23 January Wednesday

ഭാരതപ്പുഴ പുനരുജ്ജീവനം: ജലസമൃദ്ധിക്ക് തടമൊരുക്കലാകും

വേണു കെ ആലത്തൂർUpdated: Tuesday Feb 13, 2018

നീർച്ചാലായ ഭാരതപ്പുഴ

പാലക്കാട് > ഭാരതപ്പുഴയെ പുനരുജ്ജീവിപ്പിച്ച് മാലിന്യമുക്തമാക്കാനും സ്വാഭാവിക നീരുറവകളെ സംരക്ഷിച്ച് ഒഴുക്ക് സുഗമമാക്കാനും ജില്ലാ പഞ്ചായത്ത് നടത്തുന്ന ശ്രമം ജില്ലയുടെ ജലസമ്പത്ത് വീണ്ടെടുക്കാനുള്ള ജനകീയ ഇടപെടലാകും. സംസ്ഥാന സർക്കാറിന്റെ ഹരിത കേരള മിഷനിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ മാസ്റ്റർപ്ലാനിന് ലോകജലദിനമായ മാർച്ച് 22ന് അന്തിമ രൂപമാകും. 
    ഭാരതപ്പുഴ ഒഴുകുന്ന മൂന്ന് ജില്ലകളിലെ ജനപ്രതിനിധികളും മിഷൻ പ്രവർത്തകരും സന്നദ്ധസംഘടനാ പ്രവർത്തകരും ഒത്തുചേരുന്ന യോഗത്തിൽ പദ്ധതി പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങും. ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത ഭാരതപ്പുഴ പുനരുജ്ജീവനപദ്ധതിയുടെ ഭാഗമായുള്ള ശിൽപ്പശാലകൾ നടന്നുവരുന്നു. വൻ ജനപങ്കാളിത്തത്തോടെ, രാഷ്ട്രീയ കക്ഷിഭേദമില്ലാതെ എല്ലാവരുടെയും സഹകരണത്തോടെയാണ് പദ്ധതി പ്രാവർത്തികമാക്കുക. ഭാരതപ്പുഴ പുനരുജ്ജീവനം എന്നാൽ ജില്ലയിലെ മുഴുവൻ ജലസോതസ്സുകളുടെയും വീണ്ടെടുക്കലാണ്. അടുത്ത നാലുവർഷത്തിനകം ഭാരതപ്പുഴയുടെ പ്രതാപം വീണ്ടെടുക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി പറഞ്ഞു. 
കേരളത്തിൽക്കൂടി ഒഴുകുന്ന 44 നദികളിൽ നദീതടവിസ്തൃതിയിൽ ഒന്നാംസ്ഥാനത്തും ദൈർഘ്യത്തിൽ രണ്ടാം സ്ഥാനത്തുമാണ് ഭാരതപ്പുഴ. ഏറെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്ന, 'നിള' എന്ന് അറിയപ്പെടുന്ന ഭാരതപ്പുഴയുടെ തടവിസ്തൃതി 3852.04 ചതുരശ്ര കിലോമീറ്ററാണ്. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ, ജൈവ വൈവിധ്യത്തിന് പേരുകേട്ട പശ്ചിമഘട്ട മലനിരകളായ ആനമല കുന്നുകളിൽനിന്ന് ഉത്ഭവിച്ച്, തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലൂടെയും കേരളത്തിൽ പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലൂടെയും 209 കിലോമീറ്റർദൂരം ഒഴുകി പൊന്നാനിക്കടുത്ത് അറബിക്കടലിൽ സംഗമിക്കുന്നു. 
പാലക്കാട് ജില്ലയിൽ ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ(ചിറ്റൂർ പുഴ), കൽപ്പാത്തി പുഴ, തൂതപ്പുഴ എന്നീ നാല് കൈവഴികളുമുണ്ട്. മംഗലംപുഴ, അയിലൂർ പുഴ, വണ്ടാഴിപ്പുഴ, മീങ്കര, ചുള്ളിയാർ എന്നീ ഉപനദികൾ ചേർന്നുണ്ടാകുന്ന ഗായത്രിപ്പുഴ മായന്നൂരിൽവച്ചാണ് ഭാരതപ്പുഴയിൽ ചേരുന്നത്. പാലാർ, ഉപ്പാർ, ആളിയാർ  എന്നീ ഉപനദികൾ സംഗമിച്ചുണ്ടാകുന്ന കണ്ണാടിപ്പുഴ(ചിറ്റൂർ പുഴ)പറളയിൽവച്ചാണ് ഭാരതപ്പുഴയിൽ ലയിക്കുന്നത്. കരിമ്പുഴ, കാഞ്ഞിരപ്പുഴ, നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നീ ഉപനദികൾ ചേർന്ന് തൂതപ്പുഴയായി പരുതൂർ പഞ്ചായത്തിലെ പള്ളിപ്പുറത്തിനു സമീപത്തുവച്ചാണ് ഭാരതപ്പുഴയിൽ സംഗമിക്കുന്നത്. കോരയാർ, വരട്ടാർ, വാളയാർ, മലമ്പുഴ എന്നിവ ചേർന്ന് രൂപംകൊള്ളുന്ന കൽപ്പാത്തിപ്പുഴ പറളയിൽവച്ച് ഭാരതപ്പുഴയുമായി സംഗമിക്കുന്നു.
 സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചനപദ്ധതിയായ മലമ്പുഴ അണക്കെട്ട് കൽപ്പാത്തിപ്പുഴയുടെ ആരംഭ വൃഷ്ടിപ്രദേശത്താണ് സ്ഥാപിച്ചിരിക്കുന്നത്. നിത്യഹരിതവനമായ സൈലന്റ് വാലിയും ഊഷരഭൂമിയായ വാളയാർ ചുരവും ഭാരതപ്പുഴ തടങ്ങളുടെ ഭാഗമാണ്. ഒമ്പത് തടങ്ങ ളുള്ള ഈ നദിയുടെ എല്ലാ തടവും വ്യത്യസ്ത ജനവിഭാഗങ്ങളെ ഉൾക്കൊള്ളുന്നതാണെന്ന പ്രത്യേകതയുമുണ്ട്. 
ഭാരതപ്പുഴയെ വീണ്ടെുക്കുക എന്നാൽ പാലക്കാട് ജില്ലയ്ക്ക് പുതുജീവൻ നൽകുക എന്നാണ്. ഭാരതപ്പുഴയുടെ കൈവഴികളും പോഷകനദികളും ഇതിലൂടെ സംരക്ഷിക്കപ്പെടും. 
ഇതോടെ ജലസ്രോതസ്സുകളും വീണ്ടെടുക്കാനാകും. പദ്ധതിപ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പദ്ധതിവിഹിതം നീക്കിവയ്ക്കുന്നതോടെ സംസ്‌കാരസമ്പന്നമായ നിളാനദിയുടെ വീണ്ടെടുക്കലിന് സാധ്യത തുറക്കും. 

 

പ്രധാന വാർത്തകൾ
 Top