18 June Tuesday

വനപാലകർ പട്രോളിങ‌് തുടരുന്നു: മദയാനയും കാടുകയറി

സ്വന്തം ലേഖകൻUpdated: Wednesday Jun 12, 2019

പാലക്കാട‌്

രണ്ടു ദിവസമായി കാട്ടുകൊമ്പന്മാരെ കാണാത്തതിനാൽ കൊട്ടേക്കാട‌്, പടലിക്കാട‌്, ആറങ്ങോട്ടുകുളമ്പ‌്, പന്നിമട നിവാസികൾ ആശ്വാസത്തിലാണ‌്. ഒരു മാസത്തിലേറെയായി നാടുവിറപ്പിച്ച ആനകൾ കാടുകയറിയെന്നാണ‌് കരുതുന്നത‌്‌. 

ഞായറാഴ‌്ച കൊമ്പന്മാരിലൊന്നിനെ വനപാലകരും നാട്ടുകാരും ചേർന്ന‌് അയ്യപ്പൻമലയിലേക്ക‌് കയറ്റിയിരുന്നു. മദയാനക്കൊപ്പമുണ്ടായിരുന്ന കൊമ്പനാണിത‌്. എന്നാൽ മദയാന നാട്ടിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ‌് കരുതിയത‌്. തേക്കിൻകാട്ടിലോ അടിക്കാടുകളിലോ ആനയുണ്ടാകാമെന്ന നിഗമനത്തിൽ വനപാലകർ പരിസരത്ത‌് പരിശോധന നടത്തി. രണ്ടു ദിവസമായി ആനയെ ആരും കണ്ടിട്ടില്ല. പരിശോധനയിൽ കാൽപ്പാടുകളും കണ്ടെത്താൻ കഴിഞ്ഞില്ല. കാടുകയറിയ കൊമ്പനൊപ്പം മദയാനയും കാട്ടിലേക്ക‌് മടങ്ങിയെന്നാണ‌് നിഗമനമെന്ന‌് ബീറ്റ‌് ഫോറസ്റ്റ‌് ഓഫീസർ പ്രസന്നകുമാർ പറഞ്ഞു. 

വേനൽ അവസാനിച്ചതോടെ ആനകൾ ഇനി തിരിച്ചിറങ്ങില്ലെന്നാണ‌് കരുതുന്നത‌്. ഇതോടെ നാട്ടുകാരുടെ പേടിയുടെ നാളുകൾ ഒഴിയുകയാണ‌്. 

ഏക്കറുകണക്കിന‌് കൃഷിയാണ‌് ആനകൾ നശിപ്പിച്ചത‌്. വീടുകൾക്ക‌് നേരെയും അക്രമം ഉണ്ടായി. തെങ്ങ‌്, വാഴ തുടങ്ങിയവയെല്ലാം നശിപ്പിച്ചു. മുളച്ചു തുടങ്ങിയ നെൽച്ചെടികളും ആനകളുടെ ചവിട്ടേറ്റ‌് നശിച്ചു. നാട്ടിലിറങ്ങിയ കൊമ്പന്മാരിൽ ഒന്നിന‌് മദപ്പാടുള്ളതായി സ്ഥിരീകരിച്ചതോടെ ഇരട്ടി ആശങ്കയിലായിരുന്നു നാട്ടുകാർ. 

പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ഓടിക്കുമ്പോൾ ആന തിരിച്ച‌് ആക്രമിക്കും. മദപ്പാടുള്ള ആനകൾ സാധാരണ നാട്ടിലേക്ക‌് എത്താറില്ലാത്തതിനാൽ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ വനംവകുപ്പ‌് ഉദ്യോഗസ്ഥർക്കും ധാരണ ഇല്ലായിരുന്ന‌ു. 

ആനകളെ തുരത്തുന്നതിനിടെ ഒരു വാച്ചർ കൊല്ലപ്പെട്ടു. ആനകൾ കാടുകയറിയതോടെ ആശ്വാസത്തിലാണ‌് നാട്ടുകാർ. അതേ സമയം വനപാലകർ പട്രോളിങ‌് തുടരുന്നുണ്ട‌്.

മഴ ശക്തമായാൽ വയനാട്ടിൽനിന്ന‌് രണ്ട‌് കുങ്കിയാനകളെത്തും. പിന്നീട‌് കുങ്കിയെ  ഉപയോഗിച്ചായിരിക്കും കാട്ടാനകളെ തുരത്തുക.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top