Deshabhimani

ഓണം സ്‌പെഷ്യൽ ഡ്രൈവ്‌ ഡബിൾ സ്‌ട്രോങ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2024, 11:22 PM | 0 min read

 പാലക്കാട്

ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഒരുമാസത്തിനിടെ ജില്ലയിൽ പിടികൂടിയത്‌ 1,518 ലിറ്റർ സ്‌പിരിറ്റും 41.119 കിലോ കഞ്ചാവും. മെത്താംഫിറ്റമിനും പുകയില ഉൽപ്പന്നങ്ങളുമടക്കം വൻതോതിൽ ലഹരിവസ്‌തുക്കൾ കണ്ടെടുത്തിട്ടുണ്ട്‌. എക്‌സൈസ്‌ വകുപ്പുമാത്രം 1,087 പരിശോധനയും മറ്റ്‌ വകുപ്പുകളുമായി ചേർന്ന് 34 പരിശോധനയും നടത്തി. 151 അബ്‌കാരി കേസും 43 മയക്കുമരുന്ന് കേസും രജിസ്‌റ്റർ ചെയ്‌തു. 159 പേരെ അറസ്റ്റ്‌ ചെയ്‌തു. 13 വാഹനം കസ്റ്റഡിയിലെടുത്തു.
അബ്കാരി കേസുകളിൽ സ്പിരിറ്റിനുപുറമേ 618.250 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 9.1 ലിറ്റർ ബിയർ, 17.5 ലിറ്റർ ചാരായം, 49.730 ലിറ്റർ ഇതര സംസ്ഥാന മദ്യം, 5,793 ലിറ്റർ വാഷ്‌, 1,492 ലിറ്റർ കള്ള്‌ എന്നിവയും പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിൽ കഞ്ചാവിനുപുറേമേ 435  കഞ്ചാവുചെടിയും 1.76 ഗ്രാം മെത്താംഫിറ്റമിനും പിടികൂടി. പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് 757 കോട്‌പ കേസ്‌ രജിസ്‌റ്റർ ചെയ്‌തു. 152.269 കിലോഗ്രാം പുകയില ഉൽപ്പന്നം പിടിച്ചെടുത്തു. 1,294 കള്ളുഷാപ്പിലും 58 ബാറിലും നടത്തിയ പരിശോധനയിൽ 302 കള്ള് സാമ്പിളുകളും 36 ഇന്ത്യൻ നിർമിത വിദേശമദ്യ സാമ്പിളും ശേഖരിച്ചു. 669 കള്ളുചെത്ത് തോപ്പിലും പരിശോധന നടത്തി.
    ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യം ഉണ്ടാക്കൽ, മദ്യവിൽപ്പന, വ്യാജവാറ്റ്, മയക്കുമരുന്നുകടത്ത് എന്നിവ തടയുന്നതിന് ആഗസ്‌ത്‌ 14ന്‌ തുടങ്ങിയ സ്‌പെഷ്യൽ ഡ്രൈവ്‌ സെപ്‌തംബർ 20 വരെ തുടരും. ഡ്രൈവിന്റെ ഭാഗമായി ചിറ്റൂരിലെ തമിഴ്നാട് അതിർത്തി റോഡുകളിൽ പ്രത്യേക പട്രോളിങ്ങിന്‌ എക്‌സൈസിന്റെ മൊബൈൽ യൂണിറ്റ്, ദേശീയപാതയിലെ വ്യാജ കടത്ത് തടയാൻ രൂപീകരിച്ച പ്രത്യേക ഹൈവേ പട്രോളിങ് യൂണിറ്റ് എന്നിവയുടെ പ്രവർത്തനം ശക്തിപ്പെടുത്തി. മൂന്നു മേഖലയായി തിരിച്ച സ്ട്രൈക്കിങ് ഫോഴ്സ് –ഒന്ന്‌ (ഒറ്റപ്പാലം, മണ്ണാർക്കാട്), സ്ട്രൈക്കിങ് ഫോഴ്സ് –രണ്ട്‌ (പാലക്കാട്, ചിറ്റൂർ, ആലത്തൂർ), സ്ട്രൈക്കിംഗ് ഫോഴ്സ് – ത്രീ (അട്ടപ്പാടി) എന്നിങ്ങനെ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ മൂന്ന്‌ പ്രത്യേക പട്രോളിങ് സംഘവുമുണ്ട്‌. കൂടാതെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ജില്ലാ സ്പെഷ്യൽ ടീമും (മിന്നൽ സ്ക്വാഡ്) പ്രവർത്തിക്കുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home