24 January Friday

4,665 വീടുകളില്‍ സോളാർ പ്ലാന്റ് സ്ഥാപിക്കും

സ്വന്തം ലേഖകൻUpdated: Wednesday Jan 15, 2020

 

 
പാലക്കാട്
പുരപ്പുറ സോളാർ പദ്ധതി പ്രകാരം ജില്ലയിൽ 4,665 വീടുകളിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കും. ടെൻഡർനടപടി പൂർത്തിയായതോടെ ഫെബ്രുവരിയിൽ പ്ലാന്റ് സ്ഥാപിച്ചു തുടങ്ങും. മെയ് മാസത്തിനകം 4,665 വീടുകളിലും പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാകും. സൗരോർജ വൈദ്യുതിക്ക് പ്രാധാന്യം നൽകാൻ സംസ്ഥാന സർക്കാരാണ് പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കുന്നത്. 
കെഎസ്ഇബി നേരിട്ടാണ് ഉപഭോക്താക്കളെ കണ്ടെത്തിയത്. പാലക്കാട് സർക്കിളിൽ 3,328 വീടുകളിലും ഷൊർണൂർ സർക്കിളിൽ 1,337 വീടുകളിലുമാണ് പ്ലാന്റ് സ്ഥാപിക്കുക. പൂർണമായും സൗജന്യമായാണ്‌ ഇവ സ്ഥാപിക്കുക. പ്ലാന്റ് സ്ഥാപിക്കുന്നതിനു മുന്നോടിയായി ഉപയോക്താവും കെഎസ്ഇബിയും തമ്മിൽ ഈ മാസം കരാറിൽ ഒപ്പിടും. ഇതിനായി കെഎസ്ഇബി സംഘം 4,665 വീടുകളിലുമെത്തും. 
കരാർ ഒപ്പിടുന്നതിനുമുമ്പ് പദ്ധതിയിൽനിന്ന് പിന്മാറാനും അവസരമുണ്ട്. മൂന്നുതരം സൗരോർജ പ്ലാന്റുകളാണുള്ളത്‌. മൂന്നിൽ ഏത് വേണമെന്ന് ഉപയോക്താവിന്‌ തീരുമാനിക്കാം. ഒന്നും രണ്ടും മോഡൽ പൂർണമായും സൗജന്യമായി സ്ഥാപിക്കുമെങ്കിൽ മൂന്നാമത്തെ മോഡൽ സ്ഥാപിക്കാൻ ഉപയോക്താവ് നിശ്ചിത തുക നൽകേണ്ടി വരും. ടാറ്റാ ടവർ, ​ഗാറി, ഇന്റൽ എന്നീ കമ്പനികളാണ് പ്ലാന്റ് സ്ഥാപിക്കാൻ കരാർ എടുത്തിരിക്കുന്നത്. ഉപയോക്താവുമായി കെഎസ്ഇബി കരാർ ഒപ്പിട്ടശേഷം കമ്പനിപ്രതിനിധികൾ വീടുകളിലെത്തി പ്രവൃത്തി തുട‌ങ്ങും. 
തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് കെഎസ്ഇബി കത്തയച്ചിട്ടുണ്ട്. ഉപയോക്താവിന്റെ കോൺക്രീറ്റ്‌ വീടുകൾക്ക്‌ മുകളിലാണ് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത്. പദ്ധതിക്ക്‌ അപേക്ഷിച്ചവരുടെ വീട് സന്ദർശിച്ച് ആവശ്യമായ സ്ഥലമുള്ളവരെ കെഎസ്ഇബി കണ്ടെത്തുകയായിരുന്നു. ഓരോ വീട്ടിലും ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ ഒരു നിശ്ചിത ശതമാനം ഉപയൊക്താവിന് ലഭിക്കുന്ന രീതിയിലാണ് പുരപ്പുറ സൗരോർജ പദ്ധതി.
പ്രധാന വാർത്തകൾ
 Top