18 June Tuesday

യു ട്യൂബിൽ തരംഗമായി ഫിറോസിന്റെ ‘വില്ലേജ്‌ ഫുഡ്‌’

എസ്‌ നന്ദകുമാർUpdated: Thursday Jun 13, 2019

ഫിറോസ്‌

 
എലപ്പുള്ളി
യു ട്യൂബ്‌ ചാനലായ ‘വില്ലേജ്‌ ഫുഡ്‌ 'ലൂടെ  കൊതിയൂറും വിഭവങ്ങൾ പകർന്ന‌് ശ്രദ്ധേയനാവുകയാണ‌് എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി ഫിറോസ്‌. പാലക്കാടൻ ശൈലിയിലുള്ള അവതരണം ചാനലിനെ വ്യത്യസ‌്തമാക്കുന്നു. 
5 വർഷം സൗദിയിൽ ജോലി ചെയ്ത‌് നാട്ടിലെത്തിയ ഫിറോസ്‌ ഡിടിപി, ഫോട്ടോസ്റ്റാറ്റ്‌ കട ആരംഭിച്ചു. ഇതിനിടെ സുഹൃത്തിന്റെ സഹായത്തോടെയാണ‌് യു ട്യൂബ്‌ ചാനൽ ആരംഭിച്ചത‌്.  ആറു മാസത്തോടെ വരുമാനം ലഭിച്ചു. തുടർന്ന‌് സുഹൃത്ത‌് അരുണിന്റെ സഹായത്തോടെ "വില്ലേജ്‌ ഫുഡ്‌ ചാനൽ' എന്ന യു ട്യൂബ്‌ ചാനൽ ആരംഭിച്ചു. ഗൾഫിൽ ജോലിയിലിരിക്കെ പാചകവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ  ചാനലിൽ ഉൾപ്പെടുത്തി. പാടത്തും പറമ്പിലുമായി നടത്തിയ ‘ഔട്ട്‌ ഡോർ’ വീഡിയോകളാണു കൂടുതലും. നൂറോളം വീഡിയോകൾ  ഫിറോസിന്റെ ചാനലിലുണ്ട്‌. 
27 കിലോ മൽസ്യം പാചകം ചെയ്യൽ, 100 പേർക്ക‌് മുന്തിരി ജ്യൂസ്‌ തയ്യാറാക്കൽ, ഏറ്റവും വലിയ പിസ, വീട്ടിൽ  കേക്ക്‌ ഉണ്ടാക്കൽ, വ്യത്യസ്ത തരം ബിരിയാണികൾ എന്നിവ നിരവധി പേർ യൂട്യൂബിലൂടെ കണ്ടു.  
ഫുൾജാർ സോഡ ഉണ്ടാക്കുന്ന വീഡിയോ യു ട്യൂബ്‌ ട്രെന്റിംഗ്‌ ലിസ്റ്റിൽ ഒന്നാമതായി. പത്ത്‌ ലക്ഷത്തിലേറെ ആളുകൾ ഈ വീഡിയോ കണ്ടു. ഫേസ്ബുക്ക്‌, ഇൻസ്റ്റഗ്രാം, വാട്സാപ്പ്‌ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും ഈ വീഡിയോ വൈറലാണ‌്.
ചാനൽ വിജയകരമായതോടെ രണ്ടുതവണ യു ട്യൂബ്‌ അധികൃതരിൽ നിന്നും സിൽവർ പ്ലേ ബട്ടൺ അവാർഡ്‌ ലഭിച്ചത്‌ മികച്ച നേട്ടമാണെന്ന് ഫിറോസ്‌ പറഞ്ഞു. നിലവിൽ ഒരു മില്ല്യൺ സബ്സ്ക്രൈബേഴ്സിനു അടുത്തുള്ള ചാനൽ 1 മില്ല്യൺ ആകുന്നതോടെ ഗോൾഡൻ പ്ലേ ബട്ടൺ അവാർഡ്‌ ലഭിക്കും.
സിപിഐ എം ബ്രാഞ്ച്‌ കമ്മിറ്റിയംഗമായ ഫിറോസ്‌ മുമ്പ‌് എലപ്പുള്ളി ഈസ്റ്റ്‌ മേഖല ഡിവൈ എഫ്‌ഐ പ്രസിഡന്റായിരുന്നു. വലിയ അളവിൽ പാചകം ചെയ്യുമ്പോൾ പാവപ്പെട്ടവർക്കും അനാഥാലയങ്ങൾക്കും ഭക്ഷണം നൽകാറുണ്ട്‌. ചുട്ടിപ്പാറയിൽ ഓഫീസ്‌ ആരംഭിച്ച ഫിറോസിനു ഇനിയും തന്റെ ചാനലിലൂടെ ഒരുപാട്‌ വ്യത്യസ്ത വീഡിയോകൾ ചെയ്യണമെന്നാണ‌്  ആഗ്രഹം.
പ്രധാന വാർത്തകൾ
 Top