25 September Friday
മാലിന്യനീക്കമില്ല

നാറുന്നല്ലോ നഗരസഭേ..

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
 
പാലക്കാട് 
നഗരത്തിലും പരിസര പ്രദേശങ്ങളിലും കോവിഡ് വ്യാപനം തുടരുമ്പോൾ റോഡരികിൽ മാലിന്യവും കുമിഞ്ഞുകൂടുന്നു. മാസ്‌ക്കിട്ടാലും ദുർഗന്ധം മൂക്കുതുളഞ്ഞ് കയറുന്ന അവസ്ഥ. മഴകൂടി എത്തിയതോടെ മാലിന്യം അഴുകി നഗരത്തിൽ പകർച്ചവ്യാധി വ്യാപനത്തിന്‌ അവസരമൊരുങ്ങി. മാസങ്ങളായി പലഭാഗത്തുനിന്നും മാലിന്യം നീക്കുന്നില്ല. മഴക്കാലപൂർവ ശുചീകരണം നടത്താത്ത നഗരസഭാ ഭരണസമിതി മാലിന്യ ഹോട്ട്‌സ്പോട്ടുകളുടെ എണ്ണം കുറയ്ക്കണമെന്ന ഹരിത കേരളം മിഷന്റെ നിർദേശത്തിന് പുല്ലുവിലയാണ് നൽകുന്നത്. 
പട്ടിക്കര ബൈപാസിന്റെ ഇരുവശത്തും മാലിന്യം അഴുകിയ നിലയിലാണ്. സമീപത്തുകൂടെ ഒഴുകുന്ന തോട്ടിലേക്ക് മാലിന്യം ഒലിച്ചിറങ്ങുന്നു. രാത്രിയിൽ പന്നി, നായ ശല്യവും രൂക്ഷമാണ്‌. പേഴുങ്കര ബൈപാസിനടുത്തുള്ള കറുകോടി പാടശേഖരത്തിലേക്ക് അഴുക്കുചാൽ തുറന്നിട്ടിട്ടുണ്ട്‌. മേലാമുറി ഭാഗത്തുനിന്നുള്ള മലിനജലം ഒഴുകിയെത്തുന്നത് ഇവിടെയാണ്. ചുണ്ണാമ്പുത്തറ, ശംഖുവാരത്തോട്, മാതാകോവിൽ സ്ട്രീറ്റ്, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, സ്റ്റേഡിയം ഗ്രൗണ്ട്, മാട്ടുമന്ത, കൽമണ്ഡപം കൽപ്പാത്തി ബൈപാസ്, ചക്കാന്തറ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക്, പച്ചക്കറി, കോഴി മാലിന്യങ്ങളും കുന്നുകൂടുന്നു. ലക്ഷങ്ങൾ മുടക്കി നിർമിച്ച എയ‌്റോബിക് കമ്പോസ്റ്റിങ‌് പ്ലാന്റുകൾ പ്രവർത്തനരഹിതമാണ‌്. ഇവിടെയും സംസ്കരിക്കാനാവാതെ മാലിന്യം കെട്ടിക്കിടക്കുന്നു. ഉപയോഗിച്ച മാസ്ക്, ഗ്ലൗസ് എന്നിവ വഴിയിൽ തള്ളുന്നതും പതിവായി. തൊട്ടടുത്ത പഞ്ചായത്തുകളിൽ നഗരത്തിലെ മാലിന്യം തട്ടുന്നതായി പരാതിയുണ്ട്. സിസിടിവി സ്ഥാപിക്കാൻ തീരുമാനിച്ചതല്ലാതെ ഒരു പ്രവൃത്തിയും മുന്നോട്ട് നീങ്ങിയില്ല. കോവിഡിനൊപ്പം എലിപ്പനി, ഡെങ്കി എന്നിവയ്ക്കുള്ള സാധ്യത ഏറുകയാണ്. എത്രയും വേഗം മാലിന്യം നീക്കിയില്ലെങ്കിൽ നഗരം പകർച്ചവ്യാധികളുടെ പിടിയിലമരും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top