18 June Friday

കുട്ടികളിൽ ലക്ഷണം കുറവ്‌; 
പ്രത്യേക ശ്രദ്ധ വേണം

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
പാലക്കാട്‌
കോവിഡ് രണ്ടാംതരംഗത്തിൽ കുട്ടികൾക്കിടയിലെ രോഗവ്യാപനവും  വർധിച്ചു. വൈറസുകളുടെ ശക്തി കൂടിയതിനാൽ രോഗം പടരാൻ സാധ്യത കൂടി. ഒപ്പം കുടുംബാംഗങ്ങളുടെ അലംഭാവവും കുട്ടികളെ രോഗബാധിതരാക്കുന്നു. രോഗബാധിതരായവരിൽ 60–-70ശതമാനം കുട്ടികൾക്കും കാര്യമായ രോഗലക്ഷണമുണ്ടാവില്ല. ചെറിയ ജലദോഷമോ പനിയോ മാത്രമായിരിക്കും. 
രോഗലക്ഷണമുള്ള കുട്ടികൾക്ക്‌ മികച്ച പരിചരണം നൽകണം. ശ്വസനസംബന്ധമായ പ്രശ്‌നമുള്ള കുട്ടികളാണെങ്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതാണ്‌ നല്ലത്‌. പനി, ശരീരവേദന, ചുമ എന്നിവയ്‌ക്കൊപ്പം ദഹനവുമായി ബന്ധപ്പെട്ട വയറിളക്കം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളും കാണാം. കുട്ടികൾക്ക്‌ കോവിഡ്‌ ബാധിച്ചാൽ നല്ല ഭക്ഷണം നൽകണം. ഒപ്പം ധാരാളം വെള്ളം കൊടുക്കണം. ചെറിയ ലക്ഷണമാണെങ്കിലും ചികിത്സ ഉറപ്പാക്കണം.
ഉയർന്ന ശ്വസന നിരക്ക്, ശ്വാസതടസ്സം, അസ്വാസ്ഥ്യം, നാല് ദിവസത്തിൽ കൂടുതൽ തുടരുന്ന പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുകയും കോവിഡ്‌ പരിശോധന നടത്തുകയും വേണം. കുട്ടികൾക്കും മുതിർന്നവർക്കും രോഗം വേഗത്തിൽ പടരും. കുടുംബത്തിൽ ആരെങ്കിലും കോവിഡ്‌ പോസിറ്റീവായാൽ ലക്ഷണമില്ലെങ്കിൽപോലും കുട്ടികളെ പരിശോധനയ്‌ക്ക്‌ വിധേയമാക്കണം. 
മുതിർന്നവർ വാക്‌സിൻ സ്വീകരിക്കുന്നതോടെ പ്രതിരോധസംവിധാനം മെച്ചപ്പെടും. എന്നാൽ ഇവർ രോഗവാഹകരാകാൻ സാധ്യതയുണ്ട്‌. ഇവരിൽനിന്ന്‌ രോഗം ലഭിക്കുക മിക്കവാറും കുട്ടികൾക്കായിരിക്കും. ഇതിനൊപ്പംതന്നെ സ്‌കൂളിൽ പോകാതെയും മറ്റുള്ളവരുമായി ഇടപഴകാതെയും കളിക്കാതെയുമൊക്കെ വീടിനുള്ളിൽ കഴിയേണ്ടിവരുന്ന കുട്ടികളുടെ മാനസികനിലയിലും സ്വഭാവത്തിലുമൊക്കെ മാറ്റമുണ്ടാകും. 
അതിനാൽ കുട്ടികൾക്ക്‌ ഏറ്റവുമധികം ശ്രദ്ധയും പരിചരണവും നൽകേണ്ട കാലമാണിതെന്ന്‌ ആരോഗ്യവിദഗ്‌ധർ വ്യക്തമാക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top