25 August Sunday

വരൾച്ചയെ ഇനി വരുതിയിലാക്കാം

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019
പാലക്കാട‌്
ജലശക്തി അഭിയാൻ പദ്ധതിയിലുൾപ്പെട്ട ചിറ്റൂർ, മലമ്പുഴ ബ്ലോക്കുകളിലെ ജലസംരക്ഷണ പ്രവർത്തനം വിലയിരുത്താൻ കേന്ദ്രസംഘം ജില്ലയിലെത്തി. ബ്ലോക്കുതല ചീഫ് നോഡൽ ഓഫീസർ രമൺദേവ് ചൗധരിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘമാണ് ജില്ലയിലെത്തിയത്. 
മലമ്പുഴ, ചിറ്റൂർ ബ്ലോക്കുകളിലെ 13 പഞ്ചായത്തുകളിലും കിണർ റീചാർജിങ‌് നടപ്പാക്കും. ഇതിന്റെ ഗുണഭോക്തൃ ലിസ്റ്റ് ഉടൻ തയ്യാറാക്കും. ജലസംരക്ഷണവും മഴവെള്ളക്കൊയ്ത്തും, പരമ്പരാഗത ജലാശയങ്ങളുടെ നവീകരണം, കുഴൽക്കിണർ റീചാർജിങ‌്, വാട്ടർഷെഡ് ഡെവലപ്‌മെന്റ്, വനവൽക്കരണം എന്നിവയിലുൾപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഫോട്ടോ സഹിതം ദിവസേന റിപ്പോർട്ട് ചെയ്യണം. വകുപ്പുകൾ റിപ്പോർട്ട് തയ്യാറാക്കി ജില്ലാ പ്ലാനിങ‌് ഓഫീസർക്ക‌് നൽകണം. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ചെയ്യുന്ന പ്രവർത്തനങ്ങൾ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം വഴി പരിശോധിക്കും. 
സെപ്തംബർ 15 വരെയുള്ള പ്രവർത്തനങ്ങൾ പരിശോധിച്ച് രാജ്യത്തെ മികച്ച ജലസംരക്ഷണ മാർഗങ്ങൾ നടപ്പാക്കുന്ന അഞ്ച് ജില്ലകളെയും പ്രവർത്തനത്തിൽ ഏറ്റവും പിന്നിലുള്ള അഞ്ച് ജില്ലകളെയും പ്രഖ്യാപിക്കും. ജലസംരക്ഷണത്തിന‌് ചെയ്ത പ്രവൃത്തികൾക്ക് പദ്ധതിയുടെ 60 ശതമാനം, പദ്ധതിയുടെ പ്രാധാന്യവും സന്ദേശവും ജനങ്ങളിലെത്തിക്കുന്നതിന് 20 ശതമാനം, പൊതുവായുള്ള തയ്യാറെടുപ്പുകൾക്ക് 20 ശതമാനം എന്നീ മാനദണ്ഡപ്രകാരമാണ് വിലയിരുത്തുക. 
തൊഴിലുറപ്പ് പദ്ധതി, പിഎംകെഎസ‌്‌വൈ വനവൽക്കരണത്തിനുള്ള സംസ്ഥാന സർക്കാർ ഫണ്ട്, നബാർഡ് എന്നിവയിൽനിന്നുള്ള ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. കേന്ദ്രസംഘം മൂന്ന‌് തവണയായി ജില്ല സന്ദർശിച്ച് ജൂലൈ മുതൽ സെപ്തംബർ വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തും. 
പദ്ധതിയുടെ പ്രചാരണത്തിന‌് ഓരോ പഞ്ചായത്തിനും 10,000 രൂപ വീതം ചെലവഴിക്കാം. പ്ലാൻ ഫണ്ടിൽനിന്ന‌് ഈ തുക ഉപയോഗിക്കാം.
അതീവവരൾച്ചാ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ള ചിറ്റൂർ പ്രദേശത്ത് ഭൂപ്രകൃതിക്ക് അനുയോജ്യമായ മരങ്ങൾ നട്ടുപിടിപ്പിക്കും. സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെയാണ‌് പദ്ധതി നടപ്പാക്കുക. വിവിധ വകുപ്പുകൾ നടപ്പാക്കുന്ന ജലസംരക്ഷണ മാർഗങ്ങൾ ഉദ്യോഗസ്ഥരിൽനിന്ന‌് നേരിട്ട് ചോദിച്ചറിഞ്ഞ കേന്ദ്രസംഘം മികച്ച ജലസംരക്ഷണ മാർഗങ്ങൾ നടപ്പാക്കാൻ  ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 
കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കലക്ടർ ഡി ബാലമുരളി അധ്യക്ഷനായി. ജലശക്തി അഭിയാൻ ടെക‌്നിക്കൽ അംഗം സിങ്കദുരൈ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ–-ഓഡിനേറ്റർ സി എസ് ലതിക, ജില്ലാ പ്ലാനിങ‌് ഓഫീസർ ഏലിയാമ്മ നൈനാൻ എന്നിവർ സംസാരിച്ചു.  
 
സംഘം ഇന്ന് ചിറ്റൂരിൽ
കേന്ദ്രസംഘം വെള്ളിയാഴ‌്ച പകൽ 10 മുതൽ 12 വരെ ചിറ്റൂർ ബ്ലോക്ക് ഓഫീസ് ഹാളിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. പകൽ 1.30 മുതൽ രണ്ടുവരെ വടകരപ്പതി പഞ്ചായത്തിലെ ദഫേദാർ ചള്ള, 2.45 മുതൽ മൂന്നുവരെ നല്ലേപ്പിള്ളി പഞ്ചായത്തിലെ ചുങ്കത്തുകുളം, 3.30 മുതൽ നാലുവരെ പെരുമാട്ടി പഞ്ചായത്തിലെ കമ്പളത്തറ ഏരി, വൈകിട്ട് 4.45 മുതൽ 5.15 വരെ പട്ടഞ്ചേരി പഞ്ചായത്തിലെ മുട്ടിച്ചിറ വാട്ടർഷെഡ് നവക്കോട് മിച്ചഭൂമി കുളം എന്നിവിടങ്ങൾ  സന്ദർശിക്കും.
 
പ്രധാന വാർത്തകൾ
 Top