31 July Saturday

വികസന മുന്നേറ്റത്തിന്‌ ജില്ലയും

എസ്‌ സിരോഷUpdated: Sunday Jun 13, 2021
പാലക്കാട്
എൽഡിഎഫ്‌ സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ ജില്ലയ്‌ക്ക്‌ വികസന പദ്ധതികൾ നിരവധി. ഉൽപ്പാദന വർധനയും വിഷരഹിത ആഹാര പദാർഥങ്ങളുടെ നിർമാണവും കർമ പദ്ധതിയുടെ പ്രധാന ലക്ഷ്യമാകുമ്പോൾ കാർഷിക മേഖല അടിത്തറയായ ജില്ലയ്‌ക്ക്‌ നേട്ടമാകും. 
സുഭിക്ഷം, സുരക്ഷിതം കേരളം എന്ന ലക്ഷ്യത്തോടെ 25,000 ഹെക്ടറിലാണ്‌ സംസ്ഥാനത്ത്‌ ജൈവകൃഷി ആരംഭിക്കുക. ഇത്‌ ഏറെ ഗുണം ചെയ്യുക ജില്ലയ്‌ക്കായിരിക്കും. 
ലൈഫ് മിഷനിലൂടെ കൂടുതൽ വീടുകളുടെ നിർമാണവും വില്ലേജ്‌ ഓഫീസുകൾ സ്‌മാർട്ട്‌ ആക്കലും കിഫ്‌ബിയിലൂടെയുള്ള സ്‌കൂളുകളുടെ വികസന പദ്ധതികളുടെ പൂർത്തീകരണവുമെല്ലാം വികസനക്കുതിപ്പേകും. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 15,104 പേർക്ക്‌ ജില്ലയിൽ പട്ടയം ലഭിച്ചിരുന്നു. അടുത്ത നൂറുദിവസത്തിനിടെ കൂടുതൽ പേർക്ക്‌ പട്ടയം ലഭ്യമാക്കാനുള്ള നടപടിയും ആരംഭിച്ചു.  
പാലക്കാട്‌ ഗവ. പോളിടെക്‌നിക്കിൽ നിർമാണം നടക്കുന്ന വിവിധ ബ്ലോക്കുകൾ വേഗത്തിൽ പൂർത്തിയാക്കി ഉദ്‌ഘാടനം ചെയ്യും. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പോളിടെക്‌നിക്കിൽ വൻ വികസന പ്രവർത്തനങ്ങളാണ്‌ നടപ്പാക്കിയത്‌. വിവിധ വിഭാഗങ്ങൾക്കായി ലാബ്‌ സൗകര്യവും ക്ലാസ്‌ മുറികളും നിർമിച്ചു. ഒപ്പംതന്നെ പാലക്കാട് ഇന്‍കുബേഷന്‍ സെന്റര്‍ ഫോര്‍ സ്റ്റാര്‍ട്ടപ്‌സും(പിക്‌സ്) മിനി ഫാബ്‌ ലാബുമൊക്കെ പൊളിടെക്‌നിക്കിലാണ്‌ പ്രവർത്തിക്കുന്നത്‌.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 46 സ്‌കൂളുകൾക്ക്‌ പുതിയ കെട്ടിടം നിർമിച്ചു. അറ്റകുറ്റപ്പണിയും സ്‌മാർട്ട്‌ ക്ലാസ്‌ മുറികളും ഉൾപ്പെടെ സാധ്യമാക്കി. ജില്ലയിൽ 1198 സ്‌കൂളുകൾ ഹൈടെക്കായി. കിഫ്‌ബിയിൽ ഉൾപ്പെടുത്തിയ ഇരുപതിലേറെ സ്‌കൂളുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കി നൂറു ദിവസത്തിനകം ഉദ്‌ഘാടനം ചെയ്യും.
 അട്ടപ്പാടി സഹകരണ ഫാമിങ് സൊസൈറ്റി പുനരുദ്ധാരണത്തിന് ഫാം റിവൈവൽ പാക്കേജ് ആരംഭിക്കാൻ കർമ പദ്ധതി ലക്ഷ്യമിടുന്നു. ആദിവാസി വികസനത്തിന്‌ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ സർക്കാർ നൽകിയ പിന്തുണ ഇനിയും തുടരും.  എയ്ഡ്സ് ബാധിതർക്കായി ജില്ലയിൽ കെയർ സപ്പോർട്ട് സെന്റർ തുടങ്ങാനും പദ്ധതിയുണ്ട്‌. കൊച്ചി–-പാലക്കാട്‌ ഗെയിൽ പൈപ്പ്‌ ലൈൻ നിർമാണം അവസാന ഘട്ടത്തിലാണ്‌. ഉദ്‌ഘാടനം ഉടൻ നടക്കും. 
ജില്ലയിൽതൃത്താല, കണ്ണമ്പ്ര രണ്ട്‌, ഓങ്ങല്ലൂർ രണ്ട്‌, കോങ്ങാട്‌ രണ്ട്‌ എന്നിങ്ങനെ നാല്‌ വില്ലേജ്‌ ഓഫീസുകൾ സ്‌മാർട്ടാക്കി‌. എല്ലാ സേവനങ്ങളും ഓൺലൈനാകുന്നതോടെ ജനങ്ങൾക്ക്‌ വില്ലേജ്‌ ഓഫീസുകളിൽ കയറിയിറങ്ങുന്നത്‌ ഒഴിവാക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top