24 January Friday

സഹകരണ മേഖല 2000 ഏക്കറിൽ കൃഷിയിറക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020
പാലക്കാട്‌
നഷ്ടമായ നാട്ടുനന്മയും പച്ചപ്പും തിരിച്ചുപിടിക്കാൻ സഹകരണവകുപ്പ്‌ ഹരിത കേരളം മിഷനുമായി കൈകോർക്കുന്നു. 
ജില്ലയിൽ 500 ഏക്കറിൽ നെൽക്കൃഷിയും 1500 ഏക്കറിൽ സംയോജിത കൃഷിയും ആരംഭിക്കും. മണ്ണാർക്കാട്‌  റൂറൽ ബാങ്ക്‌ ഹാളിൽ നടന്ന ശിൽപ്പശാലയിൽ അസിസ്‌റ്റന്റ്‌ രജിസ്ട്രാർ പി ഹരിപ്രസാദ് പദ്ധതി അവതരിപ്പിച്ചു.  
പ്രാഥമിക സഹകരണ സംഘങ്ങൾ തരിശുനിലം കണ്ടെത്തി കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ  സഹകരണത്തോടെ കൃഷിയിറക്കും. മാർച്ച്‌ ആദ്യവാരം നിലമൊരുക്കും. കൃഷിഭവനുകൾ സാങ്കേതികസഹായം നൽകും.ജില്ലയിലെ സഹകരണ സംഘം സെക്രട്ടറി, പ്രസിഡന്റ്‌ എന്നിവർക്കാണ്‌ ഹരിത കേരളം ശിൽപ്പശാല സംഘടിപ്പിച്ചത്‌. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്തു. ജോയിന്റ് രജിസ്ട്രാർ അനിത ടി ബാലൻ അധ്യക്ഷയായി.
ഹരിത കേരളം മിഷൻ ടെക്‌നിക്കൽ ഓഫീസർ(കൃഷി) വി വി ഹരിപ്രിയാദേവി, നബാർഡ് ഡിഡിഎം ലാലു പി എൻ കുട്ടി, കൃഷി അസിസ്‌റ്റന്റ്‌ ഡയറക്ടർ ടി കെ ഷാജൻ, കുടുംബശ്രീ മിഷൻ ജില്ലാ കോ-–-ഓഡിനേറ്റർ പി സെയ്‌തലവി, ഹരിത കേരളം മിഷൻ ജില്ലാ കോ-–-ഓഡിനേറ്റർ വൈ കല്യാണകൃഷ്ണൻ, സഹകരണവകുപ്പ് ജോയിന്റ് ഡയറക്ടർ കെ ഉദയഭാനു, മണ്ണാർക്കാട്‌ റൂറൽബാങ്ക് പ്രസിഡന്റ് കെ സുരേഷ് എന്നിവർ സംസാരിച്ചു. 
ജിൽസ്‌മോൻ ജോസ് സ്വാഗതവും റൂറൽ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമൻ നന്ദിയും പറഞ്ഞു. സാങ്കേതിക സെഷനിൽ വി വി ഹരിപ്രിയദേവി മോഡറേറ്ററായി.  അനിത ടി ബാലൻ, ലാലു പി എൻ കുട്ടി, വൈ കല്യാണകൃഷ്ണൻ, എം കെ ബാബു എന്നിവരുൾപ്പെട്ടതായിരുന്നു പാനൽ. 
സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങൾ നടപ്പാക്കിയ പദ്ധതികളുടെ വീഡിയോ പ്രദർശനം, താലൂക്ക്തലത്തിൽ ഗ്രൂപ്പ് ചർച്ച എന്നിവയുണ്ടായി. ഡെപ്യൂട്ടി രജിസ്ട്രാർ എം ശബരീദാസൻ നന്ദി പറഞ്ഞു.
 
ഓരോ താലൂക്കിലും മൂല്യവർധിത യൂണിറ്റുകൾ
പാലക്കാട്‌
പ്രാദേശിക ഉൽപ്പന്നങ്ങൾ ശേഖരിച്ച്‌ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കാൻ സഹകരണമേഖലയിൽ താലൂക്ക്‌തല യൂണിറ്റ്‌ തുടങ്ങാൻ മണ്ണാർക്കാട്‌ നടന്ന ശിൽപ്പശാലയിൽ നിർദേശം. ജൈവ വള പ്ലാന്റ്‌ നിർമിക്കുന്നതും പരിഗണനയിലുണ്ട്‌. 
സഹകരണ മേഖലയിൽ ആരംഭിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ അരിമിൽ ഡിസംബറിൽ പൂർത്തിയാകുന്നതോടെ 50,000 മെട്രിക്‌ ടൺ നെല്ല്‌ സംഭരിച്ച്‌ സംസ്‌കരിക്കാൻ കഴിയും. 
ഇതോടെ പാലക്കാടൻ മട്ടയ്‌ക്ക്‌ സഹകരണമേഖലയിലും സ്വന്തം ബ്രാൻഡ്‌ ആകും. ഓരോ ബ്ലോക്ക്‌കേന്ദ്രത്തിലും സംയോജിത കൃഷിയുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന്‌ യൂണിറ്റ്‌ തുടങ്ങും. ഫെബ്രുവരി 15നകം ബ്ലോക്ക്‌, പഞ്ചായത്ത്‌ സമിതികൾ രൂപീകരിക്കും. 
ടിഷ്യൂകൾച്ചർപോലുള്ള കൃഷിരീതി പ്രയോജനപ്പെടുത്താൻ സാങ്കേതിക വൈദഗ്‌ധ്യം നേടണമെന്ന്‌ കർമപദ്ധതി അവതരിപ്പിച്ച പി ഹരിപ്രസാദ്‌ പറഞ്ഞു. അഗ്രോ ക്ലിനിക്‌, ഔട്ട്‌ലെറ്റുകൾ, നെൽവിത്ത്‌ വിതരണം എന്നിവയും ആരംഭിക്കും.
പ്രധാന വാർത്തകൾ
 Top