17 September Tuesday

പകർച്ചവ്യാധി തടയാൻ ഐസൊലേഷൻ വാർഡുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 

പാലക്കാട‌്
മഴക്കാലമെത്തിയതോടെ പകർച്ചവ്യാധി തടയാൻ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി ജില്ലാ ആരോഗ്യവകുപ്പ‌്. രോഗികൾ കൂട്ടമായെത്തുന്ന ജില്ലയിലെ താലൂക്ക‌് ആശുപത്രികൾ, ജില്ലാ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിൽ പകർച്ചാവ്യാധി പടരാതിരിക്കാൻ ഐസൊലേഷൻ വാർഡുകൾ ആരോഗ്യവകുപ്പ‌് സജ്ജീകരിച്ചു. 
പകർച്ചവ്യാധികളുമായെത്തുന്ന രോഗികൾ മറ്റു രോഗികളുമായും ആശുപത്രിയിലെ മറ്റു ജീവനക്കാരുമായും ഇടപഴകുന്നത‌് ഒഴിവാക്കാനാണിത‌്. 
മഴക്കാലം തുടങ്ങിയെങ്കിലും പനിബാധിതരായി ആശുപത്രികളിലെത്തുന്ന രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടില്ല. അടുത്ത മാസത്തോടെ രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത‌് പ്രധാന ആശുപത്രികളിൽ പ്രത്യേകം പനി ക്ലിനിക്കും പനി വാർഡും സജ്ജീകരിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട‌്. ഏതെങ്കിലും പ്രദേശങ്ങളിൽ പനിബാധിതരുടെ എണ്ണം കൂടുകയാണെങ്കിൽ ഫീവർ ക്യാമ്പ‌് സംഘടിപ്പിക്കാനും സാമ്പിളുകൾ പരിശോധനക്കയക്കാനും തീരുമാനമെടുത്തിട്ടുണ്ട‌്. 
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന‌് മരുന്നും ലഭ്യമാക്കി. ഇവിടങ്ങളിലെ ജീവനക്കാർക്ക‌് നിപ പോലുള്ള മാരക പകർച്ചവ്യാധികൾ റിപ്പോർട്ട‌് ചെയ്യുമ്പോൾ സ്വീകരിക്കേണ്ട‌ സുരക്ഷാ മുൻകരുതലുകളെക്കുറിച്ച‌് പരിശീലനവും നൽകി. 
രോഗികളുടെ എണ്ണത്തിൽ കുറവ‌്
പനിയും പകർച്ചവ്യാധിയുമായി സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച‌് ഗണ്യമായ കുറവാണുണ്ടായത‌്. 16,400 പേരാണ‌് പനി ബാധിച്ചതിനെ തുടർന്ന‌് മെയ‌് മാസം ചികിത്സ തേടിയത‌്. ഇതിൽ ഒരാൾക്ക‌് വീതം ഡെങ്കിയും എലിപ്പനിയും രണ്ട‌് പേർക്ക‌് എച്ച‌്‌ വൺ എൻവണ്ണും സ്ഥിരീകരിച്ചു. 
കഴിഞ്ഞ വർഷം മെയ‌് മാസത്തിൽ മാത്രം 135 പേർക്ക‌് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഈ വർഷം ജൂൺ 12 വരെയുള്ള കണക്ക‌് പ്രകാരം 19 പേർക്ക‌് മാത്രമാണ‌് ഡെങ്കി സ്ഥിരീകരിച്ചത‌്. ശരാശരി ഒരുമാസം 20,000 പനി ബാധിതരാണ‌് ജില്ലയിൽ ചികിത്സ തേടിയിരുന്നത‌്. 
ഈ വർഷം രോഗബാധിതരുടെ എണ്ണത്തിൽ വൻകുറവ‌് ഉണ്ടായിട്ടുണ്ടെ‌ന്ന‌് ഡെപ്യൂട്ടി ഡിഎംഒ കെ എ നാസർ പറഞ്ഞു. 
വില്ലൻ കൊതുകുകളെ തുരത്തും
പകർച്ചവ്യാധികൾക്ക‌് കാരണമാകുന്ന വില്ലൻ കൊതുകുകളെ തുരത്താനും നടപടി സ്വീകരിച്ചിട്ടുണ്ട‌്. ഉറവിട നശീകരണം, ഇൻഡോർ സ്പ്രയിങ‌്, സംയോജിത കൊതുകു നിയന്ത്രണ മാർഗങ്ങൾ എന്നിവയുമായി മുന്നോട്ടുപോകാനാണ‌് ആരോഗ്യവകുപ്പിന്റെ തീരുമാനം. 
വയറിളക്കം, കോളറ, ടൈഫോയിഡ‌് തുടങ്ങിയ ജലജന്യരോഗങ്ങൾ പടരാതിരിക്കാൻ ബ്ലീച്ചിങ് നടത്തും. കുടിവെള്ള സ്രോതസുകളുടെ വിവരശേഖരണം നടത്തി പരിശോധിച്ച‌് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. 
തദ്ദേശസ്വയംഭരണം, ജലം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ‌് പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നത‌്.
പ്രധാന വാർത്തകൾ
 Top