30 July Friday
ആലത്തൂരിൽ കള്ളപ്പണം മുക്കൽ

ബിജെപിയിൽ രാജി ഭീഷണി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
ആലത്തൂർ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭാ തെരഞ്ഞെടുപ്പിലും കേന്ദ്ര നേതൃത്വം നൽകിയ പണം താഴേത്തട്ടിൽ വിതരണം ചെയ്യാതെ മുക്കിയത്‌ വിവാദമായതോടെ ബിജെപി ആലത്തൂർ മണ്ഡലം കമ്മിറ്റിയിൽ ഭിന്നത രൂക്ഷം. 
നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വോട്ട്‌ കിട്ടിയില്ലെന്നും ഇതിനുപിന്നിൽ നേതൃത്വത്തിന്റെ അഴിമതിയാണെന്നും കാണിച്ച്‌ ഒരു വിഭാഗം രംഗത്തുവന്നു. നേരത്തേ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ പിരിച്ച പണത്തിന്റെ കണക്ക്‌ കാണിക്കാതെ മണ്ഡലം ജനറൽ സെക്രട്ടറി കൃത്രിമം കാണിച്ചതായി മണ്ഡലം പ്രസിഡന്റ്‌ ബി ഷിബു നേതൃത്വത്തിന്‌ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടന്നില്ല.
 നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരത്തിൽ വൻതോതിൽ കള്ളപ്പണം എത്തിയെന്നും അത്‌ ചെലവഴിക്കാതെ നേതാക്കൾ മുക്കിയെന്നുമാണ് പരാതി. 
മണ്ഡലം ജനറൽ സെക്രട്ടിക്കെതിരെയാണ്‌ കൂടുതൽ പരാതി. 45 അംഗ മണ്ഡലം കമ്മിറ്റിയിൽ ആറു പേരൊഴികെ ബാക്കിഎല്ലാവരും ഈ അഭിപ്രായമുള്ളവരാണ്‌. അതിനാൽ അവരെല്ലാം കഴിഞ്ഞ യോഗത്തിൽനിന്ന്‌ വിട്ടുനിന്നു. ഇക്കാര്യങ്ങളിൽ വ്യക്തമായ അന്വേഷണം നടത്തിയില്ലെങ്കിൽ ഭൂരിഭാഗം അംഗങ്ങളും രാജിവയ്‌ക്കുമെന്നും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്‌. 
എന്നാൽ മണ്ഡലം ജനറൽ സെക്രട്ടറിയെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും അതിന്‌ ചെവികൊടുക്കരുതെന്നുമാണ്‌ ജില്ലാ നേതൃത്വത്തിന്റെ നിലപാട്‌. ആർഎസ്‌എസും ഈ നിലപാടിനെ പിന്തുണയ്‌ക്കുന്നു. 
സാമ്പത്തിക ക്രമക്കേട്‌ ചൂണ്ടിക്കാട്ടിയിട്ടും നേതൃത്വം ഇടപെടാത്തതിനെത്തുടർന്ന്‌ മഹിളാ മോർച്ച മുൻ ജില്ലാ സെക്രട്ടറി പ്രകാശിനി നാരായണൻ നേരത്തേ രാജിവച്ചിരുന്നു. ഇപ്പോൾ പുറത്തുവന്ന പരാതി ഗൗരവമുള്ളതാണെന്ന്‌ മണ്ഡലം കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും പറയുന്നു. 
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ കിട്ടാനിടയുള്ള വോട്ട്‌ നഷ്ടപ്പെടുത്തുകയും  പല മേഖലകളിലും കോൺഗ്രസിനെ സഹായിക്കുകയും ചെയ്‌തു. ഇതിലും വലിയ സാമ്പത്തിക ഇടപാട്‌ നടന്നിട്ടുണ്ടെന്നും ബിജെപി നേതാക്കളാണ്  ഇതിനുപിന്നിലെന്നും മണ്ഡലം കമ്മിറ്റിയംഗങ്ങൾ പറയുന്നു. ഇക്കാര്യങ്ങളെല്ലാം വലിയ പൊട്ടിത്തെറിയിലേക്കാണ്‌ ബിജെപിയെ നയിക്കുന്നതന്നും അംഗങ്ങൾ ചുണ്ടിക്കാട്ടുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top