29 January Saturday

അനീറ കബീർ ഇനി സർക്കാർ ജീവനക്കാരി

സ്വന്തം ലേഖകൻUpdated: Friday Jan 14, 2022
ഒറ്റപ്പാലം
മന്ത്രി നൽകിയ ഉറപ്പ്‌ പാലിച്ചു, അനീറ കബീർ സർക്കാർ ജീവനക്കാരിയായി. ട്രാൻസ്‌വനിതയായതിന്റെ പേരിൽ സർക്കാർ സ്‌കൂളിലെ താൽക്കാലിക ജോലി നഷ്ടമായ അനീറ കബീർ ഒറ്റപ്പാലം ബിആർസിയിൽ ക്ലസ്റ്റർ റിസോഴ്‌സ് സെന്റർ കോ–-ഓർഡിനേറ്ററായി വ്യാഴാഴ്ച ജോലിയിൽ പ്രവേശിച്ചു. പകൽ 11ന് ബിആർസിയിലെത്തി രജിസ്റ്ററിൽ ഒപ്പിട്ടു. 
ചെർപ്പുളശേരി സ്വദേശിയായ അനീറയ്‌ക്ക് ഏറ്റവും അടുത്തുള്ള ഒറ്റപ്പാലം ബിആർസിയിൽ ജോലി നൽകാൻ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടാണ്‌ എസ്എസ്‌കെ ജില്ലാ അധികൃതർക്ക് നിർദേശം നൽകിയത്‌. അനീറയ്‌ക്ക്‌ സ്ഥാപനത്തിൽ ഒരു വിവേചനവും ഉണ്ടാകില്ലെന്നും ജോലിയിൽ എല്ലാ സ്വാതന്ത്ര്യവും ഉണ്ടാകുമെന്നും ബിആർസി കോ–-ഓർഡിനേറ്റർ കെ പ്രഭാകരൻ പറഞ്ഞു.   
അനീറ മന്ത്രി വി ശിവൻകുട്ടിക്ക് നന്ദി പറഞ്ഞു. തന്നെപ്പോലുള്ളവർക്ക് സംരക്ഷണം നൽകുന്ന കേരള സർക്കാരിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല.  
ജോലി നഷ്ടപ്പെട്ടതോടെ ദയാവധത്തിന്‌ അനുമതി തേടാൻ അഭിഭാഷകനെ ആവശ്യപ്പെട്ട്‌ അനീറ ലീഗൽ സർവീസസ്‌ അതോറിറ്റിയെ സമീപിച്ചത്‌ വാർത്തയായിരുന്നു. തുടർന്ന് മന്ത്രി വി ശിവൻകുട്ടി ബുധനാഴ്‌ച ഇവരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. താൽക്കാലിക ജോലി നൽകാമെന്നും രണ്ടു മാസത്തിനകം സ്ഥിരപ്പെടുത്താമെന്നും മന്ത്രി അറിയിച്ചു. അനീറയ്‌ക്ക്‌ രണ്ടു വിഷയത്തിൽ ബിരുദാനന്തര ബിരുദം, എംഎഡ്, സെറ്റ്‌ എന്നീ യോഗ്യതകളുണ്ട്‌. ചെർപ്പുളശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നവംബറിൽ ലഭിച്ച താൽക്കാലിക ജോലി പലവിധ എതിർപ്പിനെത്തുടർന്ന് ജനുവരി ആദ്യവാരം അവസാനിപ്പിക്കേണ്ടിവന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top