13 October Sunday
ചെറുകുന്നം വായനശാലയുടെ 30 വർഷമായ പദ്ധതി

വീടുകളിൽ വായന 
വളരുന്നു

ശിവദാസ്‌ തച്ചക്കോട്‌Updated: Saturday Sep 14, 2024
 
വടക്കഞ്ചേരി 
പുസ്‌തകവായനയ്‌ക്ക്‌ ലൈബ്രറിയിൽ എത്താൻ കഴിയാത്തവർക്ക്‌ അവ വീടുകളിലെത്തിച്ചുനൽകാൻ ആദ്യമായി പദ്ധതിയിട്ടത്‌ ചെറുകുന്നം പുരോഗമന വായനശാലയായിരുന്നു. 30 വർഷംമുമ്പ്‌ തുടങ്ങിയ പദ്ധതി ഇന്നും മുടങ്ങാതെ, സജീവമായി കൊണ്ടുപോകുകയാണ്‌ ഈ ജനകീയ വായനശാല. ചെറുകുന്നം, വക്കാല, പുത്തൻകുളമ്പ്, കണിയമംഗലം, പടിഞ്ഞാറേപ്പാടം, മണിയൻചിറ തുടങ്ങിയ പ്രദേശങ്ങളിലെ 406 കുടുംബങ്ങളിലേക്ക് ഇന്നും മുടങ്ങാതെ പുസ്തകങ്ങൾ എത്തിച്ചുകൊടുക്കുന്നു. പ്രായമായവരെ ഉൾപ്പെടെ വായനയുടെ ലോകത്തേക്ക് എത്തിക്കാൻ ഇതിലൂടെ സാധിച്ചു. ഇങ്ങനെ ഒരാശയം നടപ്പാക്കിയ സ്ഥാപക പ്രസിഡന്റും മുൻ എംഎൽഎയുമായ സി ടി കൃഷ്‌ണൻ ആറുപതിറ്റാണ്ടായി വായനശാലയുടെ അമരത്തുതന്നെയുണ്ട്‌. 
കിഴക്കഞ്ചേരി പഞ്ചായത്തിലെ ചെറുകുന്നത്ത് പുരോഗമന കലാസമിതിയായി ആരംഭിക്കുമ്പോൾ സി ടി കൃഷ്ണൻ സെക്രട്ടറിയും കെ ടി സിദ്ദിഖ്‌ പ്രസിഡന്റുമായിരുന്നു. നിലവിൽ സി ടി കൃഷ്ണൻ പ്രസിഡന്റും സി എ കൃഷ്ണൻ സെക്രട്ടറിയുമാണ്‌. 15,000 പുസ്തകമാണ്‌ വായനശാലയുടെ ശേഖരത്തിലുള്ളത്. വായനശാലാ പ്രവർത്തനത്തിൽ സി ടി കൃഷ്ണന്റെ സംഭാവനയെ മുൻനിർത്തി 2010ലെ പി എൻ പണിക്കർ പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തി. വേറിട്ട പ്രവർത്തനങ്ങൾ നടപ്പാക്കിയതിനുള്ള അംഗീകാരമായി 2019-–-20ൽ ജില്ലയിലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള അവാർഡും നിരവധി തവണ താലൂക്കിലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള അവാർഡും ലഭിച്ചു. 
വായനശാലയുടെ പകൽവീടാണ് മറ്റൊരു പ്രത്യേകത. വീടുകളുടെ അകത്തളങ്ങളിൽ ഏകാന്തത അനുഭവിക്കുന്നവർക്ക് ഒത്തുകൂടാൻ എല്ലാ ആഴ്ചയിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 2023ൽ ആരംഭിച്ച പകൽവീടിന്റെ ഭാഗമായി ഇതുവരെ 67 ആഴ്ചകളിൽ പരിപാടികൾ നടത്തി. മണിപ്പുർ കലാപമുൾപ്പെടെയുള്ള വിഷയങ്ങളിൽ സംവാദങ്ങളും ക്ലാസുകളുമുണ്ടായി. പകൽവീട്ടിലെത്തുന്നവർക്ക്‌ ഉച്ചഭക്ഷണവും നൽകുന്നുണ്ട്.
വാർഷികാഘോഷങ്ങൾ, എസ്എസ്എൽസി, -പ്ലസ്ടു വിജയികളെ അനുമോദിക്കൽ, ഓണാഘോഷം എന്നിവയെല്ലാം വായനശാലയുടെ ഭാഗമായി നടക്കാറുണ്ട്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ള പ്രമുഖർ വായനശാല സന്ദർശിച്ചിട്ടുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top