08 August Saturday

സ്‌നേഹത്തണലൊരുക്കി ഹരീഷ്‌ കേരളശേരി വീണ്ടും സംഗീതമാണീ പ്രണയം

ടി എം സുജിത്‌Updated: Friday Feb 14, 2020

 

 
പാലക്കാട്
പ്രണയം പൂക്കളിൽ നിന്ന് വാട്സാപ്പ്‌ സ്‍റ്റാറ്റസുകളിലേക്ക് മാറിയ കാലമാണിത്‌. രണ്ടിനുമിടയിൽ മറ്റൊരു കാലമുണ്ടായിരുന്നു. പ്രണയ ആൽബങ്ങൾ ഫെബ്രുവരിയെ ഓർത്തെടുത്തിരുന്ന ഒരു കാലം. 
ഓരോ പ്രണയദിനവും ഓരോ ആൽബങ്ങളുടെ വർഷമായിരുന്നു. അത്തരമൊരു കാലത്തിന്റെ, പ്രണയത്തിന്റെ നിറച്ചാർത്തുള്ള സ്വപ്‍നത്തിലേക്ക്‌ ഹരീഷ് കേരളശേരി ഇത്തവണ നമ്മെ ക്ഷണിക്കുന്നു: ഒരു പ്രണയ ആൽബത്തിന്റെ സൗന്ദര്യലോകമാണത്‌.
"എൻ പ്രാണൻ നിൻ ജീവൻ' എന്ന സം​ഗീതആൽബം പ്രണയദിനമായ വെള്ളിയാഴ്‌ച യൂട്യൂബിൽ റിലീസ് ചെയ്യും. കേരളശേരി എന്ന ​ഗ്രാമത്തിന്റെ സൗന്ദര്യവും ​ഗ്രാമീണ പ്രണയവും പറയുന്ന മനോഹരമായ ആൽബം ഏറെ സവിശേഷതയുള്ളതാണ്‌. ​ഗായകൻ പ്രദീപ് പള്ളുരുത്തി ആലപിച്ച  ആൽബത്തിന്‌ വരികളെഴുതി സം​ഗീതം പകർന്നത്‌ ഹരീഷ് തന്നെ. 
പത്തിലധികം ഭക്തി ആൽബങ്ങൾ ചെയ്‍ത ഹരീഷിന്റെ ആദ്യത്തെ പ്രണയ ആൽബമാണിത്. ഹരീഷിന്റെ സ്വാമിയേ ശരണമയ്യപ്പ, എൻ ​ഗുരുവായൂരപ്പൻ, തിരുമാന്ധാംകുന്ന് ഭഗവതിയെക്കുറിച്ച് ചെയ്‍ത ഉറഞ്ഞുതുള്ളുന്ന അമ്മ എന്നീ ആൽബങ്ങൾ വളരെ ശ്രദ്ധിക്കപ്പെട്ടു.  
പി ജയചന്ദ്രൻ, മധു ബാലകൃഷ്‍ണൻ, പി ഉണ്ണിക്കൃഷ്‍ണൻ എന്നിവർ ​ഈ ആൽബങ്ങളിൽ പാടി.  ഇതിനുപുറമെ നാല് ഡോക്യുമെന്ററികളും സംവിധാനം ചെയ്‍തു. 
എന്റെ സ്വന്തം പാലക്കാട്, പട്ടിണിപ്പാവങ്ങൾ, തമ്പുരാൻ എന്നും എന്റെകൂടെ, കണ്ണില്ലാതെ കാണുന്നു എന്നിവയാണ് ഇദ്ദേഹത്തിന്റെ ഡോക്യുമെന്ററികൾ. 
പ്രണയ ആൽബങ്ങളുടെ കാലത്തിലേക്കുള്ള തിരിച്ചുപോക്കുകൂടി മുന്നിൽകണ്ടാണ് ഒരു ​ഗ്രാമീണ പ്രണയ ആൽബമൊരുക്കാൻ ഹരീഷ് തയ്യാറായത്. 
അക്ഷയ് മണിയുടെ ഛായാ​ഗ്രഹണത്തിൽ, സിനിമയിൽ സജീവമായ ബോൽഷോയ് സംഘമാണ് ആൽബത്തിനുവേണ്ടി ഓർക്കസ്‌ട്ര കൈകാര്യം ചെയ്‍തിരിക്കുന്നത്. നിരവധി ആൽബങ്ങളിലൂടെ ശ്രദ്ധേയരായ അർജുനും മേഘയും പ്രണയജോഡികളായി വേഷമിട്ടു. ​ഗോപകുമാർ കളമശേരി ഡബ്ബിങ്ങും​ ജെ ദീപക്‌ ​ഗ്രാഫിക്‍സും നിർവഹിച്ചു. രണ്ടുമാസം കൊണ്ടാണ് ആൽബം പൂർത്തിയാക്കിയത്. 
പ്രണയദിനത്തിൽ യൂ ട്യൂബിൽ റിലീസ് ചെയ്യുന്ന ആൽബത്തിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
ഏഴ് മിനിറ്റിനുള്ളിൽ സുന്ദരമായ ഒരു പ്രണയകാവ്യമാണ് ആൽബം. മൃദം​ഗകലാകാരൻകൂടിയായ ഹരീഷ് പത്മശ്രീ ടി കെ മൂർത്തിയുടെ ശിഷ്യനാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top