കോളോട് വാർഡ് എൽഡിഎഫ് നിലനിർത്തി
പാലക്കാട്
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കൊടുവായൂർ പഞ്ചായത്തിലെ കോളോട് (13) വാർഡ് എൽഡിഎഫ് നിലനിർത്തി. ജില്ലയിൽ മൂന്നിടത്തായിരുന്നു ഉപതെരഞ്ഞെടുപ്പ്. തച്ചമ്പാറ പഞ്ചായത്തിലെ കോഴിയോട്(നാല്), ചാലിശേരി പഞ്ചായത്തിലെ മെയിൻ റോഡ് (9) എന്നിവയിൽ യുഡിഎഫ് വിജയിച്ചു.
കോളോട് വാർഡിൽ എൽഡിഎഫിലെ എ മുരളീധരൻ 108 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എ മുരളീധരൻ 535 വോട്ട് നേടിയപ്പോൾ ബിജെപിയിലെ എൻ രാജശേഖരൻ 427 വോട്ടും യുഡിഎഫിലെ കെ മുരളീധരൻ 145 വോട്ടും നേടി. ആകെയുള്ള 1259 ൽ 1119 പേർ വോട്ടുചെയ്‌തു. 18 അംഗ പഞ്ചായത്തിൽ എൽഡിഎഫിന് 12 ഉം യുഡിഎഫിനും ബിജെപിക്കും മൂന്നുവീതവും അംഗങ്ങളാണുള്ളത്.
ചാലിശേരി ഒമ്പതാം വാർഡ് യുഡിഎഫ് നിലനിർത്തി. കെ സുജിത 104 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം നിലനിർത്താൻ യുഡിഎഫിനായി. 1283 വോട്ടർമാരിൽ 952 പേർ വോട്ടുചെയ്‌തു. കെ സുജിതയ്ക്ക് 479 വോട്ടും എൽഡിഎഫിലെ സന്ധ്യ സുനിൽകുമാറിന് 375 വോട്ടും ബിജെപിയിലെ ഷിബിനയ്ക്ക് 98 വോട്ടും ലഭിച്ചു.
തച്ചമ്പാറ പഞ്ചായത്തിലെ കോഴിയോട് വാർഡിൽ 28 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിലെ അലി തേക്കത്തിന്റെ വിജയം. പോൾ ചെയ്‌ത 976വോട്ടിൽ അലി തേക്കത്തിന് 482 ഉം എൽഡിഎഫിലെ ചാണ്ടി തുണ്ടുമണ്ണിലിന് 454 ഉം ബിജെപിയിലെ രവീന്ദ്രന് 40 വോട്ടും ലഭിച്ചു. 15 അംഗ ഭരണസമിതിയിൽ യുഡിഎഫിന് എട്ടും എൽഡിഎഫിന് ഏഴും അംഗങ്ങളായി.
0 comments