23 September Wednesday

റമീസിനെ തെളിവെടുപ്പിന് എത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

വാളയാർ 

സ്വർണക്കടത്ത്‌ കേസിലെ പ്രതി പെരിന്തൽമണ്ണ സ്വദേശി കെ ടി റമീസിനെ എൻഐഎയുടെ പക്കൽനിന്ന്‌ മ്ലാവിനെ വേട്ടയാടിയ കേസിൽ വനംവകുപ്പ്‌ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ്‌ നടത്തി. സംഭവം നടന്ന കഞ്ചിക്കോടും ഡിഎഫ്ഒ ഓഫീസിലും എത്തിച്ചാണ് ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി, വാളയാർ റേഞ്ച് ഓഫീസർ കെ പി ജിൽജിത്ത് എന്നിവരടങ്ങിയ സംഘം തെളിവെടുപ്പ് നടത്തിയത്. മുഖ്യസൂത്രധാരനും മ്ലാവുകളെ വെടിവച്ച്‌ പിടികൂടിയതും റമീസാണെന്നും സ്ഥിരീകരിച്ചു. 2014 ജൂലൈയിൽ പുതുശേരി കോങ്ങാട്ടുപാടത്ത് മ്ലാവുകൾ വെടിയേറ്റ് ചത്ത കേസിലാണ് റമീസിനെ അറസ്റ്റ് ചെയ്‌തത്‌. പോസ്റ്റ്മോർട്ടത്തിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. അന്ന് അറസ്റ്റിലായ കോങ്ങോട്ടുപാടം സ്വദേശി രാജീവ്, കഞ്ചിക്കോട് ഹിൽവ്യൂ നഗർ കൊട്ടാംപാറ ദുരൈസ്വാമി, ചടയൻകാലായി ഉമ്മിണികുളം സി ജയകുമാര് എന്നിവർ നൽകിയ മൊഴിയാണ് റമീസിലേക്ക് അന്വേഷണമെത്തിയത്. എന്നാൽ അന്വേഷണം തുടങ്ങിയ ഉടൻ റമീസ് രക്ഷപ്പെട്ടു. വിദേശത്തേക്ക് മുങ്ങിയതായി സംശയമുയർന്നതിനെത്തുടർന്ന് റമീസ് വന്നാൽ വിവരം അറിയിക്കണമെന്നാവശ്യപ്പെട്ട് എമിഗ്രേഷനിൽ കത്ത്‌ നൽകിയിരുന്നു. ആറുമാസംമുമ്പ്‌ റമീസ് കീഴടങ്ങാമെന്ന് വനംവകുപ്പിനെ അറിയിച്ചെങ്കിലും അതുണ്ടായില്ല. പ്രതിയെ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കി ബുധനാഴ്‌ച എൻഐഎക്ക് കൈമാറുമെന്ന് ഡിഎഫ്ഒ അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top