ്പ് പറയുമ്പോഴൂം കാട്ടാനക്കൂട്ടം നാടിറങ്ങുന്നു. സ്ഥിരം ആനത്താരയിൽ വേലിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി സുരക്ഷാ മാർഗങ്ങൾ വനംവകുപ്പ് പ്രയോഗിച്ചു. പക്ഷേ ഓരോന്നും കൃത്യമായി മുറിച്ചുകടക്കാൻ ആനകൾ പഠിച്ചു. 
കഴിഞ്ഞവർഷം നാലുപേരാണ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം അട്ടപ്പാടിയിൽ രണ്ടുപേരും വാളയാറിൽ ഒരു വാച്ചറും കൊല്ലപ്പെട്ടു. പടലിക്കാട് സ്വദേശി മുത്തുവിനെ ആനകൾ ആക്രമിച്ചിരുന്നു. ഇവിടെ നിന്ന് ആനകളെ കാടുകയറ്റിയെങ്കിലും തിരിച്ചിറങ്ങുകയാണ‌്.
 
വൈദ്യുതിവേലി വ്യാപിപ്പിക്കും
പാലക്കാട‌്
കാട്ടാനശല്യം രൂക്ഷമായ  വാളയാർ മുതൽ കല്ലടിക്കോട‌് വരെയുള്ള ഭാഗങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക‌് വൈദ്യുതിവേലി വ്യാപിപ്പിക്കും. നിലവിൽ 85 കിലോമീറ്ററിൽ വേലിയുണ്ട‌്. ഗവർണർ സ‌്ട്രീറ്റ‌് മുതൽ പന്നിമടവരെ 14 കിലോമീറ്റർ കൂടി അടിയന്തരമായി വൈദ്യുതവേലി കെട്ടും. ബോംബ‌് ഗൺ വാങ്ങാനും നടപടി സ്വീകരിക്കും. വനംവകുപ്പിന്റെ കണക്കു പ്രകാരം 40 ആനകളുണ്ട‌്. ഇതിൽ 15 ആനകളാണ‌് നാട്ടിലിറങ്ങുന്നത‌്. മദപ്പാടുള്ള ഒരു ആനയടക്കം മൂന്ന‌് ആനകളാണ‌് പ്രശ‌്നക്കാർ.
മഴ പെയ‌്തു തുടങ്ങിയാൽ കാട്ടാനകൾ നാട്ടിലെത്തില്ലെന്ന ആശ്വാസത്തിലായിരുന്നു ജനം. 
എന്നാൽ മഴ പെയ്യാത്തത‌് പ്രതിസന്ധിയുണ്ടാക്കുന്നു. 
മഴ പെയ‌്താൽ കാട്ടാനകളെ ഓടിക്കാൻ  വയനാട്ടിൽനിന്ന‌് കുങ്കിയാനകളെ കൊണ്ടുവരാമെന്ന വനംവകുപ്പിന്റെ തീരുമാനം നടപ്പാക്കാനാവാത്ത അവസ്ഥയാണ്‌. 
പ്രധാന വാർത്തകൾ
 Top