18 August Sunday
ജനസമക്ഷം

ഡോ. പി കെ ബിജു

സിജി ഗോവിന്ദ‌്Updated: Saturday Apr 13, 2019
ചേലക്കര 
കണിക്കൊന്നയും ആരതിയും ദഫ‌് മുട്ടും –-സ്വീകരണത്തിന്റെ കെട്ടും മട്ടും അത്യാഹ്ലാദത്തിന്റേതായിരുന്നു. ഡോ. പി കെ ബിജു അത്രയേറെ പ്രിയങ്കരനാണ‌് ചേലക്കരയ‌്ക്കെന്ന‌് ഓരോ സ്വീകരണകേന്ദ്രവും തെളിയിച്ചു. കുടിവെള്ള പദ്ധതികൾ, സ‌്കൂൾ വികസനം, വീട്ടിലെത്തുന്ന പെൻഷൻ–- ഇടതുപക്ഷത്തേയും ഇടതുപക്ഷ സ്ഥാനാർഥിയേയും നെഞ്ചിലേറ്റാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ട‌്. എൽഡിഎഫ‌്സ്ഥാനാർഥി ഡോ. പി കെ ബിജുവിന്റെ ചേലക്കരയിലെ  മൂന്നാംഘട്ടപര്യടനം ജനം ആഘോഷമാക്കി. 
കോഴിക്കുന്നിൽ അറുപത്തിരണ്ടുകാരി കാളി കണിത്താലം സമ്മാനിച്ചത‌്   പെൻഷൻ വീട്ടിലെത്തിച്ചു നൽകുന്നതിന്റെ നന്ദിയർപ്പിക്കലായിരുന്നു. വേട്ടാണത്ത് ഞെട്ടണി കോളനിയിലെ കെ എം അയ്യപ്പനും എ സി അയ്യപ്പനും ആവേശനൃത്തം ചവിട്ടിയാണ‌് സ്വാഗതമരുളിയത‌്. പലേടത്തും പഴക്കൂടകൾ, കരിക്ക‌്, പൂവർഷം. 
രാവിലെ മുള്ളൂർക്കര പഞ്ചായത്തിലെ ചെറുങ്കോണത്തുനിന്നും പര്യടനത്തിന് തുടക്കമിട്ടു.വർധിച്ച സ്ത്രീപങ്കാളത്തം എല്ലാ കേന്ദ്രങ്ങളിലും ശ്രദ്ധേയമായി. അവർ ഹാരാർപ്പണം നടത്തിയും കണിത്താലമേന്തിയും സ്വീകരിച്ചു. 
പാറപ്പുറം സ്വീകരണത്തിൽ ഒന്നര വയസ്സുകാരിയായ അമയയായിരുന്നു ശ്രദ്ധാകേന്ദ്രം. കൊല്ലംമാക്കിൽ എല്ലാവരുടേയും കൈയിൽ  കണിക്കൊന്ന.  വരവൂരിൽ വൻ ജനാവലി ഡോ. പി കെ ബിജുവിനെ കാത്തുനിന്നു. നിലംപതി കഴിഞ്ഞ‌്എട്ടാംമാറ്റിലെത്തിയപ്പോൾ പത്തരമാറ്റ് വരവേല്പ്. ഇട്ടോണത്തും മോശമാക്കിയില്ല.ദേശമംഗലം പഞ്ചായത്തിലെ ആദ്യ സ്വീകരണ കേന്ദ്രമായ മേലേ തലശേരിയിൽ പി കെ ബിജു വെള്ളരിപ്രാവിനെ പറത്തിവിട്ടാണ് മടങ്ങിയത്. ഇവിടെ സ്ഥാനാർഥിക്ക് ആലിക്കൽ മൊയ്തീൻകുട്ടി ഒരു കൂട ഫലവർഗങ്ങൾ നൽകി. 
പല്ലൂരിൽ ഉച്ചവെയിലിന്റെ കാഠിന്യത്തിൽ വന്നിറിങ്ങിയ സ്ഥാനാർഥിക്ക് നാരായണൻനായർ ഒരു കരിക്കിൻകുല നൽകി. ഊറോലിൽ ദേശമംഗലം 25–--ാം ബൂത്ത് കമ്മിറ്റി നൽകിയത് അരിവാൾ ചുറ്റിക നക്ഷത്രത്തിന്റെ മാതൃക. പല്ലൂർ നമ്പ്രത്ത് മുഹമ്മദ് ഹാജി, കെ എം ഹംസ എന്നിവർ ഇളനീർ നൽകി സ്വീകരിച്ചു. പിന്നീട് സ്ഥാനാർഥിയെ വരവേറ്റത് ഒലിച്ചിമുതൽ ആറ്റുപുറംവരെ ഒരു കീലോമീറ്ററോളം ദൈർഘ്യമുള്ള ചുവരെഴുത്താണ്. വള്ളത്തോൾ നഗർ പഞ്ചായത്തിലെ കിഴക്കുമുറി ഒന്നാംമൈലിൽ തമിഴ് സംസ്കാരം പ്രതിഫലിക്കുന്നവിധത്തിൽ ആരതി ഉഴിഞ്ഞ് എതിരേറ്റത് വ്യത്യസ്ത അനുഭവമായി. ഒന്നാംമൈൽ ബാലസംഘം യൂണിറ്റ് അംഗങ്ങൾ നടത്തിയ ദഫ് മുട്ടും വേറിട്ടതായി.  
വള്ളത്തോൾനഗറിലെ മൂന്നു സ്വീകരണത്തിനുശേഷം ഉച്ചഭക്ഷണം ചെറുതുരുത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ‌് മുഹമ്മദ് ഷെറീഫുദ്ദീന്റെ വീട്ടിൽ. 
അതിനുശേഷം പാഞ്ഞാൾ, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ,  ചേലക്കര പഞ്ചായത്തുകളിലൂടെ ഗ്രാമീണതയുടെ ഹൃദയവികാരങ്ങളേറ്റുവാങ്ങി പര്യടനം തുടർന്നു. 73 കേന്ദ്രങ്ങളിലും  വെയിലും ചൂടും കാത്തിരിക്കുന്നവരുടെ ആവേശം ചോർത്തിയില്ല. ചേലക്കര പഞ്ചായത്തിലെ വെങ്ങാനെല്ലൂർ പടിഞ്ഞാറ്റുമുറിയിൽ  സമാപനമാകുമ്പോൾ സമയം ഏതാണ്ട‌് രാത്രി ഒമ്പത‌്.
യു ആർ പ്രദീപ് എംഎൽഎ , സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളി, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എ ബാബു, കെ പി രാധാകൃഷ്ണൻ, കെ വി നഫീസ,സിപിഐ എം ചേലക്കര ഏരിയ സെക്രട്ടറി കെ കെ മുരളീധരൻ,ഘടകകക്ഷി നേതാക്കളായ അരുൺ കാളിയത്ത്,  എം ആർ സോമനാരായണൻ, കെ വി സോളമൻ, പി എ ഇബ്രാഹിം, സി യു അബൂബക്കർ, പി ജി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അനുഗമിച്ചു. എം സുലൈമാൻ, കെ എം അഷറഫ്, ടി ജെ അഭിനവ്, വിപിൻദാസ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top