21 April Sunday

സ്വപ്‌നഭവനത്തിൽ പൊൻകണി

അശോകൻ രാജീവംUpdated: Monday Apr 15, 2019

തത്ത വീടിന്‌ മുന്നിൽ

 
കുഴൽമന്ദം
ജീവിത പ്രാരാബ‌്ധങ്ങൾക്കിടയിൽ സ്വന്തമായൊരു വീടെന്നത‌് സ്വപ്നം മാത്രമായിരുന്നു തത്ത–-കറുപ്പൻ ദമ്പതികൾക്ക്. തേങ്കുറുശി പഞ്ചായത്തിലെ വെമ്പല്ലൂർ മുരിങ്ങമലയിലാണ‌് തത്ത മൂന്നുമക്കളോടൊപ്പം ഓലപ്പുരയിൽ താമസിച്ചിരുന്നത്. കറുപ്പന്റെ മരണം വരെയും വീടെന്ന സ്വപ്നം നെഞ്ചിനുള്ളിലൊരു നീറ്റലായി കിടന്നു.
എൽഡിഎഫ‌് സർക്കാരിന്റെ ലൈഫ്മിഷൻ പദ്ധതിയിൽ തത്തയെ ഉൾപ്പെടുത്തിയത് പഞ്ചായത്ത് പ്രസിഡന്റ‌് സി ഇന്ദിരയായിരുന്നു. പഞ്ചായത്തംഗം വീട‌് പാസായിട്ടുണ്ടെന്ന വിവരം അറിയിച്ചപ്പോഴേ സന്തോഷംകൊണ്ട് കണ്ണ‌് നിറഞ്ഞു. പിന്നെയൊരു ആവേശമായിരുന്നു. എത്ര വേഗത്തിലാണ് ഓലക്കൂര നിന്നിടത്ത് കോൺക്രീറ്റ‌് വീടുയർന്നത്. മഴയേയും കാറ്റിനേയും പേടിക്കാതെ കേറിക്കിടക്കാൻ അടച്ചുറപ്പുള്ള, വൃത്തിയും വെടിപ്പുമുള്ള ഒരു സ്വപ്നഭവനം. 
‘ഈ വീട്ടിലെ ആദ്യ വിഷുക്കണി പിള്ളേരുടെ അച്ഛനുവേണ്ടിയാണ് ഞാനൊരുക്കുന്നത്. അദ്ദേഹം അങ്ങേ ലോകത്തിരുന്ന്‌  കണ്ട് സന്തോഷിക്കുമെന്ന‌് തീർച്ചയാണ്’ തത്തയുടെ വാക്കുകളിൽ സന്തോഷവും അഭിമാനവും പിന്നെ വീടൊരുക്കിത്തന്ന സർക്കാരിനോടുള്ള നന്ദിയും. ആ കണ്ണുകളിൽ ഒരു നിറകണി ഒരുക്കിയിട്ടുണ്ടായിരുന്നു.
ഒന്നാം വാർഡിലെ കുമാരി–-പരമേശ്വരൻ ദമ്പതികൾക്കും ഇത് പുതിയ വീട്ടിലെ ആദ്യ വിഷുവാണ്. ഞങ്ങൾക്കെന്തിനാ വേറൊരു വിഷുക്കണി, ഈ വീടുതന്നെയാണ് ഞങ്ങളുടെ കണി. ഉറക്കം പിടിക്കുംവരെ ഞാൻ മുറ്റത്ത് പായ വിരിച്ച് ഈ വീടും നോക്കി കിടക്കും. വീടിങ്ങനെ കണ്ണുനിറയെ കണ്ട് ഞാനും എന്റെ മക്കളും ഉറങ്ങും. വീട് കണികണ്ടാണ‌് ഉറങ്ങിയെഴുന്നേൽക്കുന്നതും. ഇത‌് പറയുമ്പോൾ പരമേശ്വരന്റെ കണ്ണുകളിൽ പൂത്തിരി വിരിഞ്ഞു. എട്ടാം വാർഡിലെ ഓമന–-രാമൻ ദമ്പതികൾക്കും ഇത് പുതിയ വീട്ടിലെ പുത്തൻ വിഷുവാണ്. ഇവർ മാത്രമല്ല ജില്ലയിൽ ലൈഫ‌് പദ്ധതിയിലൂടെ വീട‌് ലഭിച്ച ആയിരങ്ങളാണ‌് പുതിയ വീട്ടിൽ വിഷുവിനെ വരവേൽക്കുന്നത‌്.
പ്രധാന വാർത്തകൾ
 Top