18 June Tuesday

പാലക്കാട്ടെ താളപ്രേമികൾക്ക് തീരാനഷ്ടം

ശരത‌് കൽപ്പാത്തിUpdated: Thursday Jun 13, 2019

അന്നമനട പരമേശ്വരൻ മാരാർ (ഫയൽ ചിത്രം

 
പാലക്കാട് 
പാലക്കാടൻ താളപ്രേമികൾക്ക‌് ആസ്വാദനത്തിന്റെ മധുരം തീർക്കുന്ന  തിമിലപ്പുറത്തെ മാന്ത്രിക വിരലുകളിനിയില്ല. പഞ്ചവാദ്യ കലാകുലപതി അന്നമനട പരമേശ്വരൻ മാരാരുടെ വിയോഗം കലാ കേരളത്തിനൊപ്പം പാലക്കാടിനും തീരാനഷ്ടമായി. 
കിഴക്കൻ വേലകളുടെയും പടിഞ്ഞാറൻ പൂര പ്രേമികളുടെയും ഹരമായിരുന്നു പരമേട്ടൻ എന്ന പരമേശ്വരൻ മാരാർ. നെന്മാറ വേല, കാവശേരി പൂരം, ചിനക്കത്തൂർ പൂരം, തൂതപ്പൂരം തുടങ്ങി  ചെറുതും വലുതുമായ ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു. മദ്ദളത്തിൽ വാദ്യകുലപതി ചെർപ്പുളശേരി ശിവനൊപ്പം തിമിലയിൽ പ്രമാണിക്കാൻ പരമേശ്വരൻമാരാർ ഉണ്ടെന്നറിഞ്ഞാൽ താളപ്രേമികളുടെ ഒഴുക്കാണവിടേക്ക്. 
തോംകാരമുള്ള തിമിലയിൽ പല്ലാവൂർ സഹോദരന്മാരുടെ ശൈലിയിൽ വിരലുകളുപയോഗിച്ച് പഞ്ചവാദ്യത്തിന്റെ മുഖം കൊട്ടിത്തുടങ്ങുന്ന അപൂർവം പ്രമാണിമാരിലൊരാളാണ് പരമേശ്വരൻ മാരാർ. പല്ലാവൂർ ശൈലിയിലെ വിളംബകാലത്തിലുള്ള പതികാലവും അന്നമനടക്കാരുടെ ശൈലിയിലുള്ള കൂട്ടികൊട്ടലുകളും പരമേശ്വരൻ മാരാരെ സാമ്പ്രദായിക പഞ്ചവാദ്യക്കാരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. 
തൃശൂർ അന്നമനട സ്വദേശിയാണെങ്കിലും പാലക്കാട്ടുകാർക്ക‌് അവരുടെ സ്വന്തമാണ‌്. 
അന്നമനട ത്രയത്തിലെ മുതിർന്നവരായ പരമേശ്വരൻ മാരാർ, കുഴൂർ നാരായണമാരാർ തുടങ്ങിയ തിമിലക്കാരുടെയും ചാലക്കുടി നമ്പീശൻ, കൊളമംഗലത്ത് നാരായണൻ നായർ തുടങ്ങിയ മദ്ദളക്കാരുടെയും പ്രമാണത്തിലായിരുന്നു പഞ്ചവാദ്യത്തിൽ അരങ്ങേറ്റം. പല്ലാവൂർ മണിയൻ മാരാരുടെയും കുഞ്ഞുകുട്ടന്മാരാരുടെയും കൂടെ താമസിച്ച് ചെണ്ട അഭ്യസിച്ചു. 
പല്ലാവൂർ സഹോദരന്മാർ, അന്നമനടത്രയം, കുഴൂർത്രയം, പൊറത്തുവീട്ടിൽ നാണുമാരാർ തുടങ്ങിയ വാദ്യ ചക്രവർത്തിമാരുമായുള്ള സഹവർത്തിത്വം പരമേശ്വരന്മാരാരെ ഒന്നാംനിര തിമില പ്രമാണിയാക്കി. താളവട്ടങ്ങളിൽ ഇരട്ടികൾ കൊട്ടാതെ ഇടതൂർന്ന വിന്യാസങ്ങളാണ് അദ്ദേഹത്തിന്റെ പ്രത്യേകത. കർണാട്ടിക് കച്ചേരികളുടെ ആസ്വാദകനായ ഇദ്ദേഹം പഞ്ചവാദ്യത്തിലെ ത്രിപുടയിൽ തനിയാവർത്തനങ്ങൾ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. 
കേൾവിക്കാരന്റെ താളലഹരിയിൽ ആറാടിക്കാൻ കഴിയുമായിരുന്നു. പതികാലത്തിൽ കൂട്ടികൊട്ടലുകൾ തുടരുമെന്ന് ആസ്വാദകർ കരുതുന്നിടത്ത് ഇടകാലം കൂട്ടികൊട്ടലും ഇദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്. കലാമണ്ഡല ത്തിൽ അധ്യാപകനായിരിക്കെ പരമേശ്വരൻ മാരാർ നടത്തിയ വാദ്യപരിഷ്കാരങ്ങൾ താളലോകം നെഞ്ചേറ്റിയതാണ്.
പ്രധാന വാർത്തകൾ
 Top