18 June Tuesday

വികസനയാത്രയിലെ പച്ചത്തുരുത്ത‌്

ബിജോ ടോമിUpdated: Monday Apr 15, 2019
പാലക്കാട‌്
പ്രകൃതി വിഭവങ്ങളെ കരുതലോടെ ഉപയോഗിച്ച‌് സഹജീവികളോടും വരും തലമുറയോടുമുള്ള പ്രതിബദ്ധത പങ്കുവയ‌്ക്കുന്ന സ‌്നേഹ സന്ദേശ യാത്രയായിരുന്നു  എം ബി രാജേഷിന്റെ നേതൃത്വത്തിൽ പാലക്കാ‌ട‌് നഗരത്തിൽ ഇലക്‌ട്രിക‌് വാഹനങ്ങൾ മാത്രം ഉപയോഗിച്ച‌് സംഘടിപ്പിച്ച ‘ഗ്രീൻ റൈഡ‌്’. പ്രകൃതി സൗഹൃദ ജീവിതം എന്ന ആശയം മുന്നോട്ട‌് വയ‌്ക്കുവാനും പുകരഹിത വാഹനം പ്രോത്സാഹിപ്പിക്കാനും ആഗോള വികസന കാഴ‌്ചപ്പാടിനൊപ്പം നാടിനെ  നയിക്കുവാനുമുള്ള പ്രതീകാത്മക ശ്രമത്തെ ഇരും കൈയും നീട്ടിയാണ‌് നഗരം സ്വീകരിച്ചത‌്. 
അഞ്ചുവിളക്കിൽനിന്ന‌് ആരംഭിച്ച ഗ്രീൻ റൈഡിൽ പങ്കെടുക്കാൻ മൂന്നര വയസ്സുള്ള ധ്വനി എത്തിയത‌് തന്റെ കുഞ്ഞൻ സൈക്കിളുമായാണ‌്. കുഞ്ഞിപ്പല്ലുകൾ കാട്ടി ചിരിച്ച‌് മുന്നിലായി അണിനിരന്ന ധ്വനി പ്രകൃതി സൗഹൃദ രാഷ‌്ട്രീയത്തിന്റെ കുരുന്നു മാതൃകയായി. ഇലക്‌ട്രിക‌്  ഓട്ടോറിക്ഷയിലായിരുന്നു എം ബി രാജേഷ‌്. വിഷു തലേന്നത്തെ നഗര തിരക്കിലൂടെ മുന്നോട്ടു നീങ്ങിയ ഇലക്‌ട്രിക‌് വാഹനങ്ങൾ ആളുകൾക്കും പുതിയ അനുഭവമായി. വഴിയരികിൽ നിന്നവരെല്ലാം രാജേഷിനെ കണ്ടതും വാഹനത്തിലരികിലേക്ക‌് ഓടിയെത്തി. കൈയുയർത്തി അഭിവാദ്യം ചെയ‌്തും നഗരവാസികളുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയും മുന്നേറിയ  ഗ്രീൻ റൈഡ‌ിനു പിന്നിൽ നാട്ടുകാരും കാൽനടയായി ചേർന്നു. 
കേര‌ളത്തിലെ ആദ്യത്തെ ഇലക്‌ട്രിക‌് ഓട്ടോറിക്ഷയുമായാണ‌് വലിയപാടം സ്വദേശി വി പി ചന്ദ്രൻ എത്തിയത‌്. ഒന്നര വർഷ മുമ്പാണ‌് പ്രകൃതി സൗഹൃദ ആശയം മുൻനിർത്തി ചന്ദ്രൻ ഇലക്‌ട്രിക‌് റിക്ഷ സ്വന്തമാക്കിയത‌്. നാട‌് നേരിടുന്ന ഏറ്റവും വലിയ വിപത്തിനെതിരെ മഹത്തായ സന്ദേശം നൽകി സംഘടിപ്പിച്ച ഈ നൂതന മാതൃക പാലക്കാട‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി എം ബി രാജേഷിന്റെ നാളെയെക്കുറിച്ചുള്ള കരുതലിന്റെ നേർസാക്ഷ്യമാണെന്ന‌് ചന്ദ്രൻ പറഞ്ഞു. 
നെല്ലേക്കള സ്വദേശി ജഗദീഷ‌് എത്തിയത‌് തന്റെ  ഇലക്‌ട്രിക‌്  മുച്ചക്ര വാഹനവുമായായിരുന്നു. ലോട്ടറി വിറ്റ‌് ഉപജീവനം കഴിക്കുന്ന ജഗദീഷ‌് വൈകുന്നേരത്തെ ലോട്ടറി വിൽപ്പന വേണ്ടെന്ന‌് വച്ചാണ‌്  പ്രകൃതി സൗഹൃദ യാത്രയുടെ ഭാഗമായത‌്. 15 വർഷം മുമ്പ‌് തമിഴ‌്നാട്ടിൽ നിന്ന‌് പാലക്കാടെത്തിയ രത്നസ്വാമിയും കാടാംകോട‌് സ്വദേശി സജിതയുമെല്ലാം ഗ്രീൻ റൈഡ‌ിന‌് ഐക്യദാർഢ്യവുമായെത്തി. ചെങ്കൊടിയും പാറിച്ച‌് നിര നിരയായി നഗരത്തിന്റെ തിരക്കുകളിലൂടെ നീങ്ങിയ ഇലക്‌ട്രിക‌് വാഹനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട പ്രധാന വിഷയമാണ‌് ഹരിത രാഷ‌്ട്രീയം എന്ന‌് ഓർമപ്പെടുത്തി. 
സുൽത്താൻപേട്ട കഴിഞ്ഞ‌് കോളേജ‌് റോഡിലേക്ക‌് കടന്നപ്പോൾ രാജേഷ‌് ഇലക്‌ട്രിക‌് ഓട്ടോയിൽ നിന്ന‌് സ‌്കൂട്ടറിലേക്ക‌് മാറി. വഴിയാത്രക്കാരും മറ്റു വാഹനങ്ങളിലുള്ളവരും ഇലക്‌ട്രിക‌്  സ‌്കൂട്ടറിൽ മഹത്തായ സന്ദേശവുമായി എത്തിയ രാജേഷിന‌് ആശംസകൾ നേരുന്നുണ്ടായിരുന്നു. ഇടയ‌്ക്ക‌് സ്ഥാനാർഥിയെ കാണാൻ ചിലർ വണ്ടി നിർത്തിയപ്പോൾ ട്രാഫിക‌് കുരുക്ക‌് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന‌് പ്രത്യേകം ഓർമിപ്പിച്ചു. 
ഇൻഡോർ സ‌്റ്റേഡിയത്തിനു സമീപമാണ‌് നൂതന വികസന പദ്ധതി കൊണ്ട‌് പാലക്കാടിനെ സമ്പന്നമാക്കിയ രാജേഷിന്റെ നൂതന പ്രചാരണം സമാപിച്ചത‌്. ശേഷം നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും പര്യടനം നടത്തി. 
എൽഡിഎഫ‌് പാലക്കാട‌് അസംബ്ലി മണ്ഡലം സെക്രട്ടറി കെ വിജയൻ, ഡിവൈഎഫ‌്ഐ കേന്ദ്രകമ്മിറ്റി അംഗം നിതിൻ കണിച്ചേരി, ജില്ലാ ജോയിന്റ‌് സെക്രട്ടറി ജിഞ്ചു ജോസ‌്, ടി കെ നൗഷാദ‌്, വി സുരേഷ‌് എന്നിവരും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top