18 January Monday
യുഡിഎഫി​ന്റെ അഴിമതിയും വായ്‌പാത്തട്ടിപ്പും

കുഴൽമന്ദം ബ്ലോക്ക്‌ റൂറൽ ക്രെഡിറ്റ്‌ സഹ. സംഘം ഭരണസമിതി പിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021
 
●സ്വന്തം ലേഖകൻ
പാലക്കാട്‌
വൻ വായ്‌പ തട്ടിപ്പും അഴിമതിയും നടത്തിയ കുഴൽമന്ദം ബ്ലോക്ക്‌ റൂറൽ ക്രെഡിറ്റ്‌ സഹകരണ സംഘത്തി​ന്റെ യുഡിഎഫ്‌ ഭരണസമിതിയെ സഹകരണ സംഘം ജോയിന്റ്‌ രജിസ്‌ട്രാർ (ജനറൽ) പിരിച്ചുവിട്ടു, പകരം‌ അഡ്‌മിനിസ്‌ട്രേറ്ററെ നിയോഗിച്ചു. കോൺഗ്രസ്‌ നേതാവ്‌ എൻ വിനേഷ്‌ പ്രസിഡന്റായ സംഘത്തിൽ അഞ്ച്‌ കോടി രൂപയുടെ തട്ടിപ്പാണ്‌ നടന്നത്‌. 
ബിനാമി പേരിൽ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും വായ്‌പയെടുക്കുക, നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും തുക തിരിച്ചുനൽകാതെ വഞ്ചിക്കുക തുടങ്ങി നൂറോളം പരാതികളാണ്‌ സംഘത്തിനെതിരെ ലഭിച്ചത്‌. ഇത്‌ അന്വേഷിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. പരാതിയിൽ കഴമ്പുണ്ടെന്ന്‌ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാലാണ് ഭരണസമിതിയെ പിരിച്ചുവിട്ടത്‌. 
സംഘം പ്രസിഡന്റ്‌, ഹോണററി സെക്രട്ടറി, താൽക്കാലിക ജീവനക്കാർ എന്നിവരൊക്കെ ബിനാമി പേരിൽ വായ്‌പ എടുത്തിട്ടുണ്ട്‌. ഈടില്ലാതെ വായ്‌പ നൽകുക, രേഖകളില്ലാതെ വായ്‌പ എടുക്കുക തുടങ്ങി നിരവധി ക്രമക്കേടാണ്‌ സംഘത്തിൽ നടന്നത്‌. തട്ടിപ്പ്‌ നടത്തിയ 4.85 കോടി രൂപ സംഘത്തിൽ തിരിച്ചടക്കണമെന്ന്‌ കാണിച്ച്‌ സഹകരണ സംഘം ജോയിന്റ്‌ രജിസ്‌ട്രാർ ഭരണസമിതിക്ക്‌ നോട്ടീസ്‌ നൽകിയിരുന്നു. 
കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റായിരുന്ന എൻ വിനേഷ്‌ വായ്‌പ തട്ടിപ്പ്‌ പുറത്തുവന്നപ്പോൾ തൽക്കാലത്തേക്ക്‌ സ്ഥാനം രാജിവച്ചിരുന്നു. എന്നാൽ സംഘം പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടർന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ പിന്തുണയോടെ കണ്ണാടി പഞ്ചായത്തിൽ മത്സരിച്ചെവെങ്കിലും പരാജയപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top