29 May Friday
1.49 കോടിയും 65 സെന്റ‌് സ്ഥലവുംലഭിച്ചു

നവകേരള ധനസമാഹരണം രണ്ടാംദിനം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
പാലക്കാട‌്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണം രണ്ടാംദിവസവും ജില്ലയിൽ മികച്ച പ്രതികരണം. ബുധനാഴ‌്ച ലഭിച്ചത‌് 1.49 കോടി രൂപയും 65 സെന്റ‌് സ്ഥലവുമാണ‌്. മന്ത്രി എ കെ ബാലന്റെ നേതൃത്വത്തിൽ ആലത്തൂർ, ചിറ്റൂർ താലൂക്കുകളിൽ നടത്തിയ ക്യാമ്പുകളിലാണ‌് ജനങ്ങളുടെ സഹായം ഒഴുകിയെത്തിയത‌്. പൊതുജനങ്ങൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയിൽനിന്നാണ‌് സഹായം ലഭിച്ചത‌്‌. ഇതുവരെ നടത്തിയ നാലു ക്യാമ്പുകളിൽ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത‌് ചിറ്റൂരിൽനിന്നാണ‌്, 94.25 ലക്ഷം രൂപ. ആലത്തൂർ താലൂക്കിൽനിന്ന‌് 54.81 ലക്ഷം രൂപ ലഭിച്ചു. ആലത്തൂരിൽ നടന്ന ക്യാമ്പിൽ കുഴൽമന്ദം തേങ്കുറുശി– 2 വില്ലേജിൽ വെമ്പല്ലൂർ മരുതിക്കാവ് ചിമ്പച്ചാല വേണുവും ഭാര്യ കുമാരിയുംചേർന്ന‌്  65 സെന്റ് സ്ഥലം പ്രളയദുരിതബാധിതർക്കായി സംഭാവന നൽകി.  അരിയക്കോട് മുരിങ്ങമല റോഡിനടുത്തുള്ള 65 സെന്റ് സ്ഥലത്തിന്റെ പ്രമാണം മന്ത്രി എ കെ ബാലന‌് കൈമാറി.
ആലത്തൂരിൽ നിന്ന്‌ 54,81,085 രൂപ
ആലത്തൂർ മിനി സിവിൽ സ്റ്റേഷനിൽ രാവിലെ ആരംഭിച്ച ക്യാമ്പിൽ 54,81,085 രൂപ സംഭാവനയായി ലഭിച്ചു. ഇരുകൈകളുമില്ലാത്ത കാട്ടുശേരി പ്രണവ് കാൽ കൊണ്ട് വരച്ച ചിത്രങ്ങൾ വിൽപ്പന നടത്തി ലഭിച്ച 5,000രൂപ മന്ത്രിക്ക‌് നൽകി. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്, ആലത്തൂർ, കാവശേരി  പഞ്ചായത്തുകൾ പത്തുലക്ഷംരൂപ വീതവും മേലാർക്കോട് പഞ്ചായത്ത് അഞ്ചുലക്ഷവും തരൂർ കെ പി കേശവമേനോൻ ട്രസ്റ്റ് ഒരു ലക്ഷംവും അത്തിപ്പൊറ്റ കാളമ്പത്ത് വിജയൻ 1,25000 രൂപയും കിഴക്കഞ്ചേരി സേവ്യർ ആൻഡ‌് കമ്പനി ഒരു ലക്ഷവും ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്പരിധിയിൽ വരുന്ന ദേശീയ സമ്പാദ്യപദ്ധതി, മഹിളാ പ്രധാൻ ആർ ഡി ഏജന്റുമാർ ഒരു ലക്ഷം രൂപയും ദുരിതാശ്വാസനിധിയിലേക്ക് നൽകി. ആലത്തൂർ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ എം എ നാസർ ആറു മാസത്തെ ഓണറേറിയംതുക 50,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകാമെന്നുള്ള സമ്മതപത്രം മന്ത്രിക്ക‌് കൈമാറി. 
കൂടാതെ വിവിധ സന്നദ്ധ സംഘടനകളും ക്ലബുകളും അഭ്യുദയകാംക്ഷികളും സംഭാവന കൈമാറി. ചടങ്ങിൽ കെ ഡി പ്രസേനൻ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി, ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ജി ഗംഗാധരൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ബാങ്ക് പ്രതിനിധികൾ, വകുപ്പ് മേധാവികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു, എഡിഎം പി വിജയൻ സ്വാഗതവും തഹസിൽദാർ ആർ പി സുരേഷ് നന്ദിയും പറഞ്ഞു.
