24 February Monday

‘അപ്‌നാഘർ’ തണലിന്‌ ഒരുവയസ്സ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020
പാലക്കാട്‌
അതിഥിതൊഴിലാളികൾക്ക് താമസിക്കാൻ സംസ്ഥാന സർക്കാർ നിർമിച്ച കഞ്ചിക്കോട് അപ്നാ ഘറിന്‌ ഒരു വയസ്സ്‌. കഞ്ചിക്കോട് വ്യവസായ മേഖലയിലും പരിസരപ്രദേശത്തും ജോലി ചെയ്യുന്ന 14 കമ്പനിയിലെ 620 തൊഴിലാളികളാണ്‌ 62 മുറികളിലായി അപ്നാ ഘറിൽ താമസിക്കുന്നത്. ഒരു തൊഴിലാളിക്ക് മാസം 1000 രൂപ വീതമാണ് തൊഴിലുടമകൾ വാടകയിനത്തിൽ സർക്കാരിന് നൽകുന്നത്. 
കഴിഞ്ഞ വർഷം ഫെബ്രുവരി 23നാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ അപ്നാ ഘർ അതിഥി തൊഴിലാളികൾക്ക്‌ തുറന്നുകൊടുത്തത്‌. രാജ്യത്ത് ആദ്യമായി അതിഥി തൊഴിലാളികൾക്കായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രൂപീകരിച്ച താമസകേന്ദ്രമാണിത്‌.
പശ്ചിമബംഗാൾ, ഒഡീഷ, ഝാർഖണ്ഡ്, മധ്യപ്രദേശ്, അസം, ബിഹാർ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്‌ ഭൂരിഭാഗം തൊഴിലാളികളും. ആവശ്യമായ കുടിവെള്ളം, അടുക്കള, ഭക്ഷണം കഴിക്കാൻ ഡൈനിങ് ഹാൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഒരു മുറിയിൽ 10പേർക്ക് കിടക്കാനുള്ള സൗകര്യവും ഭക്ഷണം പാകം ചെയ്യാനുള്ള ഗ്യാസ് കണക്‌ഷനും സൗജന്യമായി നൽകുന്നു. 24 മണിക്കൂർ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറ, കഞ്ചിക്കോട് ശ്രീദുർഗ കുടുംബശ്രീയുടെ നേതൃത്വത്തിൽ നാലുപേർ ചേർന്ന് ശുചീകരണ പ്രവൃത്തിയുംചെയ്യുന്നു. ഒന്നുവീതം ക്ലർക്ക്, ടെക്‌നീഷ്യന്മാർക്ക് പുറമേ, സുരക്ഷാ സംവിധാനത്തിന്‌ ഭാഷാപ്രാവീണ്യമുള്ള നാല് വിമുക്തഭടന്മാരെയും നിയോഗിച്ചിട്ടുണ്ട്.
തൊഴിൽനൈപുണ്യവകുപ്പിനുകീഴിൽ പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷൻ കേരളയുടെ നേതൃത്വത്തിൽ എട്ടര കോടി രൂപ ചെലവിട്ടാണ് കഞ്ചിക്കോട് കിൻഫ്ര ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്സ്റ്റൈൽ പാർക്കിൽ അപ്‌നാഘർ നിർമിച്ചത്‌. 30 വർഷത്തേക്ക് പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഹോസ്റ്റൽ നിർമിച്ചത്‌. 
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. തൊഴിലാളികളുടെ ആരോഗ്യ, മാനസിക, ശുചിത്വകാര്യങ്ങൾ വിലയിരുത്താൻ തൊഴിൽവകുപ്പിലെ ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങളും നൽകി വരുന്നു. കോഴിക്കോട് രാമനാട്ടുകരയിലും എറണാകുളം കളമശേരിയിലും അതിഥി തൊഴിലാളികൾക്കായി രണ്ട് പദ്ധതികൾകൂടി ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുന്നു.
പ്രധാന വാർത്തകൾ
 Top