21 April Sunday

സർക്കാരിന്റെ കരുതലിൽ വിഷുസമ്മാനം

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

 പാലക്കാട‌്

വീടിന‌് പുതുമണം മാറിയിട്ടില്ല. ടൈൽസ‌് വിരിച്ച തിണ്ണയിലിരുന്ന‌് പ്രഭാകരനും ഭാര്യ പ്രേമയും വിഷുവിന‌് ഇനി എന്തൊക്കെ വാങ്ങാനുണ്ട‌് എന്ന കണക്കെടുക്കുകയാണ‌്. ഓട്ടുരുളിയും കൃഷ‌്ണ വിഗ്രഹവും നേരത്തേ വാങ്ങി. വീടിനുസമീപം പൂത്തുലഞ്ഞ‌് നിൽക്കുന്ന കണിക്കൊന്നയിൽനിന്ന‌് കണിക്കുള്ള പൂക്കൾ എടുക്കാം. നിലവിളക്ക‌് ഒന്നുകൂടി കഴുകി തുടയ‌്ക്കണമെന്ന‌് പ്രഭാകരൻ ഓർമപ്പെടുത്തി. ബാക്കിയുള്ള സാധനങ്ങൾ ചന്തയിൽനിന്ന‌് വാങ്ങണം. 
സ്വന്തം വീട്ടിൽ ഇനിയൊരു വിഷുക്കണി ഒരുക്കാൻ കഴിയുമെന്ന‌് കരുതിയിരുന്നില്ലെന്ന‌് പറയുമ്പോൾ പ്രേമയുടെ കണ്ണിൽ പ്രളയംപോലെ പൊടുന്നനെ കണ്ണുനീർ നിറഞ്ഞു.‘ ഞങ്ങളുടെ ഈ പുതിയ വീട‌് എൽഡിഎഫ‌് സർക്കാരിന്റെ വിഷു സമ്മാനമാണെന്ന‌്’ പറഞ്ഞ‌് പ്രേമ സാരിതലപ്പുകൊണ്ട‌് കണ്ണുനീരൊപ്പി. 
പാലക്കാട‌് കുഞ്ഞൻ ബാവ കോളനിയിൽ ഗോകുലം വീട്ടിൽ പ്രഭാകരന‌് സംസ്ഥാന സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിലൂടെയാണ‌് പുതിയ വീട‌് ലഭിച്ചത‌്. പ്രളയത്തിൽ വീടിന‌് പിന്നിലെ ശംഖുവാരത്തോട‌് നിറഞ്ഞൊഴുകി പ്രഭാകരന്റെ വീട‌് വെള്ളത്തിൽ മുങ്ങി. വെള്ളം ഇറങ്ങാതെ നിന്നതോടെ ഓടിട്ട വീട‌് തകർന്ന‌് വീഴുകയായിരുന്നു. 
70 വയസ്സുള്ള പ്രഭാകരൻ ചായയും പലഹാരങ്ങളും ഉണ്ടാക്കി വിറ്റാണ‌് ഭാര്യയും മകളും, മകളുടെ രണ്ട‌് കുട്ടികളും അടങ്ങുന്ന കുടുംബം പുലർത്തുന്നത‌്. കെയർ ഹോം പദ്ധതിയിലൂടെ അഞ്ചുലക്ഷം രൂപയാണ‌് ലഭിച്ചത‌്. രണ്ട‌് കിടപ്പുമുറിയും ഹാളും അടുക്കളയും വരാന്തയുമുള്ള വീടിന്റെ പാലുകാച്ചൽ ശനിയാഴ‌്ചയായിരുന്നു. പദ്ധതിയിൽ ജില്ലയിൽ 206 വീടുകളാണ‌് നിർമിക്കുന്നത‌്. ഇതിൽ 102 വീടുകളും നിർമാണം പൂർത്തീകരിച്ച‌് താക്കോൽ കൈമാറി. 40 വീടുകളുടെ നിർമാണം ഈ മാസം മുപ്പതിനകം പൂർത്തിയാകും. 
ബാക്കിയുള്ള വീടുകൾ മെയ‌് 31നകം നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുമെന്ന‌് ജോയിന്റ‌് രജിസ‌്ട്രാർ എം കെ ബാബു പറഞ്ഞു.  
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന‌് സഹകരണ മേഖലയെ സംയോജിപ്പിച്ച‌് രൂപം നൽകിയ ‘കെയർ കേരള’പദ്ധതിയുടെ ഭാഗമായാണ‌് കെയർ ഹോം നടപ്പാക്കുന്നത‌്‌. സഹകരണസംഘം പ്രസിഡന്റ‌്, ഭരണസമിതിയിലെ ഒരംഗം, സെക്രട്ടറി, ഗുണഭോക്താവ‌്, ബന്ധപ്പെട്ട പഞ്ചായത്തിന്റെ പ്രതിനിധി, കലക‌്ടറുടെ പ്രതിനിധി എന്നിവരുൾപ്പെട്ട ഗുണഭോക്തൃസമിതിയാണ‌് വീടുകളുടെ നിർമാണത്തിന‌് മേൽനോട്ടം വഹിക്കുന്നത‌്. 
500 ചതുരശ്രയടി വിസ‌്തീർണമുള്ളതാണ‌് ഒരു വീട‌്. അഞ്ച‌് ലക്ഷം രൂപയാണ‌് ഒരു വീടിനായി സഹകരണ വകുപ്പ‌് ചെലവഴിക്കുന്നത‌്.
പ്രധാന വാർത്തകൾ
 Top