ചിറ്റൂരിൽ നിന്ന് 
94,25,124 രൂപ 
ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിൽ  നടന്ന ക്യാമ്പിൽ പൊതുജനങ്ങൾ, സംഘടനാഭാരവാഹികൾ, സ‌്കൂൾ അധികൃതർ സ്ഥാപന ഉടമകൾ എന്നിവരിൽനിന്ന‌് സഹായം സ്വീകരിച്ചു. കൊടുവായൂർ ആരപ്പത്ത് വീട്ടിൽ കണ്ണൻകുട്ടി മന്നാടിയാരുടെ മകൻ എ കെ നാരായണൻ എലവഞ്ചേരി ചെട്ടിത്തറ മണികണ്ഠൻ– ഇന്ദിര ദമ്പതിമാർക്കും കൊടുവായൂർ നവക്കോടിൽ പാലോട‌് നാരായണനും പത്തുലക്ഷംരൂപ ചെലവിൽ വിട് നിർമിച്ചു നൽകുമെന്ന സമ്മതപത്രം മന്ത്രിക്ക് കൈമാറി. ചിറ്റൂർ താലൂക്ക് ഓഫീസ് ജീവനക്കാരിൽനിന്ന‌് സമാഹരിച്ച 11,86,603 രൂപ തഹസിൽദാർ വി കെ രമ കൈമാറി. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ധന്യ 20 ലക്ഷം രൂപ കൈമാറി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം, അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് സുകുമാരന്റെ രണ്ടു മാസത്തെ ഓണറേറിയം 26,400രൂപ മന്ത്രി ഏറ്റുവാങ്ങി. അയിലൂർ പഞ്ചായത്ത് 10 ലക്ഷം,  പഞ്ചായത്ത് പൊതുജനങ്ങളിൽ സമാഹരിച്ച 51,601, കൊല്ലങ്കോട‌് പഞ്ചായത്ത് 15 ലക്ഷം, താലൂക്ക് സപ്ലൈ വകുപ്പ് 60,000, മുതലമട പഞ്ചായത്ത് 10 ലക്ഷം, പല്ലശന 10 ലക്ഷം, ക്ഷീര വികസന വകുപ്പ് 20,5000, കൊടുവായൂർ ഗവ. ഹൈസ‌്കൂൾ  50,000, തേമ്പാറമട ദേശം വക 25,000, ചിറ്റൂർ– തത്തമംഗലം നഗരസഭ 19,800രൂപ ഉൾപ്പെടെ 94, 25,124 രൂപ സമാഹരിച്ചത്. പ്രളയക്കെടുതിയെ സംബന്ധിച്ച് കവിത എഴുതി ആലപിച്ച‌് സമൂഹമാധ്യമങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയ പല്ലശന വിഐഎംഎച്ച് സ‌്കൂളിലെ അഞ്ചാം ക്ലാസ‌് വിദ്യാർഥിനി നിവേദിതയെ  മന്ത്രി അനുമോദിച്ചു. കെ ബാബു എംഎൽഎ, കെ കൃഷ്ണൻകുട്ടി എംഎൽഎ, എഡിഎം വിജയൻ എന്നിവർ പങ്കെടുത്തു. 
സ‌്നേഹത്തിന‌് നന്ദി: 
മന്ത്രി എ കെ ബാലൻ 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കണ്ടെത്തുന്നതിന്റെ ഭാഗമായി വിവിധ താലൂക്കുകളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി  നടക്കുന്ന ധനസമാഹരണപരിപാടിയിൽ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും പങ്കാളിയായതിൽ മന്ത്രി  എ കെ ബാലൻ നന്ദി അറിയിച്ചു.  കപ്പൂർ സ്വദേശി ഭിന്നശേഷിവിഭാഗത്തിൽപ്പെട്ട സുബ്രഹ്മണ്യൻ പെൻഷനായി ലഭിച്ച 4,400 രൂപയും ജന്മനാ ഇരുകൈകളും ഇല്ലാതെ കാൽകൊ ണ്ട‌് വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ച് നേടിയ 5000രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് നന്മ ചെയ്യാനുള്ള സമൂഹത്തിന്റെ മനസ്സാണ് വെളിവാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നെല്ലായ സ്വദേശി അബ്ദുഹാജി നൽകിയ ഒരേക്കർ 10 സെന്റ് സ്ഥലം, കൂറ്റനാട് ഡോ. രാമകൃഷ്ണൻ നൽകിയ രണ്ടേക്കർ സ്ഥലം,  ആലത്തൂർ താലൂക്കിലെ വെമ്പലൂർ സ്വദേശികളായ വേണു–കുമാരി ദമ്പതികൾ നൽകുന്ന 65 സെന്റ് സ്ഥലം, കൊടുവായൂർ ആരപ്പത്ത് വീട്ടിലെ എ കെ നാരായണൻ രണ്ടുപേർക്ക് വീട് നിർമിച്ചു നൽകുന്നതുമെല്ലാം നവകേരളം സാക്ഷാൽക്കരിക്കുന്നതിന് ജനങ്ങൾ ഒറ്റക്കെട്ടായി നൽകുന്ന പിന്തുണയാണ്. ഭാവിയിൽ കേരളത്തിന് അഭിമാനിക്കാവുന്ന സംരംഭമായി ഈ യജ്ഞം മാറുമെന്നും മന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top