04 July Saturday

പൗരത്വ ഭേദഗതി നിയമം കോൺഗ്രസ്‌ സംസ്ഥാനങ്ങൾ പ്രമേയം പാസാക്കാത്തതെന്ത്‌: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

 

കൂറ്റനാട് 
കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌ ചോദിച്ചു. പൗരത്വ നിയമത്തിനെതിരെ കേരളത്തിൽ കോൺഗ്രസുകാർ തലങ്ങും വിലങ്ങും ലോങ്‌ മാർച്ച്‌ നടത്തുന്നത് ഇവിടെ പിണറായി വിജയൻ ഭരിക്കുന്നതുകൊണ്ടാണെന്നും രാജീവ്‌ പറഞ്ഞു. 
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ തൃത്താലയിൽ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
എന്തുകൊണ്ട് കോൺഗ്രസുകാർക്ക്‌ യുപിയിലും മറ്റു സംസ്ഥാനങ്ങളിലും മാർച്ച്‌ നടത്താൻ കഴിയുന്നില്ല. യുപിയിൽ മുസ്ലിങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നു. കേരളത്തിലെ എംപിമാർ എന്താണ് അവിടേക്ക് പോകാത്തത്. സംസ്ഥാനത്തിന്റെ വികാരമാണ്‌ നിയമസഭ പ്രമേയത്തിലൂടെ പ്രഖ്യാപിച്ചത്‌. കോൺഗ്രസ് അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണ്‌.  
കോൺഗ്രസിനെ ഇന്നത്തെ നിലയിൽ തകർത്തത്‌ അവരുടെ മൃദു ഹിന്ദുത്വ നിലപാടാണ്‌. സർദാർ വല്ലഭായ്‌ പട്ടേലിനെ ആർഎസ്എസ് കൊണ്ടുപോയപ്പോൾ പട്ടേൽ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു എന്ന് പറയാൻ തയ്യാറായില്ല. ഗാന്ധിജിയേയും കൊണ്ടുപൊയ്ക്കൊള്ളൂ എന്ന് പറയാൻ മുല്ലപ്പള്ളിയുടെ പാർടി തയ്യാറാകും. 
കശ്‍മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും നേതാക്കളെ തടവിലാക്കുകയും ചെയ്തപ്പോൾ കോടതിയിൽ പോയത് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയാണ്. എന്നാൽ അവിടെനിന്നുള്ള രാജ്യസഭാംഗമായ ഗുലാംനബി ആസാദാണ് യഥാർഥത്തിൽ കോടതിയെ സമീപിക്കേണ്ടിയിരുന്നത്. എന്തുകൊണ്ട് അദ്ദേഹം പോയില്ല, എന്തുകൊണ്ട് കോൺഗ്രസ് നേതാക്കൾ അതിന്‌ ആവശ്യപ്പെട്ടില്ല. ബിജെപിയുടെ രഥയാത്ര തടഞ്ഞ വി പി സിങ്‌ സർക്കാരിനെ ബിജെപിക്കൊപ്പം ചേർന്ന് വോട്ടുചെയ്ത് താഴെയിറക്കിയത്‌ കോൺഗ്രസാണ്‌. 
കശ്‍മീരിൽ പ്രത്യേക പദവി എടുത്തുകളഞ്ഞ മോഡിക്ക് പിന്തുണ കിട്ടിയെന്ന് വ്യാജ നിർമി്തിയുണ്ടാക്കി. മുത്തലാഖ്‌ വിഷയത്തിലും നുണകൾ പ്രചരിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിലും അപനിർമിതികളാണ്‌ പ്രചരിപ്പിക്കുന്നത്. ശാസ്ത്രമേത്, സങ്കൽപ്പമേത് എന്ന്‌ തിരിച്ചറിയാൻ കഴിയാത്ത കാലമാണിതെന്നും സത്യത്തേക്കാൾ വേഗത്തിൽ നുണ സഞ്ചരിക്കുകയാണെന്നും രാജീവ്‌ പറഞ്ഞു. യോഗത്തിൽ കെ പി ശ്രീനിവാസൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി കെ ചന്ദ്രൻ, ഏരിയ സെക്രട്ടറി പി എൻ മോഹനൻ എന്നിവർ സംസാരിച്ചു. എം ടി അച്യുതൻ സ്വാഗതവും എ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top