24 January Friday
പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശം

15നുശേഷം കര്‍ശന പരിശോധന

സ്വന്തം ലേഖകൻUpdated: Tuesday Jan 14, 2020
പാലക്കാട്
പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വന്നതിനുശേഷം പരിശോധന ശക്തമാക്കുന്നു. ഈ മാസം 15നുശേഷം ജില്ലാ ഭരണാധികാരികളുടെ നേതൃത്വത്തിൽ കടകളിൽ  നേരിട്ടെത്തി പരിശോധിക്കും. 
വിവിധ വകുപ്പുകളുടെ തീരുമാനപ്രകാരമാണ്‌ ഇത്‌. മലിനീകരണ നിയന്ത്രണബോർഡിന്റെ പ്രത്യേകസംഘം വിവിധയിടങ്ങളിൽ പരിശോധിക്കും. ജനുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിലായെങ്കിലും പിഴ ഈടാക്കുന്നത് ബോധവൽക്കരണത്തിനുശേഷം മതിയെന്നാണ്‌ തീരുമാനം. 15വരെ പിഴ ഈടാക്കുന്നത്‌ ഒഴിവാക്കണമെന്ന് ഹൈക്കോടതിയും നിർദേശിച്ചിട്ടുണ്ട്‌.  
ബുധനാഴ്‍ചയ്‍ക്കുശേഷം മലിനീകരണ നിയന്ത്രണബോർഡ്, തദ്ദേശ സ്ഥാപനങ്ങൾ, സബ് കലക്‍ടർമാരുടെ നേതൃത്വത്തിലുള്ള സംഘം എന്നിവർ‍ പരിശോധിക്കും. പിഴ നിർബന്ധമാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തില്ലെങ്കിലും കടകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി പ്ലാസ്റ്റിക് കവറുകളടക്കം പിടിച്ചെടുക്കും. പ്ലാസ്റ്റിക് കവറുകളുടെ നിലവിലെ സ്റ്റോക്ക് തീരാതെ തുണിസഞ്ചികൾ വിതരണം ചെയ്യില്ലെന്ന നിലപാടിലാണ് കടയുടമകൾ. 
ബുധനാഴ്‍ചയ്‌ക്കുശേഷം ഇത് അനുവദിക്കാനാകില്ലെന്ന് അധികൃതരും വ്യക്തമാക്കുന്നു.‌ 
കലക്‍ടർ, എഡിഎം, സബ് കലക്‍ടർമാർ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സംഘം, മലിനീകരണ നിയന്ത്രണബോർഡ് എന്നിവർക്കാണ് കടകൾ പരിശോധിക്കാനും പിഴ ഈടാക്കാനും ചുമതലയുള്ളത്‌. കടകളിൽനിന്ന് പ്ലാസ്റ്റിക്‌വസ്‌തുക്കൾ പൂർണമായി ഒഴിവാക്കണമെന്ന് സ്‍പെഷ്യൽ സ്‍ക്വാഡ് ആവശ്യപ്പെടും. 
ഭൂരിഭാ​ഗം കടകളിലും തുണിസഞ്ചികൾ എത്തിയിട്ടുണ്ട്‌.  കുടുംബശ്രീയും ഹരിത കേരളം മിഷനുംചേർന്നാണ് തുണിസഞ്ചികൾ വിതരണം ചെയ്‌തത്. 
ഈ പ്രവർത്തനം തുടരുകയാണ്. വ്യാപാരികൾ നേരിട്ടും മറ്റ്‌ ജില്ലകളിൽനിന്ന് പേപ്പർ, തുണിസഞ്ചികൾ എത്തിച്ചിട്ടുണ്ട്. ജില്ലയിലെ 62 കുടുംബശ്രീ യൂണിറ്റുകൾ തുണികൊണ്ടും പേപ്പർകൊണ്ടും സഞ്ചികൾ നിർമിച്ച്‌ വിപണിയിലെത്തിക്കുന്നു. 
തുണി, പേപ്പർ സഞ്ചികളു‌ടെ വിലക്കൂടുതലും പ്രായോ​ഗികബുന്ധിമുട്ടുകളും വ്യാപാരികൾ ഉന്നയിക്കുന്നു. നിരോധനം നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
കറുത്ത ​ഗാർബേജ് 
ബാ​ഗുകൾക്ക് പകരം തുണിച്ചാക്ക്
ജൈവ മാലിന്യമുൾപ്പെടെ നിക്ഷേപിക്കാൻ ഉപയോ​ഗിക്കുന്ന ​കറുത്ത ​ഗാർബേജ് ബാ​ഗുകൾക്കും നിരോധനം ബാധകമായതോ‌ടെ പകരംസംവിധാനത്തെക്കുറിച്ച് കാറ്ററിങ് യൂണിറ്റുകൾ ആലോചിച്ചുതുടങ്ങി. തുണിച്ചാക്കുകളും പനക്കൂടകളും ഉപയോ​ഗിക്കാനാണ് ഹരിത കേരളം മിഷന്റെയും ശുചിത്വമിഷന്റെയും നിർദേശം. 
വിവിധ പരിപാടികൾക്ക് കാറ്ററിങ് കമ്പനികൾ മാലിന്യം നിക്ഷേപിക്കാൻ ഗാർബേജ് ബാ​ഗുകളും വലിയ പ്ലാസ്റ്റിക് കൂടകളുമാണ് ഉപയോ​ഗിക്കുന്നത്. വിവാഹച്ചടങ്ങുകളിലുൾപ്പെടെ ഹരിതചട്ടം നിർബന്ധമാകുന്നതോടെ പൂർണമായി പ്ലാസ്റ്റിക് കവറുകൾ നീക്കപ്പെടും. 
വിവിധ സ്ഥാപനങ്ങളും മാലിന്യം സൂക്ഷിക്കാൻ ഗാർബേജ് ബാ​ഗുകൾ ഉപയോ​ഗിച്ചിരുന്നു. ഇതിനും പകരംസംവിധാനം കണ്ടെത്തേണ്ടി വരും. 
തുണിച്ചാക്കുകളുടെ ഉയർന്ന വിലയാണ്‌ പ്രായോ​ഗികപ്രശ്നമെന്ന് വിവിധ കാറ്ററിങ് സ്ഥാപനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ജൈവമാലിന്യം തുണിസഞ്ചികളിൽ നിക്ഷേപിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളുമുണ്ട്. 
വിവിധതരം കൂടകൾ ഉപയോ​ഗിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നുണ്ടെങ്കിലും ഇത് ലഭിക്കാനില്ലെന്നത് വലിയ പ്രശ്നമാണ്. പനക്കൂടകളടക്കം കുടുംബശ്രീമുഖേന വിപണിയിലെത്തിക്കണമെന്നാണ് ഒരുവിഭാ​ഗം ആവശ്യപ്പെടുന്നത്.
പ്രധാന വാർത്തകൾ
 Top